ടേക്ക് ഓഫ് 24ന് തിയേറ്ററുകളിലെത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടേക്ക് ഓഫ് 24ന് തിയേറ്ററുകളിലെത്തും

പ്രശസ്ത എഡിറ്ററായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ടേക്ക് ഓഫിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു.ഈ മാസം 24ന് ചിത്രം തിയേറ്ററുകളിലെത്തും.കുഞ്ചാക്കോ ബോബന്‍,ഫഹദ് ഫാസില്‍,അസീഫ് അലി എന്നീ താരങ്ങളൊരുമിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ പാര്‍വ്വതിയാണ് നായിക.നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.

ഇറാഖില്‍ വിമതരുടെ പിടിയിലായി ആശുപത്രിയില്‍ ബന്ദികളാക്കപ്പെട്ട നഴ്‌സുമാരുടെ ജീവിതകഥയാണ് ചിത്രത്തിലൂടെ പറയുന്നത്.ഒരു യഥാര്‍ത്ഥകഥയുടെ ചലച്ചിത്രാവിഷ്‌കരണമാണിത്.കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും നഴ്‌സുമാരുടെ വേഷത്തിലെത്തുമ്പോള്‍ ഫഹദ് ഫാസില്‍ ഇന്ത്യന്‍ അംബാസിഡറായി വേഷമിടുന്നു.ആസിഫ് അലിയുടെ കഥാപാത്രത്തെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.ദുബായ് പ്രധാന ലൊക്കേഷനായിരുന്ന ചിത്രം കൊച്ചിയിലും കാസര്‍കോഡുമാണ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിച്ചത്.
യുവതിരക്കഥാകൃത്ത് പി.വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് ടേക്ക് ഓഫിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് കമ്പനിയും ചേര്‍ന്നാണ് ടേക്ക് ഓഫ് നിര്‍മ്മിച്ചിരിക്കുന്നത്.