അധികൃതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച കോളേജ് അധ്യാപിക അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അധികൃതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച കോളേജ് അധ്യാപിക അറസ്റ്റില്‍

ചെ​ന്നൈ: സര്‍വകലാശാലാ അധികൃതര്‍ക്ക് 'വഴങ്ങിക്കൊടുക്കാന്‍' വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കോളേജ് അധ്യാപിക അറസ്റ്റില്‍. അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നുമായിരുന്നു ഉപദേശം.  വിരുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്.

അറുപ്പുകോട്ടൈയ്ക്കടുത്ത വീട്ടില്‍ ഒളിവിലായിരുന്ന അധ്യാപികയെ തിങ്കളാഴ്ച വൈകീട്ട് പോലീസും റവന്യൂ അധികൃതരും എത്തി അറസ്റ്റുചെയ്യുകയായിരുന്നു. മധുര കാമരാജ് സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ നേരത്തെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നാലുവിദ്യാര്‍ഥിനികളെ ഫോണില്‍ വിളിച്ച് മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതമേധാവികള്‍ക്ക് ശാരീരികമായി വഴങ്ങിക്കൊടുക്കാന്‍ നിര്‍മല ദേവി നിര്‍ദേശിച്ചെന്നാണ് പരാതി. ഇതിലൂടെ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നും അധ്യാപിക ഉപദേശിച്ചു. ഫോണ്‍സംഭാഷണം ചോര്‍ന്നതോടെയാണ് വിവാദമുയര്‍ന്നത്.

തങ്ങള്‍ക്കുവേണ്ടത് സര്‍ക്കാര്‍ ജോലിയാണെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയപ്പോള്‍, വൈസ് ചാന്‍സലര്‍ പദവിക്കുപോലും ഇപ്പോള്‍ രാഷ്ട്രീയസ്വാധീനം ആവശ്യമാണെന്നായിരുന്നു അധ്യാപികയുടെ മറുപടി. അതേസമയം, പുറത്തായ സംഭാഷണം തന്റേതാണെന്നും എന്നാല്‍, കുട്ടികള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അധ്യാപിക നിര്‍മല ദേവി പ്രതികരിച്ചു. മധുര സര്‍വകലാശാലയുടെ പേര് കളങ്കപ്പെടുത്താന്‍ കെട്ടിച്ചമച്ചതാണിതെന്ന് വൈസ് ചാന്‍സലര്‍ പി.പി. ചെല്ലദുരൈ കുറ്റപ്പെടുത്തി.