കേരള പുനര്‍നിര്‍മാണത്തിന് 27000 കോടി വേണമെന്ന് യുഎന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള പുനര്‍നിര്‍മാണത്തിന് 27000 കോടി വേണമെന്ന് യുഎന്‍

തിരുവനന്തപുരം:കേരള പുനര്‍നിര്‍മാണത്തിന് 27000 കോടി രൂപ വേണ്ടി വരുമെന്ന‌് ഐക്യരാഷ‌്ട്രസഭയുടെ പ്രാഥമിക റിപ്പോര്‍ട്ട‌്. യുഎന്‍ നേതൃത്വത്തിലുള്ള 12 രാജ്യാന്തര ഏജന്‍സികളാണ് റിപ്പോര്‍ട്ട‌് തയ്യാറാക്കിയത‌്. കേന്ദ്ര സഹായത്തിന‌് പുറമെ വിദേശസഹായവും തേടണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, വായ‌്പകള്‍, നവകേരളലോട്ടറി തുടങ്ങിയവ വഴിയും ഫണ്ട‌് സമാഹരണം നടത്തണം. കുട്ടനാടിന്റെ സംരക്ഷണത്തിനായി മാസ‌്റ്റര്‍ പ്ലാന്‍ വേണം. 

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് (പിഡിഎന്‍എ)റിപ്പോര്‍ട്ടിന്റെ കരട് വ്യാഴാഴ‌്ച ചീഫ‌്സെക്രട്ടറിക്ക‌് സമര്‍പ്പിച്ചു. 72 വിദഗ്ധര്‍ പ്രളയബാധിതമായ പത്ത് ജില്ല സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പ്രളയമേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം കൂടുതല്‍ ജാഗ്രത വേണം. വെള്ളപ്പൊക്ക സാധ്യത, ജലത്തിന്റെ ഒഴുക്ക‌് തുടങ്ങിയവ അനുസരിച്ച‌് ജലനയം രൂപീകരിക്കണം. മികവുറ്റ പ്രളയപ്രതിരോധ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. പ്രളയ സാധ്യതാ മേഖലകളില്‍ നിരന്തരം ബോധവല്‍ക്കരണം നടത്തണം. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന‌് നെതര്‍ലന്റ‌്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ മാതൃകകള്‍ ഉപയോഗപ്പെടുത്താമോയെന്ന‌് പരിശോധിക്കണം.