ഉടുമൽപേട്ട ദുരഭിമാന കൊല കേസ് ; പെണ്‍കുട്ടിയുടെ പിതാവടക്കം  ആറുപേർക്കു വധശിക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉടുമൽപേട്ട ദുരഭിമാന കൊല കേസ് ; പെണ്‍കുട്ടിയുടെ പിതാവടക്കം  ആറുപേർക്കു വധശിക്ഷ

തിരുപ്പൂർ∙ ഉടുമൽപേട്ടയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർക്കു വധശിക്ഷ. ഭാര്യാപിതാവടക്കം ക്വട്ടേഷൻ സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവർക്കാണ് വധശിക്ഷ. യുവതിയുടെ മാതാവ് ഉൾപ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. തിരുപ്പൂർ കോടതിയുടേതാണ് ഉത്തരവ്. 

തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗൽ സ്വദേശി ശങ്കറിനെ മാർച്ച് 13 –നാണു ഉടുമൽപേട്ട നഗരമധ്യത്തിൽവച്ചു ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്. 

തേവർ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാർ) സമുദായത്തിൽപ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്‌തതാണു കൊലപാതകത്തിൽ കലാശിച്ചത്. കൗസല്യയുടെ മാതാപിതാക്കൾ വിവാഹം നടന്നത് അറിഞ്ഞ ഉടൻതന്നെ കൗസല്യയെ, വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടിൽ തിരികെയെത്തിച്ചു. എന്നാൽ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടർന്നു ശങ്കറിനോടൊപ്പം താമസിക്കാൻ ശങ്കറിന്റെ വീട്ടുകാർ കൗസല്യയെ അനുവദിച്ചു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടർന്ന് ഉണ്ടായ ദുരഭിമാന പ്രശ്‌നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.

 പതിനൊന്നു മണിയോടെ ഉടുമൽപേട്ട നഗരത്തിലെത്തിയ ശങ്കറും കൗസല്യയും ബേക്കറിയിൽ കയറി ലഘുഭക്ഷണം കഴിച്ചു. വീട്ടുസാധനങ്ങൾ വാങ്ങി വീട്ടിലേക്കു വഴി പഴനി - പൊള്ളാച്ചി പാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണു വെട്ടേറ്റത്.

ഇവരെ പിൻതുടർന്ന് എത്തിയ രണ്ടംഗ സംഘത്തിനു പിന്നാലെ ബൈക്കിലെത്തിയ മൂന്നാമൻ ബൈക്കിൽ നിന്നു വടിവാൾ എടുത്തു നൽകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൂവരും ചേർന്നു ശങ്കറിനെയും കൗസല്യയെയും വെട്ടി. ‌ശങ്കർ റോഡരികിൽ വീണു പിടഞ്ഞു മരിച്ചു. കൗസല്യ നടുറോഡിലെ കാറിന്റെ സൈഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയവും സംഘം ആക്രമണം തുടർന്നു. അക്രമികൾ മടങ്ങിയശേഷമാണു കണ്ടുനിന്നവർ ദമ്പതികളെ രക്ഷിക്കാൻ ശ്രമിച്ചത്.


LATEST NEWS