കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 4 കോടി 57 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 4 കോടി 57 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 4 കോടി 57 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനദുരന്ത പ്രതികരണ നിധിയിൽ നിന്നും പണം അനുവദിച്ചത്. എട്ട് ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് ഈ പണം വിനിയോഗിക്കും. കാലവർഷം കൂടുതൽ നാശം വിതച്ച കോഴിക്കോട് ജില്ലയിൽ 1 കോടി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന്‌ സ്ഥിതിഗതികൾ വിലയിരുത്തി. ഡാമുകളുടെ ഷട്ടറുകൾ രാത്രി സമയത്ത് പൂർണ്ണമായും തുറക്കരുതെന്ന് തീരുമാനിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ദുരന്ത പ്രതികരണ സേനയുടെ രണ്ടാമത്തെ സംഘം രാത്രിയോടെ മലപ്പുറത്ത് എത്തിച്ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രത നിര്‍ദേശം നല്‍കികൊണ്ടാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കുമെന്നും അറിയിച്ചു.

അതേസമയം കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് - കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണിത്.

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയ സാഹചര്യത്തിലാണ് പാത അടച്ചത്. തലശേരി - മൈസൂര്‍ റൂട്ടില്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന സുപ്പര്‍ ക്ലാസ് ബസുകള്‍ കുട്ട വഴി വയനാടിലേക്കും മൈസൂര്‍ ബാംഗ്ലൂര്‍ലേക്കും സര്‍വീസ് നടത്തും.