ശ്രീലങ്കന്‍ സ്ഫോടനം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി, സ്ഥിതിഗതികള്‍ അനേഷിച്ച് ഇന്ത്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീലങ്കന്‍ സ്ഫോടനം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി, സ്ഥിതിഗതികള്‍ അനേഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കൊളംബോ സ്ഫോടനത്തില്‍ ഞെട്ടിത്തരിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇത്തരം കാടത്തം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ല. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും ഒപ്പം തന്‍റെ പ്രാര്‍ഥനകളുണ്ടെന്നും മോദി വ്യക്തമാക്കി.

ശ്രിലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറില്‍ നിന്നു തുടര്‍ച്ചയായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുകയാണെന്നും സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി. സ്ഫോടനത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്കു വേണ്ടി കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ ഓഫിസില്‍ ഹെല്‍പ്‌ ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്– +94777903082,+94112422788,+94112422789, +94112422789 ശ്രീലങ്കയിലെ ഏതാവശ്യത്തിനും ഈ നമ്പറുകള്‍ ഉപയോഗപ്പെടുത്താമെന്നും സുഷമ അറിയിച്ചു.
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി. നിഷ്കളങ്കരായ ജനങ്ങള്‍ക്കു നേരെയുള്ള ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങള്‍ക്കു പരിഷ്കൃത സമൂഹത്തില്‍ സ്ഥാനമില്ല. ശ്രീലങ്കയ്ക്കൊപ്പം മുഴുവന്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ഇന്ത്യയുണ്ടാകുമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ പള്ളികളില്‍ ഉള്‍പ്പെടെ നടന്ന ആക്രമണങ്ങളില്‍ കോണ്‍ഗ്രസും അനുശോചനം അറിയിച്ചു. ദുഃഖാര്‍ത്തരായ ജനങ്ങള്‍ക്കൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്നും വ്യക്തമാക്കി. അസഹിഷ്ണുത, മതഭ്രാന്ത്, ഭീകരത എന്നിവയ്ക്ക് അതിര്‍വരമ്പുകളില്ലെന്നാണ് ആക്രമണം വ്യക്തമാക്കുന്നതെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. സുന്ദരമായ ആ പ്രദേശത്തെ നശിപ്പിച്ചു നടന്ന ആക്രമണങ്ങളില്‍ ഇരയായവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.


LATEST NEWS