ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന് സംശയം; തമിഴ്നാട്ടിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന് സംശയം; തമിഴ്നാട്ടിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

ചെന്നൈ: ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന സംശയത്തില്‍ കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെ കൂടി തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി സിദ്ധിഖ് പൊന്‍വിഴ നഗര്‍ സ്വദേശി സഹീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ തമിഴ്നാട്ടില്‍ കസ്റ്റഡിയിലുള്ളവരുടെ എണ്ണം എട്ടായി. 

ഭീകര സംഘത്തിന് സഹായം നല്‍കിയെന്ന് തമിഴ്നാട് പൊലീസ് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറുമായി ഇവര്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള നാഗപട്ടണത്തിന് സമീപത്തെ വേദരാണ്യത്തും പൊലീസ് തിരച്ചില്‍ ശക്തമാക്കി. 

തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്ന് ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്.  

ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.