അസാധാരണ വാദംകേൾക്കലിൽ കോൺഗ്രസിനു തിരിച്ചടി; യെഡിയൂരപ്പ ഇന്നു രാവിലെ  സത്യപ്രതിജ്ഞ ചെയ്യും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അസാധാരണ വാദംകേൾക്കലിൽ കോൺഗ്രസിനു തിരിച്ചടി; യെഡിയൂരപ്പ ഇന്നു രാവിലെ  സത്യപ്രതിജ്ഞ ചെയ്യും 

ന്യൂഡൽഹി:  സുപ്രീംകോടതിയിൽ പുലർച്ചെ നടന്ന   അസാധാരണ വാദംകേൾക്കലിൽ കോൺഗ്രസിനു തിരിച്ചടി; കർണാടകയിൽ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുമണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണു മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ തീരുമാനം. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുലർച്ചെ 2.10ന് തുടങ്ങിയ വാദംകേൾക്കൽ നാലേകാലോടെയാണ് അവസാനിപ്പിച്ചത്.

കർണാടക ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി, ഗവർണറുടെ ഓഫിസിന് നോട്ടിസ് അയയ്ക്കുമെന്ന് അറിയിച്ചു. സർക്കാരിയ കമ്മിഷൻ ശുപാർശ പ്രകാരം, സർക്കാരുണ്ടാക്കാൻ മൂന്നാമത്തെ പരിഗണന നൽകേണ്ടതു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴി‍ഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും കോൺഗ്രസിനു വേണ്ടി മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി വാദിച്ചു. കേവല ഭൂരിപക്ഷം നേടിയ പാർട്ടി, അല്ലെങ്കിൽ തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യങ്ങളിൽ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ രണ്ടു പരിഗണനകൾ. ഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സർക്കാർ ഉണ്ടാക്കിയതെന്നും സിങ്‍വി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ബിജെപിക്കു വേണ്ടി എത്തിയ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയും സിങ്‌വിയുടെ വാദങ്ങളെ എതിർത്തു. തീരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ ഗവർണറുടെ അധികാരത്തിൽ ഇപ്പോൾ ഇടപെടുന്നതെങ്ങനെയെന്നു സുപ്രീംകോടതി ഹർജിക്കാരോടു ചോദിച്ചു.

ഗവർണറുടെ തീരുമാനം വിലക്കിയാൽ സംസ്ഥാനത്തെ ഭരണരംഗത്തു ശൂന്യതയുണ്ടാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് കാവൽസർക്കാർ ഉണ്ടല്ലോ എന്നായിരുന്നു സിങ്‌വിയുടെ മറുപടി  പാതിരാത്രിയിൽ പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നും ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോയെന്നും റോഹ്തഗി ചോദിച്ചു. ബി.എസ്‍.യെഡിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വാജുഭായ് വാല ക്ഷണിച്ചത് ചട്ടവിരുദ്ധമാണെന്നാണു കോൺഗ്രസ് വാദിച്ചത്.