തെരഞ്ഞെടുപ്പിൽ മക്കളുടെ കാര്യത്തിനാണ് മുൻഗണന; ദയനീയ പരാജയത്തിൽ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെ വിമര്‍ശിച്ച് രാഹുൽ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തെരഞ്ഞെടുപ്പിൽ മക്കളുടെ കാര്യത്തിനാണ് മുൻഗണന; ദയനീയ പരാജയത്തിൽ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെ വിമര്‍ശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെ വിമര്‍ശിച്ച് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പി ചിദംബരം എന്നവര്‍ക്കെതിരെ രാഹുൽ രംഗത്തുവന്നത്. തെരഞ്ഞെടുപ്പിൽ മക്കളുടെ കാര്യത്തിനാണ് മുൻഗണന നൽകിയതെന്നാണ് രാഹുലിൻ്റെ വിമര്‍ശനം. പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ ഇടപെട്ട് ഇക്കാര്യം തുറന്നുപറഞ്ഞത്. 

ജോദ്പൂരിൽ നിന്ന് അശോക് ഗെഹ്ലോട്ടിൻ്റെ മകൻ വൈഭവ് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ 2.7 ലക്ഷം വോട്ടിന് പരാജയപ്പെട്ടു. എന്നാൽ ചിന്ദ്വാരയിൽ നിന്ന് കമൽനാഥിൻ്റെ മകൻ നകുൽ നാഥും ശിവഗംഗയിൽ നിന്ന് ചിദംബരത്തിൻ്റെ മകൻ കാര്‍ത്തി ചിദംബരവും വിജയിച്ചു. 

അതേസമയം തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുമെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിന്നു. എന്നാൽ മൻമോഹൻ സിങ്ങും പ്രിയങ്ക ഗാന്ധിയും രാഹുലിനെ പിന്തിരിപ്പിച്ചതായാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധി ഇപ്പോൾ രാജിവയ്ക്കുന്നത് പ്രവർത്തകർക്ക് നല്ല സന്ദേശം നൽകില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ഇനി മുന്നോട്ട് പാർട്ടി സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് തീരുമാനിക്കാൻ പ്രവർത്തക സമിതി രാഹുലിനെ ഏൽപിച്ചു.


LATEST NEWS