പ്രളയക്കെടുതി: 82442 പേരെ രക്ഷപ്പെടുത്തി, 314391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍, മരിച്ചവരുടെ എണ്ണം 324 ആയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയക്കെടുതി: 82442 പേരെ രക്ഷപ്പെടുത്തി, 314391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍, മരിച്ചവരുടെ എണ്ണം 324 ആയി

തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. മഴക്കെടുതി കൂടുതല്‍ ദുരിതം വിതച്ച എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം പുരോഗമിക്കുന്നു. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രളയത്തില്‍ കുടുങ്ങിയ 82,442 പേരെ രക്ഷപ്പെടുത്തി. ആലുവയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്. 71,591 പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി. ചാലക്കുടിയില്‍ നിന്ന് 5,552 പേരെയും ചെങ്ങന്നൂരില്‍ നിന്ന് 3,060 പേരെയും കുട്ടനാട്ടു നിന്ന് 2,000 പേരെയും രക്ഷപ്പെടുത്തി.

70,085 കുടുംബങ്ങളിലെ 3,14,391 പേര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മൊത്തം ഈ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 324 ആയി. ഓഗസ്റ്റ് എട്ടു മുതല്‍ 17 രാവിലെ എട്ടു മണിവരെ മാത്രം 164 പേര്‍ മരിച്ചു.

ഞായറാഴ്ചയോടെ കേരളത്തില്‍ മഴ പൂര്‍ണമായും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും മഴ തുടരുമെങ്കിലും ശക്തമായ മഴ ആയിരിക്കില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

സായുധ സേന മാത്രം ഇതിനകം 3000 പേരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തെത്തിച്ചു. 750 ലേറെ പേര്‍ക്ക് ഇവര്‍ മരുന്നും നല്‍കി. അടിയന്തരമായി ഒരുക്കേണ്ട വഴികള്‍ സേന സജ്ജീകരിക്കുന്നുണ്ട്. കൂടാതെ, നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമാണ്.

വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഡൈവിങ് ടീമിനെയും കേന്ദ്ര പ്രതിരോധ മന്ത്രാലയം രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങള്‍ കൂടി ഇന്നെത്തി. വെള്ളവും ഭക്ഷണവും ഹെലികോപ്റ്റര്‍ വഴി നല്‍കുന്നുണ്ട്. 23 ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തന ദൗത്യത്തിലുള്ളത്. സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവാണ്.


LATEST NEWS