വനിതാ കാവൽക്കാരുള്ള റയിൽവേ ഗേറ്റുകളിൽ ശുചിമുറി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വനിതാ കാവൽക്കാരുള്ള റയിൽവേ ഗേറ്റുകളിൽ ശുചിമുറി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: സ്ത്രീകൾ ജോലി ചെയ്യുന്ന  എല്ലാ റെയിൽവേ ഗേറ്റുകളിലും ശുചി മുറി സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പാലക്കാട് റയിൽവേ ഡിവിഷനിൽ ആദ്യം നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു.

പാലക്കാട് ഡിവിഷനിൽ നാല് റയിൽവേ ഗേറ്റുകളിൽ ശുചിമുറി സൗകര്യമില്ലെന്ന് ദക്ഷിണ റയിൽവേ സമർപ്പിച്ച വിശദീകരണത്തിൽ സമ്മതിച്ചു.112 ഗേറ്റുകളിൽ 43 എണ്ണത്തിൽ വനിതാ ഗാർഡുമാരാണ് പ്രവർത്തിക്കുന്നത്. നാലിടത്ത് ഒഴികെ ശുചിമുറിയും കുടിവെള്ള സൗകര്യവുമുണ്ട്.  റയിൽവേ ഗേറ്റുകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് നേരേ അതിക്രമം ഉണ്ടായിട്ടില്ല. 2015ൽ കണ്ണൂരിൽ മാത്രമാണ് അക്രമം ഉണ്ടായത്.

വനിതകൾ പ്രവർത്തിക്കുന്ന ശുചിമുറി പോലുമില്ലാത്ത നാല് ഗേറ്റുകളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. രണ്ട് മാസത്തിനകം ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണം. പാലക്കാട് ഡിവിഷനിലെ എല്ലാ റയിൽവേ ഗേറ്റുകളിലും ശുചി മുറികൾ സ്ഥാപിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ച ശേഷം റയിൽവേ ഡിവിഷണൽ എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിക്കണം. അഡ്വ.വി. ദേവദാസ് നൽകിയ പരാതിയിലാണ്  നടപടി.