ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവരുമായി ഇന്നും ചർച്ച തുടരും; നിയമം പിൻവലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് സമരക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവരുമായി ഇന്നും ചർച്ച തുടരും; നിയമം പിൻവലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് സമരക്കാർ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്താന്‍, സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം വൈകുന്നേരം നാല് മണിക്ക് സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ചർച്ച ഫലം കാണാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ചർച്ച.

മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, ശാന്തന രാമചന്ദ്രന്‍ എന്നിവരാണ് സമരക്കാരുമായി ചർച്ച തുടരുന്നത്. എന്നാൽ സമരവേദി മാറ്റില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ചാല്‍ റോഡുകള്‍ തുറന്നുകൊടുക്കാമെന്നും, രണ്ട് മിനുറ്റിനുള്ളില്‍ സമരം അവസാനിപ്പിക്കാമെന്നും പ്രക്ഷോഭകര്‍ ഇന്നലെ അറിയിച്ചിരുന്നു.

സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിന് മുന്‍പ് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സമിതിയംഗങ്ങള്‍. പരിഹാരം കാണുന്നത് വരെയും ചര്‍ച്ച തുടരുമെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി. ഷഹീന്‍ബാഗ് സമര നായികമാരായ ആസിമ ഖാത്തൂവിനോടും ബില്ഖീസ് ഖാത്തൂവിനോടും സമിതിയംഗങ്ങള്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി കൊടും തണുപ്പിനെ അവഗണിച്ചും ഷഹീന്‍ബാഗിലെ അമ്മമാര്‍ ഇവിടെ സമരം ഇരിക്കുകയാണ്. ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. സ്ഥലത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നുവെന്നാരോപിച്ചാണ് ബിജെപി രംഗത്ത് വന്നത്. 

അതേസമയം, ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ് എന്ന ആരോപണം സമരക്കാര്‍ നിഷേധിച്ചു. റോഡിന്റെ പകുതിയോളം ഭാഗം സ്തംഭിപ്പിച്ച്‌ അവശ്യസേനങ്ങള്‍ അടക്കം തടസ്സപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം പോലീസിനാണെന്ന് സമരക്കാര്‍ ആരോപിച്ചു. സമരവേദി മാറ്റില്ല. സുപ്രിംകോടതിയല്ല, കേന്ദ്രസര്‍ക്കാരാണ് ചര്‍ച്ച നടത്തേണ്ടതെന്ന് വ്യക്തമാക്കിയ പ്രക്ഷോഭകര്‍ പൗരത്വ നിയമ ഭേദഗതിയിലുള്ള ആശങ്കകളും മധ്യസ്ഥ സംഘവുമായി പങ്കുവച്ചു. റോഡുകള്‍ തുറന്നു കൊടുക്കണമെന്ന ഹര്‍ജിയില്‍ തിങ്കളാഴ്ച വരെയാണ് സുപ്രിംകോടതി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.


LATEST NEWS