ഇന്ത്യയിൽ ബിജെപി അപ്രതിരോധ്യമായ ശക്തിയൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍; തോമസ്‌ ഐസക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയിൽ ബിജെപി അപ്രതിരോധ്യമായ ശക്തിയൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍; തോമസ്‌ ഐസക്

തിരുവനന്തപുരം: ഇന്ത്യയിൽ ബിജെപി അപ്രതിരോധ്യമായ ശക്തിയൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങളെന്നു ധനമന്ത്രി തോമസ്‌ ഐസക്. തുടർച്ചയായ ഒമ്പതു തവണ ജയിച്ച ഗോരഖ്പൂർ മണ്ഡലത്തിൽ സമാജ് വാദി പാർടി നേടിയ ഉജ്വല വിജയം സംഘപരിവാറിന്റെ പേശീബലത്തിനും രാഷ്ട്രീയത്തിനുമേറ്റ കനത്ത തിരിച്ചടിയാണ്. ഈ വിജയം മതനിരപേക്ഷ ശക്തികൾക്ക് ആവേശം നൽകുന്നതോടൊപ്പം 2019ലെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഉരുക്കു കോട്ടകളായി പരിഗണിക്കപ്പെട്ട മണ്ഡലങ്ങളാണ് ഗോരഖ്പൂരും ഫൂൽപൂരും. സംഘപരിവാർ പയറ്റുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമാണ് ഗോരഖ്പൂർ. യോഗി ആദിത്യനാഥിനു മുമ്പ് മഹന്ത് അവൈദ്യനാഥായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഗോരഖ്പൂർ മഠത്തിലെ ഏറ്റവും ശക്തരായ സന്ന്യാസിമാരായിരുന്നു ഇവർ രണ്ടുപേരും. 1989 മുതൽ ഈ മണ്ഡലം ബിജെപിയുടെ ഉറച്ച കോട്ടയാണ്. കാൽനൂറ്റാണ്ടുകാലത്തെ ഹിന്ദുത്വ ആധിപത്യത്തിനാണ് ഇപ്പോൾ കനത്ത തിരിച്ചടിയേറ്റത് എന്നും തോമസ് ഐസക് പറഞ്ഞു.

ബിജെപിയുടെ പരമ്പരാഗത വോട്ടുകളിൽ ചോർച്ച തുടങ്ങിക്കഴിഞ്ഞു എന്ന സൂചന കൂടി ഗോരഖ്പൂർ, ഫൂൽപൂർ തിരഞ്ഞെടുപ്പു ഫലങ്ങൾക്കുണ്ട്. 2009ൽ ലഭിച്ചതിനേക്കാൾ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടുകൾ 2014ൽ അധികം നേടി വിജയിച്ച മണ്ഡലമാണ് ബിജെപിയ്ക്ക് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങൾ ബിജെപിയ്ക്കു നഷ്ടപ്പെട്ടതിന്, വർഗീയതയുടെ വിഷജ്വരത്തിൽ നിന്ന് ആ പാർടിയുടെ അണികൾ സാവധാനം മുക്തരാകുന്നതിന്റെ സൂചന കൂടി കാണാം.


LATEST NEWS