അര്‍ച്ചന പത്മനിയുടെ വെളിപ്പെടുത്തല്‍; പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിയെ സസ്‌പെന്റ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അര്‍ച്ചന പത്മനിയുടെ വെളിപ്പെടുത്തല്‍; പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിയെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന യുവനടി അര്‍ച്ചന പദ്മിനിയുടെ പരാതിയില്‍ പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക അനിശ്ചിത കാലത്തേക്ക് സസ്‌പെന്റ് ചെയ്തു. ഇക്കാര്യത്തില്‍ നടി നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് പ്രൊഡക്ഷന്‍ യൂണിയനും ഫെഫ്‌കയും നടപടിയെടുത്തത്.

നേരത്തെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷെറിനെതിരെ നടപടിയെടുത്തിരുന്നുവെങ്കിലും പിന്നീട് സംഘടനയിലേക്ക് തിരിച്ചെടുത്തു. ഷെറിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബാദുഷ അടക്കമുള്ളവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. പ്രൊഡക്ഷന്‍ യൂണിയന്റെ സെക്രട്ടറിയേയും പ്രസിഡന്റിനേയും വിളിച്ച്‌ വരുത്തി വിശദീകരണം തേടിയതായും ഫെഫ്‌ക ഭാരവാഹികളും അറിയിച്ചിട്ടുണ്ട്.

2017 ഏപ്രില്‍ 16 ന് അര്‍ച്ചന പത്മിനി നല്‍കിയ പരാതിയില്‍ ഇരുഭാഗങ്ങളുടേയും വിശദീകരണം കേട്ട ശേഷം ഷെറിന്‍ സ്റ്റാന്‍ലിയെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു ഫെഫ്കയുടെ തീരുമാനം. ലൈംഗിക അതിക്രമം നടന്നെന്ന് ബോധ്യപ്പെട്ടതിനാല്‍ ഷെറിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഫെഫ്ക നേതൃത്വം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് ബാദുഷ, ഷെറിന്‍ സ്റ്റാന്‍ലിയെ വീണ്ടും ജോലിക്ക് എടുത്തതെന്ന് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംഭവം വീണ്ടും വിവാദമായതോടെയാണ് ഷെറിന്‍ സ്റ്റാലിനെതിരെ നടപടിയെടുത്തത്.
 


LATEST NEWS