ശബരിമല നടയടയ്‌ക്കാനുള്ള അധികാരം ഞങ്ങള്‍ക്ക് തന്നെ; നിലപാട് ആവര്‍ത്തിച്ച്‌ പന്തളം രാജകുടുംബം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല നടയടയ്‌ക്കാനുള്ള അധികാരം ഞങ്ങള്‍ക്ക് തന്നെ; നിലപാട് ആവര്‍ത്തിച്ച്‌ പന്തളം രാജകുടുംബം

തിരുവനന്തപുരം: ശബരിമല നടയടയ്‌ക്കാന്‍ തങ്ങള്‍ക്ക് തന്നെയാണ് അധികാരമെന്ന് ആവര്‍ത്തിച്ച്‌ പന്തളം കൊട്ടാര നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല നടയടയ്‌ക്കാന്‍ പന്തളം രാജകുടുംബത്തിന് അധികാരമില്ലെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഉടമ്ബടി പ്രകാരമാണ് ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം തങ്ങള്‍ക്ക് ലഭിച്ചത്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്നവരുടേത് സ്‌പോണ്‍സേര്‍ഡ് സമരമാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം പൊലീസ് സുരക്ഷയില്‍ രണ്ട് യുവതികള്‍ ശബരിമലയിലെ നടപ്പന്തല്‍ വരെയെത്തിയപ്പോള്‍ ശ്രീകോവില്‍ അടച്ച്‌ തന്ത്രിമാര്‍ പൂജയില്‍ നിന്ന് വിട്ട് നിന്ന് പ്രതിഷേധിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. 

തന്ത്രിമാരുടെ നീക്കം ശരിയായില്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് തന്ത്രിമാരും പന്തളം രാജകുടുംബവും പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടിയായാണ് ശബരിമലയിലെ അധികാരം തങ്ങള്‍ക്ക് തന്നെയാണെന്ന ശശികുമാര വര്‍മയുടെ കടുത്ത നിലപാട് എത്തിയത്. എന്നാല്‍ ഇപ്പോള്‍ രാജഭരണമല്ല ജനാധിപത്യമാണെന്ന് പന്തളം രാജകുടുംബം ഓര്‍ക്കണമെന്ന് മന്ത്രി എം.എം.മണി മറുപടി നല്‍കുകയും ചെയ്‌തിരുന്നു. 
 


LATEST NEWS