ശിവസേനക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ അമിത് ഷായേയും ദേവേന്ദ്ര ഫട്നാവിസിനേയും ആവശ്യമില്ല:  ഉദ്ധവ് താക്കറെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശിവസേനക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ അമിത് ഷായേയും ദേവേന്ദ്ര ഫട്നാവിസിനേയും ആവശ്യമില്ല:  ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ അമിത് ഷായേയും ദേവേന്ദ്ര ഫട്നാവിസിനേയും ആവശ്യമില്ലെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ചര്‍ച്ചക്കുള്ള വാതില്‍ ശിവസേന തുറന്നിട്ടു. ഇത്ര മോശം ആളുകളോട് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചെന്ന് ഓര്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ഇതുവരെ എന്‍.സി.പിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ഫട്നാവിസ് ശിവസേനക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പലതവണ ശ്രമിച്ചിട്ടും ഉദ്ധവ് താക്കറെ ചര്‍ച്ചക്ക് തയ്യാറായില്ലെന്നായിരുന്നു ഫട്നാവിസിന്‍റെ വിമര്‍ശനം. തങ്ങള്‍ക്ക് മുമ്പില്‍ പല സാധ്യതകളുമുണ്ടെന്ന ‌തെരഞ്ഞെടുപ്പിന് ശേഷമുള്ള ഉദ്ധവ് താക്കറെയുടെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്നും ഫട്നാവിസ് പറയുകയുണ്ടായി.  

'ഞാന്‍ കള്ളം പറഞ്ഞെന്നാണ് ഫഡ്നാവിസ് ആരോപിക്കുന്നത്. ഞ‌ങ്ങള്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല. അമിത് ഷായും ഫഡ്നാവിസും എന്നെ കാണാനാണ് വന്നത്. ഞാന്‍ അവരെ പോയി കണ്ടിട്ടില്ല. സ്ഥാനങ്ങള്‍ തുല്യമായി പങ്കിടണമെന്ന ആവശ്യം അമിത് ഷാ അംഗീകരിച്ചിരുന്നു. റൊട്ടേഷന്‍ പ്രകാരം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നും അമിത് ഷാ സമ്മതിച്ചതാണ്'- ഉദ്ധവ് താക്കറെ വ്യക്തമാക്കി. എന്നെ നുണയനെന്ന് വിളിച്ചവരുമായി സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ അനിശ്ചിതത്വം തുടരുകയാണ്. ശിവസേനയെ അനുനയിപ്പിക്കാന്‍ നിതിന്‍ ഗഡ്കരിയെ അയച്ച് ആര്‍.എസ്.എസ് അവസാനവട്ട ശ്രമം നടത്തിയെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല.