‘1987 ഡിസംബര്‍ 24 ലെ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു’ ; അന്വേഷണം ന്യൂസിന് മുന്നില്‍ പൊട്ടികരഞ്ഞ് ചിന്ന മദിരാശി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘1987 ഡിസംബര്‍ 24 ലെ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു’ ; അന്വേഷണം ന്യൂസിന് മുന്നില്‍ പൊട്ടികരഞ്ഞ് ചിന്ന മദിരാശി

തമിഴ്നാടിന്റെ അമ്മയെ  നഷ്ടപ്പെട്ട വേദനയില്‍ ചിന്ന മദിരാശി എന്ന പേരില്‍ എറണാകുളത്ത് ഏറ്റവും കൂടുതല്‍ തമിഴ്‌നാട് സ്വദേശികള്‍ തിങ്ങിപാര്‍ക്കുന്ന വാത്തുരുത്തി കോളനിയിലേക്കാണ് ഇന്ന് അന്വേഷണം ന്യൂസിന്റെ യാത്ര.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ ചിന്ന മദിരാശിയെന്നറിയപ്പെടുന്ന വാത്തുരുത്തിയിലെ തമിഴ് മക്കള്‍ നെഞ്ചകം പൊട്ടി  പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു. എന്നാല്‍ ജയലളിത മരിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ചിന്ന മദിരാശിയില്‍ എങ്ങും കണ്ണീരും വിതുമ്പലിന്റെ ഏങ്ങലടി ശബ്ദവും മാത്രം.

തമിഴ് മക്കളുടെ പുരട്ചി  തലൈവി ജയയുടെ വിയോഗത്തെ പറ്റി ഇവിടെയുളള തമിഴ് മക്കള്‍ നിറകണ്ണുകളോടെ പറഞ്ഞത് ഇങ്ങനെ '1987 ഡിസംബര്‍ 24 ലെ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെട്ടുവെന്നാണ്' .

ഇരുപത്തിയൊമ്പത് വര്‍ഷം മുന്‍പ് ഇതുപോലെ തമിഴ് ജനത മനസുരുകി കണ്ണീരോടെ പ്രാര്‍ത്ഥിച്ചിരുന്നു അവരുടെ പുരട്ചി തലൈവര്‍ എംജിആറിന് വേണ്ടി. പക്ഷേ കാത്തിരിപ്പിന് വിരാമിട്ടത് തമിഴ് മക്കളുടെ പൊട്ടിക്കരച്ചിലില്‍ ആയിരുന്നു.

വീണ്ടും ഇരുപത്തിയൊമ്പത് വര്‍ഷത്തിനിപ്പുറം ചരിത്രം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ നഷ്ടമായത് പുരട്ചി തലൈവിയെയായിരുവെന്ന് പറഞ്ഞിവര്‍ വിതുമ്പി പൊട്ടികരഞ്ഞു.

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി പഴനിയും കുടുംബവും കാലങ്ങളായി ഇവിടെ താമസിച്ചു വരുന്നവരാണ്  പഴനിക്ക് പ്രത്യേക രാഷ്ട്രീയമൊന്നുമില്ല.പക്ഷേ അമ്മ പോയ ദുഖം ഉള്‍ക്കൊളളാന്‍ കഴിയാതെ ഇന്നലെ വാര്‍ത്തയറിഞ്ഞത് മുതല്‍ ഒരേയിരിപ്പാണ്. കരഞ്ഞ് കരഞ്ഞ് കണ്ണീര് വറ്റിയ അങ്ങനെ നിരവധി മുഖങ്ങള്‍ ചിന്ന മദിരാശിയെ കണ്ണീരില്‍ മുക്കിയ പകലാക്കിയിരിക്കുന്നു. 

തമിഴ്‌നാട് അനുഭവിക്കുന്ന  ദു:ഖത്തിന്റെ ഒരു ഭാഗം ഇവരുടേതു കൂടിയാണ്. നാട്ടിലേക്ക് പോകുവാന്‍  സ്ഥിരം ബസ്സ് ബുക്കു ചെയ്തു വരുത്തുകയാണ് ഇവര്‍ ചെയ്തു വരുന്നത് . പക്ഷെ കേരളത്തില്‍ നിന്നുമുള്ള വാഹനങ്ങളുടെ സര്‍വ്വീസ്  നിയന്ത്രിച്ചതോടു കൂടി പലരുടേയും നാട്ടിലേക്കുള്ള പോക്കിന് തിരിച്ചടിയായി.

 ഇവിടെയുള്ള പിച്ചിയമ്മ തന്റെ കാണപ്പെട്ട ദൈവമായ ജയലളിത അമ്മയുടെ ചിത്രത്തിന് മുന്നില്‍ കൂപ്പുകൈകളോടെ വിങ്ങുകയാണ്.  തിരിച്ച് വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുകയാണ്.

ഡിസംബര്‍ മരവിച്ച ഓര്‍മകളുടെ കറുത്ത ദിനമായി തമിഴ് ജനതക്ക് മാറുന്നു. തമിഴ് മക്കളുടെ അമ്മയുടെ വേര്‍പാടില്‍ അവസാനമായി അവരുടെ ദൈവത്തെ കാണുവാനായി ചിന്ന മദിരാശിയില്‍  നിന്നും ഇവിടെ താമസിച്ചിരുന്ന തമിഴ് മക്കളില്‍ വലിയൊരു വിഭാഗം ജയയുടെ നില ഗുരുതരമാണന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ അങ്ങോട്ട് തിരിച്ചിരുന്നു.

എന്നാല്‍ ഇതിന് പോലും കഴിയാത്ത ചിലര്‍ ഇനി ഒരിക്കലും അമ്മയെ കാണാനാകില്ലയെന്ന സങ്കടം അടക്കിപിടിച്ച് അനക്കമറ്റ  ജയലളിതയെ തമിഴ് ചാനലിലൂടെ കണ്ണിമവെട്ടാതെ നോക്കിയിരിക്കുന്ന കാഴ്ച ഇവര്‍ക്ക് അമ്മ ആരായിരുന്നുവെന്ന ചിത്രം പറയാതെ പറയുന്നു. തമിഴ് മക്കളുടെ അമ്മ, എംജിആറിന്റെ പ്രിയ തോഴി, തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പുരട്ചി തലൈവി ജയലളിത ഇനി ഓര്‍മകളില്‍ മാത്രം.

ജയലളിതയെന്ന സിനിമ നടിയില്‍ നിന്ന് തമിഴകത്തെ അതീവസ്വാധീനശക്തിയായ അമ്മയിലേക്കുളള ജയയുടെ യാത്രക്ക് നാന്ദി കുറിച്ച് കൊടുത്ത പുരട്ചി തലൈവര്‍ക്കൊപ്പം പുരട്ചി തലൈവിയും അന്ത്യവിശ്രമത്തിലും ഒരുമിച്ച് തന്നെയാകും. മറീന ബീച്ചില്‍ എംജി ആര്‍ സ്മാരകത്തിനടുന്ന് തന്നെ തമിഴ് മക്കളുടെ പുകട്ചി തലൈവി ജയലളിതയും ഇനി അന്ത്യവിശ്രമം കൊളളും.


LATEST NEWS