ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കേണ്ടത് : ജയ്ഷായെ പ്രതിരോധിച്ച് ആര്‍എസ്എസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കേണ്ടത് : ജയ്ഷായെ പ്രതിരോധിച്ച് ആര്‍എസ്എസ്

ഭോപ്പാല്‍: ബിജെപി അധികാരത്തിലേറിയ ശേഷം ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവില്‍ അവിശ്വസനീയമായ വളര്‍ച്ചയുണ്ടായെന്ന ആരോപണത്തില്‍ നിലപാടു വ്യക്തമാക്കി ആര്‍എസ്എസ് രംഗത്ത്.

ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടാവണമെന്നും എന്നാലേ അന്വേഷണത്തിന് അര്‍ഥമുണ്ടാവൂ എന്നും ആര്‍എസ് എസ് അറിയിച്ചു. ഭോപ്പാലില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബേലയാണ് മാധ്യമങ്ങളോട് ആര്‍എസ്എസിന്റെ നിലപാട്‌ വ്യക്തമാക്കിയത്.'ആര്‍ക്കെങ്കിലും എതിരേ അഴിമതി ആരോപണമുണ്ടായാല്‍ അത് തീര്‍ച്ചയായും അന്വേഷിക്കപ്പെടണം. പക്ഷെ ആരോപണത്തില്‍ തെറ്റ് ചെയ്തു എന്നതിന്റെ പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടായിരിക്കണം', ഹൊസബാലെ പറഞ്ഞു. ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷം കൊണ്ട് ജയ് ഷായുടെ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ വിറ്റുവരവ് 16,000 മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ദി വയ്ര്‍ എന്ന ഓണ്‍ലൈന്‍ പത്രമാണ്  ആദ്യം പുറത്തുവിട്ടത്. 2013, 2014 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 6,230 രൂപയുടെയും 1,724 രൂപയുടെയും നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 ല്‍ 5,796 രൂപ ഇന്‍കം ടാക്‌സ് റിട്ടേണായി കമ്പനിക്ക് ലഭിച്ചു. 2014-15 കാലയളവില്‍ റവന്യൂ വരുമാനം 50,000 രൂപയും ലാഭം 18, 728 രൂപയുമായി. എന്നാല്‍ 2015-16 കാലയളവില്‍ ടെംപിള്‍ എന്റര്‍പ്രൈസസിന്റെ റവന്യൂ 80.5 കോടിരൂപയായി ഉയര്‍ന്നു. അതായത് 16 ലക്ഷം ശതമാനം വളര്‍ച്ചയാണ് കമ്പനി ഒറ്റ വര്‍ഷം കൊണ്ട് നേടിയെടുത്തത്. രജിസ്റ്റര്‍ ഓഫ് കമ്പനീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ദി വയ്ര്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഒരു വര്‍ഷത്തിനിടെ  ടെമ്പിള്‍ എന്റര്‍പ്രൈസസ് കമ്പനിക്ക് ലഭിച്ച വായ്പയില്‍ 4,000 ശതമാനം വര്‍ധനവ് ഉണ്ടായതായി ദേശീയ മാധ്യമമായ എന്‍ഡിടിവി പിന്നീട് വാര്‍ത്ത നല്‍കിയിരുന്നു. 2013-14 കാലയളവില്‍ കമ്പനിക്ക് ലഭിച്ച വായ്പ 1.3 കോടി മാത്രമായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇത് 53.4 കോടി രൂപയായി ഉയര്‍ന്നു. 4,000 ശതമാനം വര്‍ധനവാണ് വായ്പയില്‍ ഉണ്ടായിരിക്കുന്നത്.

ബിജെപി ഭരണത്തിലേറിയ ശേഷം അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയുടെ വരുമാനം 16000 മടങ്ങ് വര്‍ധിച്ചുവെന്ന് ദി വയര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വയറിനെതിരെ 100കോടിയുടെ മാനനഷ്ടക്കേസാണ് ജയ്ഷാ നല്‍കിയത്.ജയ്ഷായുടെ കമ്പനിക്ക് ലഭിച്ച വായ്പകള്‍ സുതാര്യമാണെന്നും മുഴുവന്‍ പലിശയും നല്‍കി തിരിച്ചടവ് നടത്തിയിട്ടുണ്ടെന്നും ബിജെപിയെയും ജയ്ഷായെയും പ്രതിരോധിച്ച് ആര്‍എസ് എസ് വക്താവ് മാധ്യമങ്ങളോട് സംസാരിച്ചു.


LATEST NEWS