കശ്‌മീരിൽ സ്ഥിതിഗതി സാധാരണ നിലയിലല്ല: രാഹുൽ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കശ്‌മീരിൽ സ്ഥിതിഗതി സാധാരണ നിലയിലല്ല: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് വ്യക്തമായെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീരിലെത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തെ ഇവിടെ നിന്നും തിരിച്ചയച്ചിരുന്നു. തിരികെ ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

 കശ്മീരിലെ ജനങ്ങള്‍ എന്ത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തങ്ങൾക്ക് അറിയണമായിരുന്നു. പക്ഷെ വിമാനത്താവളത്തിന് പുറത്തേക്ക്തങ്ങളെ കടത്തിവിട്ടില്ല. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറുകയും അവരെ മർദ്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സ്വാഭാവികമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് രാഹുൽ പറഞ്ഞു.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യമായാണ് രാഹുല്‍ ഗന്ധി ജമ്മു കശ്മീരിലെത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശർമ്മ , കെ സി വേണുഗോപാൽ ഉൾപ്പടെ പന്ത്രണ്ട് പേരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്. നേതാക്കളുടെ സന്ദർശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മു കശ്മീര്‍ ഭരണകൂടം പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചത്. 

സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ടെത്തി വിലയിരുത്താൻ ഗവർണർ സത്യപാലിക് മാലിക്ക് നേരത്തെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ നി‍ർദ്ദേശം ഗവർണർ പിൻവലിക്കുകയും ചെയ്തിരുന്നു. രാഹുലിനെയും നേതാക്കളെയും വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കുമോയെന്ന് വ്യക്തമല്ല. ഭീകരുടെ ഭീഷണി നേരിടുകയും മനുഷ്യൻ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയുമാണ് സർക്കാരിന്റെ ഇപ്പോഴത്തെ പരിഗണനയെന്ന് ജമ്മു  കശ്മീ‌ർ ഇൻഫർമേഷൻ വകുപ്പ് ട്വീറ്റ് ചെയ്തു.