മധ്യപ്രദേശ് പി.സി.സി തർക്കം; സോണിയ ഗാന്ധി-കമല്‍നാഥ് കൂടിക്കാഴ്ച ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മധ്യപ്രദേശ് പി.സി.സി തർക്കം; സോണിയ ഗാന്ധി-കമല്‍നാഥ് കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ അധ്യക്ഷ സോണിയ ഗാന്ധി മുഖ്യമന്ത്രി കമല്‍ നാഥുമായി കൂടിക്കാഴ്ച നടത്തും. കമല്‍ നാഥ് മുഖ്യമന്ത്രി ആയതിനാല്‍ പിസിസി പദവി ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം. എന്നാല്‍ പിസിസി അധ്യക്ഷപദം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കാനാകില്ലെന്ന നിലപാടിലാണ് കമല്‍നാഥും മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങും.

ഇന്നലെ സോണിയ ഗാന്ധി ജോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചകളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. കമൽനാഥ് മുഖ്യമന്ത്രി ആയതിനാൽ പി.സി.സി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം. ഇരു പക്ഷങ്ങളും നിലപാടുകളിൽ ഉറച്ചുനിന്നാൽ പൊതു സ്വീകാര്യനായ നേതാവിനെ തെരഞ്ഞെടുക്കുന്ന നിലയിലേക്ക് ചർച്ചകൾ കടന്നേക്കും.

മുഖ്യമന്ത്രിയായതോടെ കമല്‍നാഥ് പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികളുടെ കണക്കുകൂട്ടല്‍.അതേസമയം, മുഖ്യമന്ത്രിയായി എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കമല്‍നാഥ് അധ്യക്ഷസ്ഥാനത്തു തന്നെ തുടരുകയായിരുന്നു.

പല തവണ പാര്‍ട്ടി നേതൃത്വത്തെ സിന്ധ്യ അതൃപ്തി അറിയിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. സിന്ധ്യയെ പിസിസി പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ യുദ്ധവും തുടങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിന്ധ്യയെ പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് കൂറ്റര്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. മിക്ക എംഎല്‍എമാരും മന്ത്രിമാരും സിന്ധ്യക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് വരെ സിന്ധ്യ സൂചന നല്‍കിയിരുന്നു. മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പി.സി.സി അധ്യക്ഷ പദ തര്‍ക്കം രൂക്ഷമായതോടെയാണ് സോണിയ ഗാന്ധിയുടെ ഈ ഇടപെടല്‍.
 


LATEST NEWS