ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി; 377-ാം വകുപ്പ് ഭേദഗതിയെ കുറിച്ച് സുപ്രീം കോടതിക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി; 377-ാം വകുപ്പ് ഭേദഗതിയെ കുറിച്ച് സുപ്രീം കോടതിക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ സാധുത ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളില്‍ സുപ്രിം കോടതിയുടെ വാദം കേള്‍ക്കല്‍ തുടരുന്നു. പ്രായപൂര്‍ത്തിയായവര്‍ ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്നും കോടതി പരാമര്‍ശിച്ചു.

അതേസമയം, സ്വവര്‍ഗരതി കുറ്റകരമായി കണക്കാക്കുന്ന 377-ാം വകുപ്പ് ഭേദഗതി ചെയ്യണമോയെന്ന കാര്യത്തില്‍ സുപ്രീം കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിച്ച്‌ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.നേരത്തെയുള്ള നിലപാടില്‍ നിന്ന് കേന്ദ്രം മലക്കം മറിഞ്ഞതോടെയാണ് തുഷാര്‍ മേത്ത ഈ പ്രസ്താവന നടത്തിയത്. 

ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസത്തെ വാദത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പങ്കാളി സ്വന്തം ലിംഗത്തില്‍പ്പെട്ടതോ, എതിര്‍ ലിംഗത്തിലുള്ളതോ ആകാമെന്നും കോടതി പറഞ്ഞിരുന്നു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാംവകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി മുമ്ബാകെയുള്ളത്.

377-ാം വകുപ്പ് നിയമവിരുദ്ധമാണെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2013 ഡിസംബറില്‍ ഈ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍, ആര്‍.എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.

കേസില്‍ വാദം തുടങ്ങിയ ഇന്നലെ 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത മാത്രമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വേര്‍പിരിയില്‍, ദത്തെടുക്കല്‍, നഷ്ടപരിഹാരം എന്നിവയും പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.