സക്കൂരാ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ എസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സക്കൂരാ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ എസ്

ശ്രീനഗർ: നവംബര്‍ 17 ന് സക്കൂരയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം  ഐ എസ് ഏറ്റെടുത്തു . ഐ എസ് വാര്‍ത്താ ഏജന്‍സിയായ അമാഖാണ് അവകാശവാദവുമായി രംഗത്തെത്തിയത്. നവംബര്‍ പതിനേഴിനായിരുന്നു ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മുഗീസ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്. മറ്റൊരു ഭീകരന്‍ അറസ്റ്റിലായിട്ടുമുണ്ട്. ശ്രീനഗറിനു സമീപം സക്കൂരയില്‍ മുഗിസും പിടിയിലായ ഭീകരനും സഞ്ചരിച്ചിരുന്ന കാര്‍ സുരക്ഷാസൈനികര്‍ തടയുകയായിരുന്നു. തുടര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്ന ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു.

സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ മുഗീസിന് ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള കോളനിയില്‍ വച്ചായിരുന്നു മുഗീസിന്റെ അന്ത്യം. ഐ എസിന്റെ പതാക പുതപ്പിച്ച മുഗീസിന്റെ മൃതദേഹത്തിന്റെ ചിത്രവും പുറത്തെത്തിയിട്ടുണ്ട്.

സക്കീര്‍ മൂസ ഗ്രൂപ്പില്‍പ്പെട്ട ഭീകരനാണ് മുഗീസ് എന്നാണ് കരുതിയിയെങ്കിലും എന്നാല്‍ ആക്രമണത്തിന്റെ അവകാശവാദവുമായി ബന്ധപ്പെട്ട് ഐ എസ് രംഗത്തെത്തിയതോടെ വിഷയത്തില്‍ സൈന്യം കൂടുതല്‍ അന്വേഷണം നടത്തിയേക്കും.

ഈ വര്‍ഷം ആദ്യമാണ് സക്കീര്‍ മൂസ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍നിന്ന് പുറത്തുവരികയും സ്വന്തമായി ഭീകരസംഘടന രൂപവത്കരിക്കുകയും ചെയ്തത്.  ഐ എസിന് സംഘടനാശേഷിയുള്ളതായി കരുതുന്നില്ലെന്ന് സേനാവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയ മൂന്നാമത്തെ സംഘടനയാണ് ഐ എസ്.