നെൽകൃഷി സംരക്ഷണത്തിനായി 32 കോടി രൂപയുടെ പദ്ധതിയുമായി കൃഷിവകുപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെൽകൃഷി സംരക്ഷണത്തിനായി 32 കോടി രൂപയുടെ പദ്ധതിയുമായി കൃഷിവകുപ്പ്

ആലപ്പുഴ: അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷി സംരക്ഷിക്കാന്‍ കൃഷിവകുപ്പ് 32 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. 

പുറംബണ്ടുകളുടെ സംരക്ഷണം, ചാലുകളുടെ ആഴംകൂട്ടല്‍, പെട്ടി, പറ, എഞ്ചിന്‍തറ, കലുങ്ക്, ഫാം റോഡ് തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. കൃഷിവകുപ്പിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തി ‘ഹരിതം ഹരിപ്പാട്’ പദ്ധതിയില്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹരിപ്പാട്, പള്ളിപ്പാട്, വീയപുരം, ചെറുതന കൃഷിഭവനുകളുടെ പരിധിയിലെ അഞ്ചുവീതം പാടശേഖരങ്ങളാണ് ഇതില്‍പ്പെടുന്നത്.

പുറംബണ്ട് ഇല്ലാത്തതാണ് അപ്പര്‍ കുട്ടനാട്ടിലെ കൃഷിക്ക് ഏറ്റവും വലിയ ഭീഷണി. കര്‍ഷകര്‍ വര്‍ഷങ്ങളായി പുറംബണ്ടിനായി മുറവിളി കൂട്ടുകയാണ്. ഏറെ പഴക്കമുള്ള മണ്‍ബണ്ടുകളാണ് മിക്ക പാടശേഖരങ്ങള്‍ക്കും. മഴയിലും വെള്ളപ്പൊക്കത്തിലും മിക്ക പാടശേഖരങ്ങളിലും മടവീഴ്ച പതിവാണ്. 

കൃഷിയൊരുക്കം നടത്തി വിതയിറക്കിയ പാടത്ത് മടവീഴ്ചയുണ്ടാകുമ്പോള്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. പാടത്തെ പുളിരസം മാറ്റാന്‍ നീറ്റുകക്ക വിതറുമ്പോള്‍ വെള്ളം തുടര്‍ച്ചയായി കയറ്റുകയും ഇറക്കുകയും വേണം. ഇതിനുള്ള കലുങ്കുകള്‍ എല്ലാ പാടശേഖരങ്ങള്‍ക്കുമില്ല.

ബണ്ടുറോഡ്, ചാലുകളുടെ ആഴംകൂട്ടല്‍, പെട്ടി, പറ തുടങ്ങി കൃഷിവകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം കിട്ടിയാല്‍ അപ്പര്‍ കുട്ടനാടന്‍ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. ഇത് മഴയും വെള്ളപ്പൊക്കവുംനിമിത്തം കൃഷി വൈകുന്നതിന് അവസാനമാകുകയും ചെയ്യും.