പിണറായി സർക്കാർ അവസാനത്തെ ഇടതു സർക്കാരായിരിക്കുമെന്ന് കെ സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിണറായി സർക്കാർ അവസാനത്തെ ഇടതു സർക്കാരായിരിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായി സർക്കാർ അവസാനത്തെ ഇടതു സർക്കാരായിരിക്കുമെന്ന് ബിജെപി ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രളയക്കെടുതിക്ക് കേന്ദ്രം നല്‍കിയ അരി സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

'അരിയ്ക്ക് ശത്രു എന്നൊരർത്ഥം കൂടിയുണ്ടെന്ന് ഇന്നാണ് മലയാളിക്ക് ശരിക്കും ബോധ്യമായത്. അതെ പിണറായി സർക്കാരാണ് കേരളത്തിന്റെ ഏറ്റവും വലിയ ശത്രു. ഈയവസ്ഥയിലും ഇത്രയും ഉത്തരവാദിത്വമില്ലാതെ പെരുമാറാൻ പിണറായി വിജയൻ സർക്കാരിനു മാത്രമേ കഴിയൂ. അരി തീരാറായി എന്നൊരു ചൊല്ലുണ്ട് മലബാറിൽ. മരിക്കാൻ കിടക്കുന്നവനെ ഉദ്ദേശിച്ചാണ് അത് പറയാറുള്ളത്. ഇവിടെ അത് അന്വർത്ഥമാവുകയാണ്. പിണറായി സർക്കാർ അവസാനത്തെ ഇടതു സർക്കാരായിരിക്കും'- സുരേന്ദ്രന്‍ പറഞ്ഞു.

പ്രളയക്കെടുതി പരിഗണിച്ചു കേന്ദ്രസർക്കാർ അധികമായി അനുവദിച്ച 89,540 ടൺ അരി മൂന്നാഴ്ചയായിട്ടും കേരളം  ഏറ്റെടുതിട്ടില്ല. ആവർത്തിച്ച് അറിയിച്ചിട്ടും മിക്ക ജില്ലകളിലും സപ്ലൈ ഓഫിസർമാർ ഗോഡൗണുകളിൽനിന്ന് അരി ഏറ്റെടുക്കുന്നില്ലെന്നു ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) കേരള ജനറൽ മാനേജർ എസ്.കെ.യാദവ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. എഫ്സിഐയുടെ 22 ഡിപ്പോകളിൽ 14 സ്ഥലത്തുനിന്ന് ഒരു കിലോ അരി പോലും ഏറ്റെടുത്തിട്ടില്ല. 19 ന് അകം ഏറ്റെടുത്തില്ലെങ്കിൽ അധിക അരി സംസ്ഥാനത്തിനു നഷ്ടമാകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പ്രളയ ദുരിതബാധിതർക്കു കേന്ദ്രം അനുവദിച്ച അധിക അരി ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്നു മന്ത്രി പി.തിലോത്തമൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അധിക അരിക്കു വില നിശ്ചയിക്കാത്തതിനാലാണ് ഏറ്റെടുക്കൽ വൈകിയത്. അരിവില കേന്ദ്രം ഇതുവരെ നിശ്ചയിച്ചു തന്നിട്ടില്ല. വില നിശ്ചയിച്ചിട്ടില്ലെങ്കിലും അടിയന്തരമായി ഏറ്റെടുക്കാൻ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. അരി ശേഖരിക്കാൻ ആവശ്യമായ അധിക ഗോഡൗണുകൾ സംസ്ഥാനത്തില്ല. ഇതിനായി ഗോഡൗണുകൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
 


LATEST NEWS