ശബരിമലയിൽ സ്‌ത്രീ പ്രവേശനം: വാദം കേൾക്കൽ ഇന്നും തുടരും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയിൽ സ്‌ത്രീ പ്രവേശനം: വാദം കേൾക്കൽ ഇന്നും തുടരും

ശബരിമലയിലെ സ്ത്രീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ ഇന്നും തുടരും. കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് ദേവസ്വം ബോര്‍ഡിന്‍റെ നീക്കം. പന്തളം രാജകുടുംബത്തിന്‍റെയും, തന്ത്രിയുടെയും വാദങ്ങൾ കൂടി ഇന്ന് സുപ്രീംകോടതി കേൾക്കും. 

 ശബരിമലയിൽ 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന തീരുമാനം വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നുമാണ് സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്. ഇത് വിവാദമായതോടെ ആ നിലപാട് തിരുത്തി എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെടാൻ ബോര്‍ഡ് യോഗം ചേര്‍ന്ന് തത്വത്തിൽ തീരുമാനിച്ചു.

എന്നാൽ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാൻ സത്യവാംങ്മൂലം തയ്യാറാക്കുന്നതടക്കം ഒരു നടപടിയും ഇതുവരെ ആയിട്ടില്ല. പുതിയ നിലപാട് അറിയിക്കാൻ കേസ് മാറ്റിവെക്കണം എന്നതാണ് ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം. അതിന് സാധിക്കില്ല എന്ന് ബോര്‍ഡിന്‍റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ അഭിഭാഷകരുടെ മറുപടി തള്ളി സമയം നീട്ടിച്ചോദിക്കണം എന്ന ആവശ്യത്തിൽ ബോര്‍ഡ് ഉറച്ചുനിൽക്കുകയാണ്. 

ശബരിമലയിൽ ഒരു വിഭാഗം സ്ത്രീകൾക്ക് മാത്രം പ്രവേശനം നിഷേധിക്കുന്നത് വിവേചനമാണെന്ന അഭിപ്രായമാണ് കേസിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി നടത്തിയത്. കേസിലെ ഇന്നത്തെ നടപടികൾ ദേവസ്വം ബോര്‍ഡിന് നിര്‍ണായകമാണ്.