മോദിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച് ജഗൻമോഹൻ റെഡ്ഢി ; ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോദിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച് ജഗൻമോഹൻ റെഡ്ഢി ; ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു

ന്യൂഡൽഹി : ഈ  മാസം 30ന് വിജയവാഡയില്‍ താന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ക്ഷണിച്ചു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി മോദിയ കണ്ടത്. സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കുന്നതിന് പുറമെ കേന്ദ്ര സര്‍ക്കാരിനോട്, തന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ജഗന്‍ മുന്നോട്ടുവച്ചു. ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്ന 2014 സംസ്ഥാന വിഭജന സമയം മുതലുള്ള ആവശ്യം തന്നെയായിരുന്നു. 
പോളാവരം ജലവൈദ്യുത പദ്ധതി, കടപ്പ സ്റ്റീല്‍ പ്ലാന്റ്, ദുഗ്ഗരാജപട്ടണം തുറമുഖം, വിശാഖപട്ടണത്തും വിജയവാഡയിലും മെട്രോ റെയില്‍ എന്നിവ നടപ്പാക്കുക, സംസ്ഥാനത്തെ പിന്നോക്ക ജില്ലകള്‍ക്ക് ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ജഗന്‍ മോഹന്‍ റെഡ്ഡി മുന്നോട്ടുവച്ചു. എത്രയും വേഗം ആന്ധ്രപ്രദേശിന് കൂടുതല്‍ സാമ്പത്തികസഹായം ലഭ്യമാക്കണമെന്നും കേന്ദ്രം നല്‍കാനുള്ള 30,000 കോടി രൂപയുടെ കുടിശിക നല്‍കണമെന്നും ജഗന്‍, മോദിയോട് ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പക്ഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് മോദി സര്‍ക്കാരിന് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കിയേക്കും എന്ന സൂചനയുണ്ട്. പ്രത്യേക സംസ്ഥാന പദവി അംഗീകരിക്കുന്ന ഏത് പാര്‍ട്ടിക്കും കേന്ദ്രത്തില്‍ പിന്തുണ നല്‍കുമെന്ന് ജഗന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഈ വാഗ്ദാനം ബിജെപി പാലിച്ചില്ല എന്ന് പറഞ്ഞാണ് സഖ്യകക്ഷിയായിരുന്ന ടിഡിപി, മോദി മന്ത്രിസഭയും എന്‍ഡിഎയും വിട്ട് പ്രതിപക്ഷ ചേരിയിലേയ്ക്ക് പോയത്. ബിജെപി കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമല്ല. പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങളില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാനുള്ള സാധ്യതയുമില്ല. നിയമസഭയില്‍ 175ല്‍ 151 സീറ്റുമായാണ് ജഗന്‍ അധികാരം നേടിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ആകെയുള്ള 25 ലോക്‌സഭ സീറ്റില്‍ 22ഉം നേടിയിരുന്നു.


LATEST NEWS