‘നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും’ - ഇന്ത്യൻ ജനതയ്ക്ക് ഈ ഉറപ്പ് ഇനിയില്ല; മായ്ഞ്ഞു പോയത് ബി ജെ പിയുടെ ജനകീയ നേതാവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ‘നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും’ - ഇന്ത്യൻ ജനതയ്ക്ക് ഈ ഉറപ്പ് ഇനിയില്ല; മായ്ഞ്ഞു പോയത് ബി ജെ പിയുടെ ജനകീയ നേതാവ്

നന്ദി പ്രധാനമന്ത്രി, ഒരുപാട് നന്ദി…ഞാനെന്റെ ജീവിതത്തില്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു; വൈകിട്ട് 7.23 ന് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ജമ്മു കശ്മീറിന്റെ പ്രത്യേക സ്വയംഭരണാധികാരം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ചായിരുന്നു സുഷമയുടെ ട്വീറ്റ്. ഇങ്ങനെയൊരു ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകമാണ് കടുത്ത ഹൃദയാഘാതത്തിന്റെ പിടിയിലേക്ക് ഇന്ത്യയുടെ പ്രിയപ്പെട്ട മുന്‍ വിദേശകാര്യമന്ത്രി വീഴുന്നത്. ഉടന്‍ തന്നെ എംയ്‌സില്‍ എത്തിച്ചെങ്കിലും രാത്രി ഒമ്പതു മണിയോടെ ആരോഗ്യനില അതീവ വഷളായി. അധികം വൈകാതെ മരണത്തിന് കീഴടങ്ങി.........

 

 

‘നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും!’–  സുഷമ സ്വരാജ് എന്ന മുൻ വിദേശകാര്യ മന്ത്രിയുടെ ഉറപ്പായിരുന്നു ഈ വാക്കുകൾ .വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തോടെ വിദേശമന്ത്രിയായിരിക്കെ ഇക്കഴിഞ്ഞ അഞ്ചു വർഷവും ഈ ഉറപ്പ് സുഷമ പാലിച്ചപ്പോൾ ജനം ആ സ്‌നേഹവും കരുതലും നെഞ്ചേറ്റി. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ നിന്ന് ആരോഗ്യപരമായ കാരണങ്ങളാൽ സ്വയം പിന്മാറിയപ്പോൾ നാട്ടുകാരും പ്രവാസികളുമായ ഇന്ത്യക്കാർ ഏറ്റവും നിരാശരായത് സുഷമ സ്വരാജ് എന്ന അറുപത്തിയേഴുകാരിയുടെ അസാന്നിധ്യം ഓര്‍ത്തായിരുന്നു.

 

വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രശ്നങ്ങൾ നേരിട്ടപ്പോൾ സമൂഹമാധ്യമങ്ങളിലെ യുക്തമായ ഇടപെടലുകളിലൂടെ ഏവരുടെയും ആദരം നേടി. തന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൂക്ഷ്മമായി തയാറാക്കിയ പ്രസ്താവനകളിലൂടെയുള്ള പ്രതികരണം വിമർശനങ്ങൾക്ക് അതീതമാക്കാൻ ശ്രദ്ധിച്ചു.വിദേശത്തു വിഷമതകൾ നേരിടുന്ന ഇന്ത്യക്കാർക്കെല്ലാം ആശ്രയിക്കാവുന്ന അടുത്ത ബന്ധുവിന്റെ സ്ഥാനം സുഷമ സ്വന്തമാക്കി. 2017 ജൂണിലാണു കരൺ സായ്നി എന്നയാളുടെ തമാശ ട്വീറ്റ് വന്നത്. ‘987 ദിവസം മുൻപു ചൊവ്വയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ്. ഭക്ഷണം തീരുകയാണ്. എന്നാണ് മംഗൾയാൻ 2 പുറപ്പെടുക?’. ഉടൻ സുഷമയുടെ മറുപടിയെത്തി – ‘നിങ്ങൾ ചൊവ്വയിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും!’.  സഹായം തേടിയ ഒരാളെപ്പോലും ഉപേക്ഷിച്ചില്ലെന്നതു സുഷമയിലെ നന്മയുടെ സാക്ഷ്യമായി.

 

ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓർമ്മശക്തി പ്രകടിപ്പിച്ചിരുന്നു സുഷമ. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി ജോലി നോക്കാൻ തുടങ്ങി . 1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്. വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സുഷമ അറിയപ്പെടുന്ന ഒരു പ്രസംഗക ആയിരുന്നു.

 
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബി.ജെ.പി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ദേവിലാൽ ആയിരുന്നു മുഖ്യമന്ത്രി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. പാകിസ്താനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി.  

 

 

രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോർഡും സുഷമയ്ക്ക് സ്വന്തം. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്. രാജ്യസഭയിൽ ഒരേകാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രിയാണ്.