പാലക്കാട്‌ പാസ്പോര്‍ട്ട്‌ സേവാകേന്ദ്രം വരുന്നു; നിറവേറുന്നത് പാലക്കാടുകാരുടെ ദീര്‍ഘ നാളത്തെ ആവശ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാലക്കാട്‌ പാസ്പോര്‍ട്ട്‌ സേവാകേന്ദ്രം വരുന്നു; നിറവേറുന്നത് പാലക്കാടുകാരുടെ ദീര്‍ഘ നാളത്തെ ആവശ്യം

പാലക്കാട്: പാലക്കാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഒരു പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രം. ഒരുപാട് കാലത്തെ അവരുടെ ആവശ്യം ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ ഈ വിഷയം അര ഡസൻ തവണ ഉന്നയിക്കുകയും വിദേശകാര്യ മന്ത്രിയെ നേരിട്ടു കണ്ട് പല തവണ സമ്മർദ്ദം ചെലുത്തുകയും ചെയ്തതിന് ഇപ്പോൾ ഫലമുണ്ടായിരിക്കുകയാണ്. വളരെക്കൂടുതൽ അപേക്ഷകർ ഉള്ള ജില്ലയായിരുന്നിട്ടും പാലക്കാടിന് പാസ്‌പോർട്ട് സേവാ കേന്ദ്രം അനുവദിക്കപ്പെട്ടിരുന്നില്ല. 

പ്രതിദിനം ഏതാണ്ട് നാനൂറിനടുത്ത് അപേക്ഷകരുണ്ടായിട്ടും പാലക്കാടിന് പാസ്‌പോർട്ട് സേവാ കേന്ദ്രം അനുവദിക്കാത്തതിലെ വിവേചനം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാലക്കാടിനേക്കാള്‍ അപേക്ഷകർ കുറവുളളയിടങ്ങളിൽ പോലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടും പാലക്കാടിനോട് കാണിക്കുന്ന അവഗണന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയുമുണ്ടായി.  

പാലക്കാട്ടുകാർക്ക് പാസ്‌പോർട്ട് ലഭിക്കുന്നതിന് ആദ്യം മലപ്പുറത്തെ പാസ്‌പോർട്ട് കേന്ദ്രത്തെയും പിന്നീട് തൃശ്ശൂരിനേയും ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും ആവശ്യക്കാർക്ക് എത്തിച്ചേരാൻ കഴിയുന്ന സ്ഥലം എന്ന നിലയിൽ ഷൊർണൂരിൽ പാസ്‌പോർട്ട് സേവാ കേന്ദ്രം സ്ഥാപിക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം.എന്നാൽ ഉചിതമായ സ്ഥലം ലഭിക്കാതിരുന്നത് ഇതിന് തടസ്സമായി. പിന്നീടാണ് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉള്ള ഒലവക്കോട് പോസ്റ്റ് ഓഫീസിൽ പാസ്‌പോർട്ട് സേവാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കഴിഞ്ഞ മാസം കത്ത് നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാലക്കാട് പാസ്‌പോർട്ട് സേവാ കേന്ദ്രം യാഥാർത്ഥ്യമായിട്ടുള്ളത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി പാലക്കാടെ ജനങ്ങളുടെ വലിയൊരു ദുരിതമാണ് ഒഴിയുന്നത്. 


LATEST NEWS