ഫാക്ട് സിഎംഡി അഴിമതിയുടെ വടവൃക്ഷം

'ആയിരം കോടി വാഗ്ദാനം ചെയ്തശേഷം ഫാക്ടിന് കിട്ടിയത് ആറുകോടി' എന്ന അന്വേഷണംഡോട്ട്‌കോം മാര്‍ച്ച് ഒന്നിനു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനു ഫാക്ടിലെ ഒരു ഉദ്യോഗസ്ഥന്‍ എഴുതിയ മറുപടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫാക്ട് സിഎംഡി അഴിമതിയുടെ വടവൃക്ഷം

കൊച്ചി: ഫാക്ട് പ്രതാപകാലത്തില്‍ നിന്നും പടിയിറങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. കേന്ദ്ര സര്‍ക്കാരിന്റെ ലിബറലൈസേഷന്‍ പോളിസിയും സബ്‌സിഡി വിരുദ്ധനയവും മാനേജ്‌മെന്റ് നേതൃത്വത്തില്‍ ദീര്‍ഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമെല്ലാം ഈ മഹാ സ്ഥാപനത്തെ എരിതീയില്‍ നിന്നും വറചട്ടിയിലേക്കെത്തിച്ചിരിക്കുകയാണ്. താഴെ കൊടുത്തിരിക്കുന്ന പത്തു വര്‍ഷത്തെ കണക്കില്‍ നിന്നും സ്ഥാപനത്തിന്റെ പതനം വായിച്ചെടുക്കാം. 
    2015 മാര്‍ച്ചില്‍ സഞ്ചിതനഷ്ടം 1500 കോടി രൂപ കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ആറുമാസത്തെ നഷ്ടം 250 കോടി കഴിഞ്ഞതായി അറിയുന്നു. മാര്‍ച്ച് അവസാനത്തോടെ സഞ്ചിത നഷ്ടത്തിലേക്ക് 500 കോടി ചേര്‍ന്ന് 2000കോടിയിലെത്താന്‍ എല്ലാ സാധ്യതയുമുണ്ട്. എല്‍.എന്‍.ജിയുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലയിടിവ് ഉപയോഗപ്പെടുത്താന്‍ മാനേജ്‌മെന്റിന് കഴിയാത്തതുകൊണ്ടാണ് നഷ്ടകണക്ക് ഇത്രയും ഉയര്‍ന്നത്. 992 കോടിയുടെ പാക്കേജ് കൈയില്‍ കിട്ടിയാല്‍ തന്നെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിടത്തു തന്നെ ഇതില്‍ കൂടുതല്‍ കൊടുക്കുവാനുണ്ട്. 
    2013 ഏപ്രില്‍ ഒന്നിന് ചാര്‍ജ്ജെടുത്ത ജയ്‌വീര്‍ ശ്രീവാസ്തവ തന്നെയാണ് ഇപ്പോഴത്തെ സിഎംഡി. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സിഎംഡി പദത്തില്‍ നിന്ന് അതിസങ്കീര്‍ണ്ണമായ കെമിക്കല്‍ പെട്രോ കെമിക്കല്‍ ഡിസൈനിങ്ങും ഉള്‍പ്പെടെ അതിവിപുലമായ മര്‍ക്കറ്റിങ്ങ് ശൃംഖലയുമുള്ള ഫാക്ട് നയിക്കാനുള്ള  സാങ്കേതിക തികവ്, ആസൂത്രണ വൈഭവം മുതലായ നല്ല ഗുണങ്ങളുടെ അഭാവം ജയ്‌വീര്‍ ശ്രീവാസ്തവയ്ക്കുണ്ട്. എന്നാല്‍ അഴിമതിയുടെ കാര്യത്തില്‍ അദ്ദേഹം ഒരു വടവൃക്ഷം തന്നെയാണെന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ നിന്നും എല്ലാവര്‍ക്കും മനസ്സിലായി. 
    ജയ്‌വീര്‍ ശ്രീവാസ്തവയെ ചാര്‍ജ്ജെടുത്ത ശേഷം ഉടനെ തന്നെ മുന്തിയ പരിഗണനകൊണ്ട് സ്വന്തം ക്വാര്‍ട്ടേഴ്‌സ് നവീകരിച്ചു.ചെലവ് ഒന്നരക്കോടി. ഓഫീസ് നവീകരണം 50 ലക്ഷം രൂപ. രണ്ടുകോടി രൂപ ആര്‍ഭാടത്തിനു വേണ്ടി മാത്രം തുലച്ചു കളഞ്ഞു.
    ക്വാര്‍ട്ടേഴ്‌സ് പെയിന്റിങ്ങ് ജോലികള്‍ക്കു മാത്രം 9.40ലക്ഷം രൂപയും കിച്ചണ്‍ ഫര്‍ണീച്ചറിനു അഞ്ചു ലക്ഷത്തില്‍ താഴെയും എ.സി ഘടിപ്പിച്ച പട്ടിക്കൂടിനു 3 ലക്ഷത്തിലധികവും ലിവിങ്ങ് റൂം വെളിച്ച വിതാനത്തിനു 1.64 ലക്ഷം രൂപയും ചെലവഴിച്ചുകൊണ്ട് അദ്ദേഹം നയം വ്യക്തമാക്കി. പെയിന്റിങ്ങ്, ടാറിംഗ്, സൗന്ദര്യവല്‍ക്കരണം എന്നീ കാര്യങ്ങളില്‍ അതി മിടുക്കനെന്ന് അദ്ദേഹം തെളിയിച്ചു. റോമെറ്റീരിയലിനെക്കുറിച്ചോ പ്ലാന്റിനെക്കുറിച്ചോ അദ്ദേഹത്തിന്റെ വിവരമില്ലായ്മ എത്രയും വേഗം വെളിപ്പെട്ടുവെങ്കിലും വാരാന്ത്യങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി ഡല്‍ഹിക്കു പോകുമ്പോള്‍ തിരിച്ചുവരവിനു കൃത്യമായി ബോധിപ്പിച്ചുകൊണ്ടിരുന്നു.
    കമ്പനിയുടെ വിവിധ മേഖലകള്‍ പുനര്‍ക്രമീകരിച്ച് പുറത്തു നിന്നുള്ള വിവരശാലികളെ കൊണ്ടുവരാനുള്ള നീക്കം നടന്നു. അങ്ങനെ ഫെഡോ(ഫാക്ടിന്റെ എഞ്ചിനീയറിംങ് വിഭാഗം)വിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റായി രാം അവതാര്‍ ത്യാഗിയെ ഡല്‍ഹിയില്‍ നിയമിച്ചു. മാസവേതനം 70000 രൂപയാണെങ്കിലും തീറ്റയും കുടിയും യാത്രയുമായി 20 മാസംകൊണ്ട് 40 ലക്ഷത്തില്‍ അധികം രൂപ ഈ മഹാത്യാഗി ഇതിനകം ചെലവാക്കി കഴിഞ്ഞു. എന്‍.ഐ.ടി, നാഗാലാന്റ് ക്യാമ്പസ് സൈറ്റ് ഉറപ്പായിട്ടും നഷ്ടത്തിലേക്ക് പോകുമെന്നതിന് മറ്റുതെളിവുകള്‍ ആവശ്യമില്ല. എഴുപതുകാരനായ ത്യാഗി നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍(NBCC) യിലെ ഉദ്യോഗസ്ഥനായിരുന്നു. ജയ്‌വീര്‍ ശ്രീവാസ്തവ ത്യാഗിയുടെ കീഴുദ്യോഗസ്ഥനായിരുന്നു. ജയ്‌വീര്‍ 2006ല്‍ ഹിന്ദുസ്ഥാന്‍ പ്രിഫാബിന്റെ(HBA) ഡല്‍ഹി സിഎംഡിയായി ചാര്‍ജ്ജെടുത്ത ശേഷം ത്യാഗിയെ എച്ചിപിഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി കൂടെ നിര്‍ത്തി. ജയ്‌വീര്‍ മറ്റൊരു എന്‍ബിസിസി കീഴുദ്യോഗസ്ഥനായിരുന്ന സി പി ദിനേശനെയും എച്ച്പിഎല്ലില്‍ എത്തിച്ചു. ഇപ്പോള്‍ ഈ മുക്കൂട്ട് മുന്നണി ഫാക്ടിന് കളങ്കം ചാര്‍ത്തുകയാണ്. ദിനേശന്‍ ഫാക്ട് ആര്‍സിഎഫ് ബില്‍ഡിംഗ് പ്രൊഡക്ടിന്റെ എംഡിയായി വിരാജിച്ച് വരുന്നു. E8 നിലവാരത്തിലുള്ള നിയമനങ്ങള്‍ നവരത്‌ന കമ്പനികളില്‍പോലും നിര്‍ത്തിവെച്ചിരിക്കുമ്പോള്‍ ഡയറക്ടര്‍ ബോര്‍ഡിനെയും മന്ത്രാലയത്തെയും കബളിപ്പിച്ചുകൊണ്ട് ഇവിടെ നടപ്പാക്കിയിരിക്കുന്നു. ഇത് കേന്ദ്ര എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. റിട്ടയര്‍ ചെയ്തവരെ കമ്പനി പദവികളില്‍ നിയമിച്ച് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ അവരിലൂടെ നടപ്പാക്കിയെടുക്കലില്‍ ജയ്‌വീര്‍ മിടുക്കനാണെന്ന് അദ്ദേഹത്തിന്റെ എച്ച്പിഎല്‍ ചരിത്രം പറയുന്നു. പതിനാല് റിട്ടയേര്‍ഡ് ഓഫീസേര്‍സിനെ എച്ച്പിഎല്ലില്‍ നിയമിച്ചതിനെതിരെ കേസ് നിലനില്‍ക്കുമ്പോഴാണ് ഫാക്ട് സിഎംഡി ആയി ജയ്‌വീര്‍ നിയമിതനായത്. ഫാക്ടില്‍ റിട്ടയേര്‍ഡ് ആയ നിരവധിപേരെ നിയമിച്ചിട്ടുണ്ട്. മുന്‍ ജി എം (HR) ജെ പി പ്രദീപ് എച്ച് ആര്‍ മാനേജര്‍ ആയ കെ കെ ലിന രാജ് എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടും. 
    ഫാക്ടിന്റെ ഭൂമി ഇപ്പോള്‍ സജ്ജീവചര്‍ച്ചയിലേക്ക് വന്നു കഴിഞ്ഞു എന്ന് അതിന്റെ സ്‌പോണ്‍സര്‍മാര്‍ സമ്മതിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി ഫാക്ടിന്റെ ഭൂമിയിലേക്ക് നേരിട്ട് പ്രവേശിച്ച് രംഗം കൊഴുപ്പിക്കാന്‍ ആണിയറ നീക്കം ശക്തമാണ്. ഇന്ന് നാളെ മറ്റന്നാള്‍ എന്ന ലോട്ടറി വചനം പോലെ ഫാക്ട് പാക്കേജ് എന്നിനി പറയാന്‍ ആരും ഇല്ല. പാക്കേജ് എങ്ങനെ നഷ്ടപ്പെട്ടു എന്നു പറയാന്‍ ഇവര്‍ക്ക് ബാധ്യത ഇല്ലേ? അതെ, ഇനി ഭൂമി കച്ചവടമാണല്ലോ സുഖപ്രദം. 
    യശ്ശശരീരനായ എംകെകെ നായരെ പാക്ടിന്റെ മാനേജിംഗ് ഡയറക്ടറായി നിയോഗിക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ നെഹ്‌റുവിന് ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ വ്യവസായ വികസനത്തിന് വന്‍ സംഭാവനകള്‍ നല്‍കികൊണ്ട് എംകെകെ നായര്‍ നെഹ്‌റുവിന്റെ സ്വപ്‌നങ്ങളെ സാക്ഷാത്ക്കരിച്ചുകൊണ്ടാണ് അമ്പലമേട് മറ്റൊരു പ്രൊഡക്ഷന്‍ ഡിവിഷനായ ഫെഡോ, ഫ്യൂ എന്നീ ലോകോത്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ രൂപീകരിച്ചുകൊണ്ട് പ്രദേശത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൂടാതെ വ്യവസായ വികസനത്തിനായി വളരെ വിപുലമായ സൗകര്യവും അദ്ദേഹം ഫാക്ടിനായി സംഘടിപ്പിച്ചു. ഇപ്പോള്‍ കോര്‍പറേറ്റ് ദല്ലാള്‍മാരുടെ വിപണി മോഹങ്ങളിലാണ് ഫാക്ട്. കഴുകന്മാര്‍ ഫാക്ടിന്റെ ആകാശത്ത് വട്ടമിട്ടു പറക്കുകയാണ്.
    എംകെകെ നായരുടെ ഏറ്റവും മഹത്തായ സംഭാവനകളില്‍ ഒന്നാണ് 1600 ഏക്കറോളം വിസ്തൃതി വരുന്ന അമ്പലമേട് ഡിവിഷനും 200 ഏക്കറോളം വരുന്ന ജലാശയവും അതിനു മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗസ്റ്റ് ഹൗസുമാണ്. ഇവിടെ പറക്കാന്‍ തുടങ്ങിയ കഴുകന്മാര്‍ ഇപ്പോള്‍ ലക്ഷ്യത്തിനോടടുത്ത് എത്തിയിരിക്കുകയാണ്. അതാണ് പാക്കേജ് വിരുദ്ധ ഭൂമാഫിയയുടെ അജണ്ട.


LATEST NEWS