കാല്‍നൂറ്റാണ്ട്‌ തികയുന്ന മാസ്റ്റര്‍ പീസ്‌  ’ദേവാസുരം’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാല്‍നൂറ്റാണ്ട്‌ തികയുന്ന മാസ്റ്റര്‍ പീസ്‌  ’ദേവാസുരം’

കഥാ തിരക്കഥകളുടെ അഭാവത്തില്‍ മലയാള സിനിമ നിലവെള്ളത്തില്‍ ആഴക്കയം ചവിട്ടുമ്പോള്‍ 'ദേവാസുരം' പിറന്നു.   ഐ.വി.ശശിയുടെ സംവിധാന മികവ്,  രഞ്ജിത്തിന്റെ തിരക്കഥ വൈഭവം പിന്നെ സാക്ഷാല്‍ മോഹന്‍ലാലിന്‍റെ  അഭിനയത്തികവ്. കാലങ്ങള്‍ക്കിപ്പുറം ഫ്യുടല്‍ മാടമ്പി സിനിമയെന്ന ദേവാസുരത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സകല ചേലിലും സമ്പന്നമായ സിനിമയെന്നു കാലം ദേവാസുരത്തെ വാഴ്ത്തുന്നു. മാസ്റ്റർ പീസുകൾ ഒന്നേ ഉണ്ടാകൂ എന്നത്കൊണ്ട് ആകാം ഐ വി ശശിയുടെ മാസ്റ്റർ പീസായി മലയാള സിനിമ പരിഗണിക്കുന്ന ക്‌ളാസ്സിക് ദേവാസുരം ആണ്. എം ടി വാസുദേവൻ നായർ ലോഹിതദാസ് തുടങ്ങിയ മഹാന്മാരായ എഴുത്തുകാരുടെ ക്‌ളാസ്സിക് സൃഷ്ടികൾക്ക് ഒപ്പം ചേർത്ത് വെക്കാൻ പറ്റുന്ന രഞ്ജിത്തിന്റെ ഏക സൃഷ്ടിയും ദേവാസുരം മാത്രമാണ്. 

മലയാളത്തിലെ പൗരുഷം നിറഞ്ഞ 10 മികച്ച കഥാപാത്രങ്ങളെ നിരത്തി നിർത്തിയാൽ അതിൽ ഒന്നാമൻ മംഗലശ്ശേരിൽ നീലകണ്ഠൻ ആയിരിക്കും എന്ന കാര്യത്തിൽ ഒരു മലയാളിക്കും എതിർ അഭിപ്രായം ഉണ്ടാകാൻ വഴിയില്ല നീലകണ്ഠനെ പോലെ ഫ്യൂഡലിസവും തെമ്മാടിത്തരവും ആഢ്യത്തവും തൻപ്രമാണിത്തവും അഹങ്കാരവും പൗരുഷവും ഉള്ള ഒരു കഥാപാത്രം ദേവാസുരത്തിനു മുൻപും ശേഷവും മലയാള സിനിമ കണ്ടിട്ടില്ല. ആരുടെ മുന്നിലും തോൽക്കാൻ തയ്യാറാകാത്ത, തല കുനിക്കാത്ത അഭിമാനിയും അഹങ്കാരിയുമായ നീലകണ്ഠനെ തോൽപ്പിക്കുന്നത് വിധിയുടെ വിളയാട്ടമാണ്. ഭാനുമതി എന്ന പെണ്ണിന്റെ ചങ്കുറപ്പിനു മുന്നിൽ ഒന്ന് ആടിയുലഞ്ഞു എങ്കിലും നീലകണ്ഠൻ അവളുടെ മുന്നിലും തോൽക്കുന്നില്ല.

പക്ഷെ മകന്റെ പരസ്ത്രീ ബന്ധം കാരണം വീട് വിട്ടു പോയ അമ്മ – മരിക്കുന്നതിന് മുന്നേ മകനെ കാണാൻ ആഗ്രഹിക്കുന്നതും മരണത്തിനു മുന്നേ നീലകണ്ഠൻ നെറ്റിപ്പട്ടം പോലെ കൊണ്ട് നടക്കുന്ന മംഗലശ്ശേരി എന്ന പേര് ഒരു അനാഥ കുഞ്ഞിന് മാധവ മേനോൻ ഭിക്ഷയായി നൽകിയ ജീവിതം മാത്രമാണ് എന്നും മനസ്സിലാക്കുന്നതോടെ അഹങ്കാരിയായ നീലകണ്ഠൻ അവിടെ അവസാനിക്കുകയാണ്. അപമാനത്താൽ ആടിയുലഞ്ഞു തകർന്നു പോകുന്ന നീലകണ്ഠൻ പിന്നീട് ഒരിക്കലും മംഗലശ്ശേരിയുടെ ഗർവ്വിൽ തല ഉയർത്തുന്നത് നമുക്ക് കാണാൻ കഴിയില്ല. മോഹൻലാൽ എന്ന മഹാനടൻ അതുവരെ കാണാത്ത വിധം അസാധാരണമാം വിധം അതിഗംഭീരമായി ജീവിക്കുകയായിരുന്നു നീലകണ്ഠനിലൂടെ. വേറെ ഏതൊരു താരം ചെയ്താലും ഓവർ ആക്റ്റിങ് ആയി പോകുമായിരുന്ന നിരവധി സീനുകൾ ഉണ്ട് ദേവാസുരത്തിൽ. മാനസികമായി തകർന്ന ഒരാളെ ശാരീരികമായി തകർക്കുക എന്നത് വളരെ എളുപ്പത്തിൽ കഴിയും എന്ന സത്യം ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നുണ്ട് ദേവാസുരത്തിൽ. മാധവമേനോൻ തന്റെ അച്ഛൻ അല്ല എന്നറിയുന്നിടത്ത് മാനസികമായി തോറ്റു പോകുന്ന നീലകണ്ഠനെ അതുകൊണ്ട് തന്നെയാണ് പ്രതിയോഗികൾക്ക് വളരെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ കഴിയുന്നതും. നീലകണ്ഠൻ ജീവൻ മാത്രം ശേഷിക്കുന്ന ജീവച്ഛവം ആയി മാറിയ ശേഷമുള്ള അവസ്ഥയിൽ പോലും മോഹൻലാൽ എന്ന അഭിനേതാവിന്റെ പൂണ്ടുവിളയാട്ടം തന്നെ ആയിരുന്നു കാഴ്ചവെച്ചത്. 

ഒരു പക്ഷെ മറ്റാര് ചെയ്താലും കോമഡി ആയി പോകുമായിരുന്ന ഒരു കൈ തളർന്നു പോയ രണ്ടാം പകുതി. ആർക്കും തോൽപ്പിക്കാൻ കഴിയാത്ത നീലകണ്ഠനെയും ജീവച്ഛവം ആയി ഒരു കൈയും – മനസ്സും തളർന്നു പോയ നീലനെയും അണുവിട മുകളിലേക്കോ താഴേക്കോ പോകാതെ ലോകത്തു മറ്റാർക്കും ചെയ്യാൻ കഴിയാത്ത വിധം അതി സൂക്ഷ്‌മമായി തന്നെ മോഹൻലാൽ ജീവിച്ചു എന്ന് തന്നെ പറയാം. പരിപൂർണമായും നായകനെ ബേസ് ചെയ്തു പറഞ്ഞ കഥ ആയിട്ടും ഭാനുമതി എന്ന നായികയ്ക്കും വില്ലനായ ശേഖരനും കാര്യസ്ഥനായ വാര്യർക്കും നിറഞ്ഞു നിൽക്കാനുള്ള മികച്ച അവസരങ്ങൾ രഞ്ജിത്ത് എന്ന എഴുത്തുകാരൻ നൽകി. 2 സീനിൽ വന്നു വന്നു പോകുന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ പെരിങ്ങോടൻ കഥാപാത്രവും മുഴുകുടിയനായ നെടുമുടി വേണുവിന്റെ മാഷും സിനിമ കണ്ടു കഴിഞ്ഞാലും സജീവ സാന്നിധ്യമായി മനസ്സിൽ നിറഞ്ഞു നിൽക്കും. നാട്ടിൻ പുറവും അമ്പലവും ഉത്സവവും കലയും ഡാൻസും ഫ്യൂഡൽ തെമ്മാടിത്തരവും ഇത്ര സമ്പന്നമായി കോർത്തിണക്കിയ / സമ്മേളിച്ച മറ്റൊരു മലയാള സിനിമ ഇല്ല എന്ന് തന്നെ പറയാം.

കഥാഗതിയുടെ ഈ മികവില്‍ മാത്രമല്ല ദേവാസുരം കയ്യടി വാങ്ങുന്നത്.  ജീവിച്ചിരുന്ന ഒരു കഥാപാത്രത്തെ അഭ്രപാളിയിലെത്തിക്കുമ്പോള്‍ കാട്ടിയ സത്യസന്ധതയും അതിനു കാരണമാകുന്നു. മംഗലശ്ശേരി നീലകണ്ഠന്‍ തിരക്കഥാകൃത്തിന്റെ ചിന്താഗതിയില്‍ രൂപംകൊണ്ട ഒരു കഥാപാത്രമല്ല. മുല്ലശേരി രാജഗോപാലിന്റെ ജീവിതമാണ് മോഹന്‍ലാല്‍ അഭിനയിപ്പിച്ചു ഫലിപ്പിച്ചത്. 

ജീവിതത്തിലെ നീലകണ്ഠന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കോഴിക്കോട് നടക്കാവിലെ മുല്ലശ്ശേരിവീട്ടില്‍ നിന്നും രാജഗോപാലന്‍ എന്ന നീലകണ്ഠന്‍ പടിയിറങ്ങിപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തീഷ്ണമായിരുന്നു മുല്ലശേരി രാജഗോപാല്‍ എന്ന രാജുവിന്റെ ജീവിതം. സൗഹൃദത്തിന്‍റെ വിശാലമായ ലോകത്ത് സംഗീതത്തിന്റെയും ലഹരിയുടെയും ഒഴുക്ക്. മുല്ലശേരി തറവാട്ടിന്റെ ഔട്ട് ഹൗസിന്റെ ഇടനാഴിയില്‍ പാടാത്ത പാട്ടുകാര്‍ വിരളം. ദാസും, ബാബുക്കയും (എം എസ് ബാബുരാജ്), പി. ജയചന്ദ്രനും, ദേവരാജന്‍ മാഷും രാഘവന്‍ മാഷുമെല്ലാം ഒത്തു കൂടിയ എത്രയോ മെഹഫിലുകള്‍ക്ക് മുല്ലശ്ശേരി തറവാട് സാക്ഷിയായി. മരിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ രാജഗോപാല്‍ തളര്‍ന്നു കിടപ്പായി. ഒരു സ്റ്റെയര്‍ കെയ്‌സില്‍ നിന്ന് വീണുണ്ടായ അപകടമാണ് തളര്‍ച്ചയുടെ തുടക്കം. ശരീരം തളര്‍ന്നു കിടക്കുമ്പോളും ആ മനസ്  തളര്‍ന്നിരുന്നില്ല. 

ദേവാസുരം പോലെ ഒരു സിനിമ വർഷങ്ങൾ കൂടിയിരിക്കുമ്പോൾ സംഭവിക്കുന്ന മഹാത്ഭുതം ആയതു കൊണ്ട് തന്നെയാവാം വ്യത്യസ്തമായ അഭിപ്രായങ്ങളും നിരൂപണ കോലാഹലങ്ങളും ഈ സിനിമയെ വിടാതെ പിന്തുടര്‍ന്നത്‌. സ്ത്രൈണത കലർന്ന രൂപത്തിൽ വില്ലൻ വേഷം ചെയ്യുമ്പോൾ തന്നെ നാണം കുണുങ്ങിയായ കൊമേഡിയനായ നായകനിലേക്കും പൗരുഷം നിറഞ്ഞ രൂപത്തിലേക്കും ശബ്ദ ഘാംഭീര്യത്തിലേക്കും മോഹൻലാൽ നടന്നു കയറിയത് ഘട്ടം ഘട്ടം ആയിട്ടായിരുന്നു. ആ യാത്രയുടെ ആദ്യ പടവ് 'ദേവാസുരം' ആണെന്ന് നിസംശയം പറയാം. ഉയരങ്ങളിൽ, വാർത്ത, രാജാവിന്റെ മകൻ, അദ്വൈതം തുടങ്ങിയ നെഗറ്റീവ് ടച്ച് ഉള്ള നായക കഥാപാത്രങ്ങളുടെ യാത്ര അവസാനിച്ചത് മറ്റൊരു പുതിയ മോഹൻലാലിനെ മലയാളത്തിന് സമ്മാനിച്ചു കൊണ്ടായിരുന്നു.

മലയാളത്തിന്റെ ആദ്യത്തെ ഫ്യൂഡൽ തെമ്മാടി ആയ നീലകണ്ഠൻ. ജന്മനാ കിട്ടിയ പരുക്കനായ രൂപവും ശബ്ദ ഗാഭീര്യവും കൊണ്ട് പരുക്കനായ പൗരുഷം ഉള്ള കഥാപാത്രങ്ങൾ കൂടുതൽ ഇണങ്ങുക സത്യൻ – മമ്മൂട്ടി – മുരളി തുടങ്ങിയ താരങ്ങൾക്കാണ് എന്ന മലയാള സിനിമ സങ്കല്പത്തെ തന്നെ തച്ചുടക്കുക ആയിരുന്നു മോഹൻലാൽ നീലകണ്ഠനിലൂടെ. അതുവരെ ചെറിയ വിജയ ചിത്രങ്ങളും പരാജയ ചിത്രങ്ങളും രചിച്ച രഞ്ജിത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവ് ആയിരിന്നു ദേവാസുരം. ദേവാസുരത്തിന്റെ മഹാവിജയം അതെ പാതയിൽ ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, രാവണപ്രഭു തുടങ്ങിയ പല വിജയ ചിത്രങ്ങൾക്കും തുടക്കം ഇടുകയും ചെയ്തു. പലതും ദേവാസുരത്തിനെക്കളാൽ വലിയ വിജയമായി എങ്കിലും ഒരിക്കൽ പോലും ദേവാസുരം പോലെ ഒരു ക്‌ളാസ്സിക് സൃഷ്ട്ടി ആയില്ല. നീലകണ്ടന്റെ ഭാര്യയായ ഭാനുമതിയെ അനശ്വരമാക്കിയ രേവതിയും, വാര്യര്‍ എന്ന കഥാപാത്രമായി ജീവിച്ച ഇന്നസെന്റും ചെറിയ സീനുകളില്‍ മാത്രം പ്രത്യക്ഷനായ ഒടുവില്‍ ഉണ്ണികൃഷ്ണനും ദേവാസുരത്തിന്റെ നേടുംതൂണുകളാണ്. 

രാവണപ്രഭു എന്ന പേരിൽ 2006 ല്‍ ദേവാസുരത്തിന്റെ രണ്ടാം പതിപ്പില്‍ പക്വത വന്ന നീലകണ്ഠന്‍റെ മറ്റൊരു മുഖമായിരുന്നു രഞ്ജിത്ത് അവതരിപ്പിച്ചത്. രാവണപ്രഭുവില്‍ നീലകണ്ടൻ എന്ന എവർഗ്രീൻ കഥാപാത്രത്തിന്റെ മരണം മലയാളി പ്രേക്ഷകർ ഇപ്പോളും മനസ്സാൽ സ്വീകരിച്ചിട്ടില്ല.

മംഗലശ്ശേരി നീലകണ്ഠൻ എന്ന് കേട്ടാൽ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുക ദേവന്‍റെ പുണ്യവും അസുരന്‍റെ വീര്യവും ഉള്ള ആ പഴയ നീലകണ്ഠന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ നീലകണ്ഠന്‍റെ മരണം പ്രേക്ഷകർ ഇപ്പോളും വിശ്വസിച്ചിട്ടില്ല. മലയാള സിനിമ പ്രേക്ഷകരുടെ ഉള്ളിൽ മംഗലശ്ശേരി നീലകണ്ഠന്‍ അണയാത്ത വിളക്കായി എന്നും ആളിക്കത്തി – ജ്വലിച്ചു അങ്ങനെ തന്നെ നിൽക്കും. മംഗലശ്ശേരി നീലകണ്ഠന് മരണമില്ല എന്ന് വിശ്വസിക്കാൻ ആണ് മലയാള സിനിമക്കും പ്രേക്ഷകർക്കും ഇഷ്ടം.