എനിക്ക് വേദന സഹിക്കാനാകുന്നില്ല, 6 വയസുകാരി വിഷ്ണുപ്രിയ കാത്തിരിക്കുന്നു നല്ല മനസുകളുടെ കാരുണ്യത്തിനായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എനിക്ക് വേദന സഹിക്കാനാകുന്നില്ല, 6 വയസുകാരി വിഷ്ണുപ്രിയ കാത്തിരിക്കുന്നു നല്ല മനസുകളുടെ കാരുണ്യത്തിനായി

കണ്ണെഴുതാനും, പട്ടുപാവാടയിടാനും കൊതിച്ച വിഷ്ണുപ്രിയയെന്ന കുരുന്നിന് വിധി നൽകിയത് വേദനകളുടെ കൂമ്പാരമാണ്. പൊള്ളിയടർന്ന നെഞ്ചും, ശരീരഭാ​ഗങ്ങളും വസ്ത്രമിടുമ്പോൾ അസഹനീയ വേദനയും , ചൊറിച്ചിലും സമ്മാനിക്കുമ്പോൾ കരഞ്ഞു തളർന്ന കണ്ണുകളിൽ കരിമഷി എഴുതാനാകാതെ അമ്മ ബീന നിസഹായയായി അരികിലുണ്ടാകും.

2015 ൽ 60% ത്തോളം പൊള്ളലേറ്റ 6 വയസുകാരിയുടെ ശരീരത്തിലാകമാനം ഇപ്പോൾ പൊള്ളലേറ്റ ഇടങ്ങളിൽ കുമിളകളും, പഴുപ്പുമായി ഇരിക്കാനും കിടക്കാനും വസ്ത്രം ധരിക്കാനുമാകാത്ത സ്ഥിതിയാണുള്ളത്. 

ആറ്റുകാൽ, കൊച്ചുപുറക്കാമത്ത് വീട്ടിൽ‌ ഷിബുവിന്റെയും ബീനയുടെയും മകളായ 6 വയസുകാരി വിഷ്ണുപ്രിയയാണ് 3 വർഷത്തോളമായി വേദനതിന്നു ജീവിക്കുന്നത്. വിഷ്ണുപ്രിയയെ കൂടാതെ ഭാര്യ ബീനയും മക്കളായ വൈഷ്ണവി, വൈ​ഗ, വീണ എന്നിവരും കൂടാതെ അമ്മയും അടങ്ങിയ കുടുംബത്തിന്റെ ഭാരം മുഴുവനും ഷിബുവിന്റെ ചുമലിലാണ്. 

 


ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷിബുവിന്  മകളുടെ അപകടത്തോടെ ജോലിക്ക് പോകാൻ കഴിയാതെ വരുകയും  ജീവിത മാർ​ഗമെന്ന നിലയിൽ ഒാട്ടോ ഒാടിക്കാൻ തുടങ്ങുകയുമായിരുന്നു. 2015 മാർച്ചിലാണ് ഇവരുടെ കുടുംബത്തെ ഉലച്ചുകളഞ്ഞ സംഭവം നടക്കുന്നത്. ശ്രീവരാഹം എന്ന സ്ഥലത്ത് ചെറിയൊരു വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു ഷിബുവും കുടുംബവും. 3 വയസാകാറായ വിഷ്ണുപ്രിയയെ വീട്ടുടമയായ സ്ത്രീ താഴത്തെ നിലയിലേക്ക് പല ദിവസങ്ങളിലും കുഞ്ഞിനെ കളിപ്പിക്കാനായി എടുത്തുകൊണ്ട് പോകാറുണ്ടായിരുന്നു  അന്നും ഉച്ച കഴിഞ്ഞ് കുഞ്ഞുമായി താഴത്തെ നിലയിലേക്ക് പോയി ഏതാനും നിമിഷങ്ങൾക്കു ശേഷം കുഞ്ഞ് അലറി കരയുന്ന കേട്ട് ഒാടിയെത്തിയപ്പോൾ  കണ്ടത് ബേസിനിൽ കിടന്നു പിടക്കുന്ന തന്റെ കുഞ്ഞിനെയാണെന്ന് ഷിബു നടുക്കത്തോടെ ഒാർക്കുന്നു.

കുഞ്ഞിന്റെ മുഖവും ശരീരമാകെയും തിളച്ച വെള്ളം വീണ് തൊലി അടർന്ന് മാറി കണ്ടാൽ പേടിക്കുന്ന അവസ്ഥയിലായിരുന്നു കുഞ്ഞുണ്ടായിരുന്നതെന്ന് ഷിബു പറയുന്നു. തിളച്ച വെള്ളം വീണ കുഞ്ഞിന്റെ ശരീരത്തു പറ്റിച്ചേർന്നു പോയ ബനിയൻ ബലമായി വീട്ടുടമയായ സ്ത്രീ ഊരിമാറ്റിയപ്പോൾ പോയത് അത്രയും ഭാ​ഗത്തെ പൊള്ളിയ
ടർന്ന മാംസവും , തൊലിയുമെല്ലാമായിരുന്നു. ഇതു കണ്ട വിഷ്ണുപ്രിയയുടെ അമ്മ ബോധരഹിതയായി നിലംപതിക്കുകയും ചെയ്തു. ഒാടിക്കൂടിയ നാട്ടുകാരെല്ലാവരും ചേർന്നാണ് കുഞ്ഞിനെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്. 

വീട്ടുടമയിൽ നിന്നും ഇതുവരെ ഒരുരൂപപോലും സഹായം ലഭിച്ചില്ലെന്നു ഷിബു വ്യക്തമാക്കുന്നു. പോലീസ് സ്റ്റേഷനിൽ പല തവണ പോയിട്ടും യാതൊരു നടപടിയും എടുത്തില്ല. ഇനി എന്റെ മോൾക്ക് ചികിത്സ നൽകാനുള്ള ഒാട്ടത്തിലാണ് ഞാൻ അതിനാൽ കേസും കോടതിയുമൊന്നും എനിക്ക് താങ്ങാനാകില്ല, നല്ലവരായ ആളുകൾ തങ്ങളെ സഹായിക്കണെമന്ന് ഷിബു പറയുന്നു. 

2015 മാർച്ചിൽ ഇതു നടക്കുമ്പോൾ ഞാൻ 2 മാസം കൂടി കഴിഞ്ഞാൽ മെയ് 27 ന്   മോളുടെ ജൻമദിനത്തിനായി നാളുകളായി ചെറിയ തുക കൂട്ടിവെക്കുന്ന തിരക്കിലായിരുന്നെന്ന് ഷിബു വേദനയോടെ പറയുന്നു. 2015 മുതൽ ഇന്നുവരെ ഏകദേശം 7 ലക്ഷത്തിലധികം തുക വിഷ്ണുപ്രിയയുടെ ചികിത്സക്കായി മുടക്കികഴിഞ്ഞു. ഒാട്ടോ ഒാടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഇവരുടെ ആശ്രയം. ഷിബുവിന്റെ ഈ ചെറിയ വരുമാനത്തെ ആശ്രയിച്ച് 6 വയറുകളാണ് കഴിഞ്ഞ് പോകുന്നത്. 

 

 


മോൾക്ക് 2015 മുതൽ വസ്ത്രങ്ങൾ അധിക നേരം ധരിക്കാനാകില്ല എന്നതിനാൽ വീട്ടിൽ നിന്നു പുറത്തിറങ്ങുന്നത് തന്നെ അടിയന്തിരമായ സമയങ്ങളിൽ മാത്രമാണെന്ന് അമ്മ ബീന പറയുന്നു. പൊള്ളലേറ്റ ഇടങ്ങളിൽ നീരും പഴുപ്പും , കുമിളകളുമായതിനാൽ ഇപ്പോൾ വിഷ്ണുപ്രിയ ഉടുപ്പു കാണുമ്പോൾ തന്നെ പേടിച്ചു കരയുമെന്ന് അമ്മ പറയുന്നു. ചെറിയ പൊടിയോ അഴുക്കോ പോലും ഏറ്റാൽ ശരീരം ഇൻഫെക്ഷനാകുന്നത് പതിവായതിനാൽ 6000/- രൂപ മാസ വാടക നൽകിയാണ് ഷിബുവും കുടുംബവും താമസിക്കുന്നത്. സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമി ഷിബുവിനോ, ബീനക്കോ ഇല്ല, 12 വർഷത്തോളമായി വാടക വീടുകളിലാണ് ഇവരുടെ ജീവിതം. 6000/- രൂപ വാടകയും കുഞ്ഞിന്റെ മരുന്നിനാവശ്യമായ തുകയും, വീട്ടാവശ്യങ്ങളും ഷിബുവിന്റെ ജോലിയിൽ നിന്ന് നികത്താനാവുന്നില്ലെന്ന് ബീന പറയുന്നു. മുഴുവൻസമയവും കുട്ടിയുടെ കൂടെ വേണമെന്നതിനാൽ കൂലിപ്പണിക്ക് പോലും തനിക്ക് പോകാനാവുന്നില്ലെന്ന് ബീന സങ്കടത്തോടെ പറയുന്നു.

നിലവിൽ അമൃത ആശുപത്രിയിൽ ഡോക്ടർ കിഷോർ എന്ന പ്ലാസ്റ്റിക് സർജനാണ് വിഷ്ണു പ്രിയയെ പരിശോധിക്കുന്നത്. കുമിളകളും , പഴുപ്പും കൂടി വരുന്നതിനാൽ പുതിയ തൊലി വച്ച് പിടിപ്പിക്കാൻ തീരുമാനമായി, പക്ഷേ വിധി അവിടെയും അവരെ നിശേഷം തോൽപ്പിച്ച് കളഞ്ഞു. ചായ ദേഹത്ത് വീണ വിഷ്ണുപ്രിയയുടെ ഒരു തുടഭാ​ഗം മുഴുവനും പൊള്ളിപ്പോയതിനാൽ തൊലിയെടുക്കാനാവില്ല എന്ന് വിദ​ഗ്ധ ഡോക്ടർമാർ തീരുമാനിച്ചു , അതിനാൽ വിദേശത്തു നിന്ന് കൊണ്ടുവന്ന് ടിഷ്യു ഉപയോ​ഗിച്ചുള്ള ചികിത്സ മാത്രമാണ് ഈ കുരുന്നിന് ഇനി ചെയ്യാനാവുക. ഏകദേശം 7 ലക്ഷം മുകളിൽ ചിലവ് പ്രതീക്ഷിക്കുന്ന ഒാപ്പറേഷനായി ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം. 

അപകടം നടന്ന അന്നു മുതൽ ഇന്നുവരെ കുട്ടിക്ക് ശരിയായി ആഹാരം കഴിക്കാനോ, വസ്ത്രമിടാനോ, മറ്റുള്ള കുഞ്ഞുങ്ങളെ പോലെ ഒാടിച്ചാടി നടന്ന് കളിക്കാനോ കഴിഞ്ഞിട്ടില്ല.  

 

 

വേദന കൊണ്ട് കരയുന്ന മകളുടെ കണ്ണുനീർ ഇനിയും കണ്ട് നിൽക്കാനുള്ള കരുത്ത് തനിക്കില്ലെന്ന് ഷിബു കണ്ണീരോടെ പറയുന്നു. 2015 മുതൽ എന്റെ ലോകം ഈ വീടും വിഷ്ണു പ്രിയയെന്ന എന്റെ മോൾക്ക് ചുറ്റുമായി മാത്രമാണ്. എന്റെ മോൾ വേദനകൊണ്ട്  കരയുന്ന കേട്ടാണ് ഒട്ടുമിക്ക എല്ലാ ദിവസങ്ങളും തുടങ്ങുന്നതും, തീരുന്നതും അവളൊന്ന് ചിരിച്ചു കാണാൻ കൊതിയാണ് . വാക്കുകൾ ബീനയെന്ന അമ്മയ്ക്ക് മുഴുമിപ്പിക്കാനാകുന്നില്ല, അത്രക്കുണ്ട് അനുഭവിച്ച സങ്കടക്കടൽ. 


ഒാരോ നിമിഷവും, വേദനതിന്ന് ജീവിക്കുന്ന വിഷ്ണുപ്രിയയെന്ന കുരുന്നിനെ സഹായിക്കാൻ താൽപര്യമുള്ളവർക്കായി ഷിബുവിന്റെ ഫോൺ നമ്പറും അക്കൗണ്ട് ‍ഡീറ്റെയിൽസും ചുവടെ ചേർക്കുന്നു

 MOB: 08075854600, 09567212679

SHIBU.S.NAIR
A/C NO: 37280169870

IFSC: SBIN0071192

BRANCH: KALADY