സമൂഹ മാധ്യമങ്ങള്‍ രാജ്യത്തെ ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന്  രാജ്‌നാഥ് സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സമൂഹ മാധ്യമങ്ങള്‍ രാജ്യത്തെ ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന്   രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ രാജ്യത്തെ ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയെ നേരിടാനാണ് സമൂഹ മാധ്യമങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് മേധാവികളുടെ രാജ്യാന്തര സംഘടനയുടെ ഏഷ്യ പെസിഫിക് റീജണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെയാണ് രാജ്‌നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.

 

അക്രമങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ അടക്കമുള്ളവ ഭീകര സംഘടനകള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു. അല്‍ ഖ്വെയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ പ്രഖ്യാപനം ഉള്‍പ്പെട്ട വീഡിയോ നിരവധി ഇന്ത്യന്‍ യുവാക്കളാണ് കണ്ടത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന യുവാക്കള്‍ക്കിടയില്‍ തീവ്രവാദി സംഘടനകളുടെ സ്വാധീനം വര്‍ധിച്ചുവരുന്നത് സുരക്ഷാ ഏജന്‍സികള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 30 ഓളം ഇന്ത്യന്‍ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ വിദേശത്തേക്ക് പോയെന്ന വിവരങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്.

സാമൂഹ്യ തിന്മകള്‍ക്കെതിരെ പോലീസിനും ജനങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കമ്യൂണിറ്റി പോലീസിങ് അടക്കമുള്ളവയ്ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കിടയില്‍ കമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി പറഞ്ഞു.