ഏ.ആറിന്റെ 150-ാം ജന്മവാര്‍ഷികാഘോഷ സമാപനം ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏ.ആറിന്റെ 150-ാം ജന്മവാര്‍ഷികാഘോഷ സമാപനം ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കേരളപാണിനി ഏ.ആര്‍. രാജരാജവര്‍മ്മയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്ന്‌്‌ (ഫെബ്രുവരി 22) വൈകിട്ട്‌ നാലിന്‌ മാവേലിക്കര ഏ.ആര്‍. സ്‌മാരകമായ ശാരദാമന്ദിരത്തില്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. 150-ാം ജന്മദിന സ്‌മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഏ.ആറിന്റെ പ്രതിമയുടെ അനാച്ഛാദനവും ഏ.ആര്‍. ജങ്‌ഷന്‍ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സാംസ്‌കാരികമന്ത്രി കെ.സി. ജോസഫ്‌ അധ്യക്ഷത വഹിക്കും. മലയാളശാകുന്തളം ശതാബ്ദി പതിപ്പ്‌ പ്രകാശനവും ശാരദാമന്ദിരത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിര്‍വഹിക്കും. ആര്‍. രാജേഷ്‌ എം.എല്‍.എ. ശതാബ്ദി പതിപ്പ്‌ ഏറ്റുവാങ്ങും. കേരളപാണിനി വാര്‍ത്താപത്രിക പ്രകാശനം, സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി സാജന്‍ പീറ്റര്‍ നഗരസഭാധ്യക്ഷന്‍ അഡ്വ.കെ.ആര്‍. മുരളീധരനു നല്‍കി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. യു. പ്രതിഭാ ഹരി ശില്‍പ്പി ഇ.വി. കൊച്ചുകുഞ്ഞ്‌ പരിമണത്തിന്‌ ഉപഹാരവും കല്ലുമല രാജന്‍ പ്രശസ്‌തിപത്രവും സമര്‍പ്പിക്കും. സ്‌മാരകസമിതി ചെയര്‍പേഴ്‌സണ്‍ സുഗതകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിതാ സജീവ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ അഡ്വ. കോശി എം. കോശി, അഡ്വ. ജി. അജയകുമാര്‍, സി. ചന്ദ്രലേഖ, ഷീജാ അനി, ഏ.ആറിന്റെ ചെറുമകള്‍ രത്‌നം രാമവര്‍മ തമ്പുരാന്‍, ജോര്‍ജ്‌ തഴക്കര, സ്‌മാരകസമിതി വൈസ്‌ പ്രസിഡന്റ്‌ എം.കെ. മാധവന്‍ നായര്‍, സെക്രട്ടറി അനി വര്‍ഗീസ്‌, ജെന്നിങ്‌സ്‌ ജേക്കബ്‌, ജെ. ഉണ്ണിക്കൃഷ്‌ണക്കുറുപ്പ്‌, രഞ്‌ജിത്‌ കുമാര്‍, വി.പി. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

ഇന്നു രാവിലെ 10 മുതല്‍ കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരങ്ങള്‍ നടക്കും. ഉച്ചയ്‌ക്കു മൂന്നുമുതല്‍ കഥ/കവിയരങ്ങ്‌. ജസ്‌റ്റിസ്‌ എം. സുധാകരന്‍ നേതൃത്വം നല്‍കും.