ഒഴിവു ദിവസത്തെ കളിക്കു ശേഷം ഇത്രമേൽ തീക്ഷ്ണമായ രാഷ്ട്രീയ ഉള്ളടക്കമുള്ള മറ്റൊരു സിനിമ ഞാൻ കണ്ടിട്ടില്ല; എം.ബി. രാജേഷ്‌ എം.പി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒഴിവു ദിവസത്തെ കളിക്കു ശേഷം ഇത്രമേൽ തീക്ഷ്ണമായ രാഷ്ട്രീയ ഉള്ളടക്കമുള്ള മറ്റൊരു സിനിമ ഞാൻ കണ്ടിട്ടില്ല; എം.ബി. രാജേഷ്‌ എം.പി

മലപ്പുറത്തെ ഫുട്‌ബോൾ മൈതാനങ്ങളിലെ ആരവങ്ങളുടെ പശ്ചാത്തലത്തിൽ സമകാലിക ലോകത്തിന്റെ ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നങ്ങളെ അങ്ങേയറ്റം ജീവിതഗന്ധിയായി അസാമാന്യ മികവോടെ അവതരിപ്പിച്ചിരിക്കുന്നു ' സുഡാനി ഫ്രം നൈജീരിയ' എന്ന് എം.ബി. രാജേഷ്‌ എം.പി. 'ഒഴിവു ദിവസത്തെ കളി' ക്കു ശേഷം ഇത്രമേൽ തീക്ഷ്ണമായ രാഷ്ട്രീയ ഉള്ളടക്കമുള്ള മറ്റൊരു സിനിമ ഞാൻ കണ്ടിട്ടില്ല എന്നും അദ്ദേഹം പറയുന്നു. എം.ബി. 

രാജേഷ്‌ എം.പിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കളിയും ജീവിതവുമായുള്ള ഗാഢപ്രണയം മലപ്പുറത്തിന്റെ ജനിതകത്തിലുണ്ട്. ഉന്മത്തമായ ഈ കളിപ്രണയം അണപൊട്ടുന്ന മലപ്പുറത്തെ ഫുട്‌ബോൾ മൈതാനങ്ങളിലെ ആരവങ്ങളുടെ പശ്ചാത്തലത്തിൽ സമകാലിക ലോകത്തിന്റെ ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നങ്ങളെ അങ്ങേയറ്റം ജീവിതഗന്ധിയായി അസാമാന്യ മികവോടെ അവതരിപ്പിച്ചിരിക്കുന്നു ' സുഡാനി ഫ്രം നൈജീരിയ' എന്ന തന്റെ കന്നിചിത്രത്തിലൂടെ സംവിധായകൻ സക്കറിയ. 'ഒഴിവു ദിവസത്തെ കളി' ക്കു ശേഷം ഇത്രമേൽ തീക്ഷ്ണമായ രാഷ്ട്രീയ ഉള്ളടക്കമുള്ള മറ്റൊരു സിനിമ ഞാൻ കണ്ടിട്ടില്ല. സങ്കീർണ്ണവും വൈവിദ്ധ്യമാർന്നതുമായ സമകാലിക പ്രശ്‌നങ്ങളിലൂടെ സഞ്ചരിച്ച് ഉദാത്തമായ മാനവികതയുടെ അനുഭവമണ്ഡലത്തിലേക്ക് രണ്ടുമണിക്കൂർ നേരം സ്‌ക്കറിയ പ്രേക്ഷകരെ നയിക്കുന്നു. ആഭ്യന്തരയുദ്ധം കീഴ്‌മേൽ മറിച്ച ജീവിതങ്ങളുടെ ശിഥില കാഴ്ചകളിലേക്കും അഭയാർത്ഥിയുടെ വിഹ്വലതകളിലേക്കും കനിവിന്റെ കിണറുകളെല്ലാം വറ്റിപ്പോകുന്ന ഹൃദയശൂന്യമായ വരണ്ടകാലത്തേക്കും വിശപ്പുവാഴുന്ന,കണ്ണീരിൽ കലങ്ങിയ തമോലോകങ്ങളിലേക്കും ഭാഗ്യവും ഭാവിയും തേടിയുള്ള സാഹസിക പലായനങ്ങളിലേക്കും പാസ്‌പോർട്ടിൽ കുരുങ്ങിക്കിടക്കുന്ന പൗരത്വത്തിന്റെ ധർമ്മസങ്കടങ്ങളിലേക്കുമെല്ലാം സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

മലപ്പുറത്തെക്കുറിച്ചുള്ള മുൻവിധികളെ അവിടുത്തെ ജീവിതത്തിന്റെ തനിമയാർന്ന ആവിഷ്‌ക്കാരം കൊണ്ട് സിനിമ മറികടക്കുന്നുണ്ട്. ഏതോ നാട്ടിൽ നിന്നുവന്ന, അപരിചിതനും ക്രിസ്ത്യാനിയുമായ സാമുവൽ എന്ന ഫുട്‌ബോൾ കളിക്കാരൻ അസ്ഥി തകർന്ന് ശയ്യാവംലബിയായപ്പോൾ സ്വന്തം വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിക്കുന്നതും ഒരു നാടിന്റെ മുഴുവൻ സ്‌നേഹം അവനിൽ ചൊരിയുന്നതും മലപ്പുറത്തെ മുൻനിർത്തി കെട്ടിപ്പൊക്കിയ മിത്തുകളെയെല്ലാം തകർക്കുന്നതാണ്. ടീം മാനേജറായ മജീദിന്റെ ഉമ്മയും അടുത്ത വീട്ടിലെ ഉമ്മമാരുമെല്ലാം ചേർന്ന് സ്വന്തം മകനെയെന്ന പോലെ പരിചരിക്കുന്നു. 'ഉമ്മമാര് തീട്ടോം മൂത്രോം കോരീട്ടന്നേണ് എല്ലോരും ഇത്രത്തോളം വളർന്നതെന്ന് ആരും മറക്കണ്ട' എന്ന് ഉമ്മ സാമുവലിനുവേണ്ടി സ്വന്തം മകനെ ശാസിക്കുമ്പോൾ ഭാഷ, ദേശം,തൊലിനിറം എന്നിവക്കെല്ലാം അതീതമായി പുലരുന്ന ഗാഢസ്‌നേഹമാണ് പ്രതിഫലിക്കുന്നത്. സുഡുവെന്ന് സ്‌നേഹത്തോടെ നാട്ടുകാർ വിളിക്കുന്ന ആഫ്രിക്കക്കാരനെ കാണാൻ പശുവിനെയും കൊണ്ട് വരുന്ന കളരി അഭ്യാസിയായ 'നായർ' കാരണവരും അദ്ദേഹത്തിന്റെ ഗരുഡനൃത്തവും വെറുമൊരു നർമ്മമൂഹൂർത്തം മാത്രമല്ല സമ്മാനിക്കുന്നത് ഒരു നാടിന്റെ മതനിരപേക്ഷ ജീവിതനൈർമ്മല്യത്തിന്റെ നേർചിത്രം കൂടിയാണ്. ക്രിസ്ത്യാനിയായ സാമുവലിന്റെ അമ്മൂമ്മയുടെ മരണാനന്തര ചടങ്ങുകൾ ആയിരക്കണക്കിന് കിലോമീറ്ററുകൾക്കിപ്പുറം നടത്തിക്കൊടുക്കുന്നതിലും അതേ നൈർമ്മല്യമുണ്ട്. സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഭർത്താവിന്റെ മരണശേഷം പുനർ വിവാഹത്തിന് സമ്മതിക്കേണ്ടി വരികയും, ഒടുവിൽ സ്വന്തം മകന്റെ പോലും നീരസത്തിന്നിരയായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന ജമീല ഒരു തലമുറയിലെ സ്ത്രീയുടെ നിസ്സഹായാവസ്ഥയുടെ പ്രതീകമാകുമ്പോൾ പെണ്ണുകാണാൻ വരുന്ന ചെറുക്കനോട് 'അതിന് എനിക്ക് കൂടി സമ്മതമാകേണ്ടേ? സോറി...' എന്ന് നിശ്ചയദാർഢ്യത്തോടെ പറഞ്ഞ് തന്റെ സ്വയം നിർണയാവകാശം ഉയർത്തിപ്പിടിക്കുന്ന കോളേജിൽ പഠിക്കുന്ന തട്ടമിട്ട പെൺകുട്ടി മാറുന്ന സ്ത്രീത്വത്തിന്റെ പ്രതിനിധിയാവുന്നു.

പാസ്‌പോർട്ടിന്റെ നിയമക്കുരുക്കുകളിൽ അകപ്പെട്ട സാമുവലിനെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന പോലീസ്, നിയമത്തിന്റെയും ഭരണകൂടാധികാര പ്രയോഗത്തിന്റെയും യാന്ത്രികത ചിലപ്പോൾ എത്രമേൽ ക്രൂരമാണെന്ന് ഓർമ്മിപ്പിക്കുന്നു. ഒടുവിൽ, കുരുക്കുകളിൽ നിന്ന് വിടുതൽ നേടി സാമുവേൽ അനാഥരായിത്തീർന്ന കൂടപ്പിറപ്പുകളെ തേടി തിരിച്ചു പോകുമ്പോഴേക്ക് ഒരു നാടുമുഴുവൻ സ്‌നേഹപ്രവാഹമായി യാത്രയാക്കാൻ കൂടെയുണ്ട്. സാമുവലിന് മലപ്പുറത്തുകാരെയും തിരിച്ചും മനസ്സിലാക്കാൻ ഭാഷ ഒരു തടസ്സം ആയില്ല. ഉമ്മമാർ അവരുടെ ഭാഷയിൽ സാമുവലിനോട് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. രാജ്യാതിർത്തികൾക്കും വംശീയാസ്തിത്വത്തിനുമെല്ലാം അതീതമായ ഒരു മാനവികതയിലേക്ക് സിനിമ വികസിക്കുന്നു. ആഭ്യന്തരയുദ്ധം പിച്ചിച്ചീന്തിയ തങ്ങളുടെ ജീവിതത്തെക്കുറിച്ച് 'നിങ്ങളുടെ പോലെയല്ല ഞങ്ങളുടെ ജീവിതം, നിങ്ങൾക്കത് മനസ്സിലാവില്ല' എന്ന്സാമുവേൽ പറയുന്നതിൽ ഒരു വലിയ പാഠം അടങ്ങിയിട്ടുണ്ട്. പ്രഖ്യാപനങ്ങളോ മുദ്രാവാക്യ ഘോഷണങ്ങളോ ഒന്നും ഇല്ലാതെ, അങ്ങേയറ്റം കലാപരമായും സൗന്ദര്യാത്മകമായും രാഷ്ട്രീയ ഉള്ളടക്കം ധ്വനിപ്പിച്ചിരിക്കുന്നു ഈ സിനിമയിൽ. അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് വളരെ സൂക്ഷ്മവും അനുയോജ്യവും മികവുറ്റതുമായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.

ആറുവയസ്സുകാരിയായ ഇളയമകളെയും കൂട്ടിയാണ് ഇന്നലെ സെക്കന്റ് ഷോക്ക് പോയത്. രണ്ടുമണിക്കൂറും ഉറങ്ങാതെ അതിയായ താത്പര്യത്തോടെ അവൾ സിനിമ കണ്ടിരുന്നു എന്നതു തന്നെ ചിത്രത്തിന്റെ സംവേദനക്ഷമത തെളിയിക്കുന്നു. സക്കറിയക്കും സംഘത്തിനും എന്റെ അഭിനന്ദനങ്ങൾ.
 


LATEST NEWS