സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്

കൊച്ചി : സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്. സഹസംവിധായകയായ പെണ്‍സുഹൃത്തുമായി ആല്‍വിന്‍ ആന്റണിയുടെ മകന് ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടില്‍ കയറി ആക്രമിച്ചെന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് റോഷന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയത്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം. അവരുടെ നിര്‍ദ്ദേശപ്രകാരമാകും തുടര്‍ നടപടികള്‍ ഉണ്ടാകുക. കഴിഞ്ഞദിവസം പതിനഞ്ചോളം വരുന്ന സംഘം എറണാകുളം പനമ്പളളി നഗറിലെ വീട്ടില്‍ ഗുണ്ടകളുമായെത്തി മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ റോഷന്‍ ആന്‍ഡ്രൂസിനെ കൂടാതെ സുഹൃത്ത് നവാസിനുമെതിരെയും കേസെടുത്തിട്ടുണ്ട്.

എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിയില്‍ പൊലീസ് ആല്‍വിന്റെ കുടുംബാംഗങ്ങളില്‍നിന്നു മൊഴിയെടുത്തു. റോഷന് എതിരെ ആല്‍വിന്‍ ആന്റണിയും നിര്‍മ്മാക്കളുടെ സംഘടനാംഗങ്ങളും നേരിട്ട് ചെന്നാണ് ഡിജിപിയെ കണ്ട് പരാതി നല്‍കിയത്. സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മധ്യസ്ഥ ചര്‍ച്ചകളൊന്നും നടക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. 
അതേസമയം പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താനാണെന്നുമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം. ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ഇക്കാര്യത്തില്‍ ഒരിക്കല്‍ താന്‍ താക്കീത് നല്‍കിയിരുന്നു.

എന്നാല്‍ വീണ്ടും ഉപയോഗം തുടങ്ങിയതോടെ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷന്‍ പറയുന്നത്. ഇതിന്റെ പ്രതികാരമായി ഇയാള്‍ തനിക്കെതിരെ നിരന്തരം അപവാദ പ്രചരണം നടത്താറുണ്ടായിരുന്നു. ഇത് അമിതമായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും കൂട്ടാളിയേയും ആക്രമിക്കുകയും നവാസിന്റെ വയറില്‍ തൊഴിച്ചുവെന്നാണ് റോഷന്റെ ആരോപണം. ഇക്കാര്യത്തില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയതായും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. നിലവില്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തിയതോടെ അടുത്തെങ്ങും റോഷന് സിനിമ ചെയ്യാന്‍ സാധിക്കില്ല. കായംകുളം കൊച്ചുണ്ണിയാണ് റോഷന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.