രാജ്യസഭാ സീറ്റ് : കേരള കോണ്‍ഗ്രസ്സ് എമ്മിന് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം- വി.എം.സുധീരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യസഭാ സീറ്റ് : കേരള കോണ്‍ഗ്രസ്സ് എമ്മിന് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം- വി.എം.സുധീരന്‍

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സ് എമ്മിന് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍.  മോദി സര്‍ക്കാരിനെ പുറംതള്ളാനുള്ള രാഹുലിന്‍റെ കഠിനമായ  നീക്കങ്ങളെ തോല്‍വിയിലേക്ക് നയിക്കുന്ന സമീപനമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്‍റെതെന്ന്  പരസ്യ പ്രസ്താവന വിലക്ക് ലംഘിച്ചു കൊണ്ട് തിരുവനന്തപുരം വാര്‍ത്ത‍സമ്മേളനത്തില്‍ അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളുടെ തെറ്റായ തീരുമാനങ്ങള്‍ക്ക് നേരെ പരസ്യ പ്രതികരണം തുടരും. കെ.എസ്.യു പ്രവര്‍ത്തനo ആരംഭിച്ച സമയത്തും, ഇപ്പോഴും ഭാവിയിലും  ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ തുടരുമെന്നും സുധീരന്‍ പറഞ്ഞു.  താന്‍ കെ.പി.സി.സി പ്രസിഡന്‍റ്  ആയിരുന്ന കാലത്ത്  പരസ്യ പ്രസ്താവന പാടില്ലെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് പരസ്യ പ്രസ്താവന നടത്തിയത് ഇപ്പോഴത്തെ അധ്യക്ഷനായ എം.എം.ഹസ്സന്‍ ആണെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു.

 

സമദൂരം പറയുന്ന മാണി ബി ജെ പിയോടൊപ്പം പോകില്ലെന്ന് എന്ത് ഉറപ്പാണുള്ളത്. മാണി ബിജെപിക്കൊപ്പം പോവില്ലെന്ന ഉറപ്പില്ലാത്തതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് കോണ്‍ഗ്രസ്സ് നേതൃത്വം വാങ്ങണമായിരുന്നു. മാണി ചാഞ്ചാട്ടക്കാരനാണ്.മുന്‍ കരുതല്‍ എടുക്കാത്തത് വീഴ്ചയാണ്.  ആര്‍.എസ്.പി യൂ.ഡി. എഫിലേക്ക് വന്നപ്പോള്‍ ലോക് സഭ സീറ്റ് നല്‍കി.എന്നാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആര്‍. എസ് .പിക്ക് സീറ്റ് നല്കാന്‍ തീരുമാനിച്ചെന്ന മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശം തെറ്റാണെന്നും കെ.പി.സി.സി എക്സിക്യൂട്ടിവില്‍ ചര്‍ച്ച ചെയ്തതിനു ശേഷമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.  കൂടാതെ ചില നിബന്ധനകള്‍ വെക്കുകയും ചെയ്തു . സോണിയ  ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം, യു.പി.എയ്ക്ക്  പിന്തുണ നല്‍കണം, യു.ഡി.എഫുമായി യോജിച്ച് പ്രവര്‍ത്തിക്കണം എന്നീ നിബന്ധനകളാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ , മാണിക്ക് സീറ്റ് നല്‍കിയപ്പോള്‍ കേരളകരയിലാകെ പ്രതിഷേധം ആളികത്തി.സംസ്ഥാനത്തെ  നേതൃത്വത്തിന് രഹസ്യ അജണ്ടയും സങ്കുചിത താല്പ്പര്യവുമാണുള്ളത് . കോണ്‍ഗ്രസ്സിലെ ആരും വരരുതെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

 

രാജ്യസഭാ സീറ്റ്അധാര്‍മികതമായി കേരളാ കോണ്‍ഗ്രസ്സ് എമ്മിന് നല്‍കിയതിലൂടെ യുപിഎയ്ക്ക് ലോക്സഭയില്‍ ഒരു സീറ്റ് കുറയുകയാണ് ചെയ്യുന്നത് .തെരഞ്ഞെടുപ്പിന് 11 മാസം കൂടിയുള്ളപ്പോള്‍ ഒരു സീറ്റ് മര്‍മ്മ പ്രധാനമാണെന്ന് സുധീരന്‍ ചൂണ്ടികാണിച്ചു. ലോക്സഭയില്‍ സീറ്റ് കുറയ്ക്കാനുള്ള തീരുമാനം ഹിമാലയന്‍ മണ്ടത്തരം. വിഷയം വളരെ പക്വതയോടെ കൈകാര്യം ചെയ്തിരുന്നേല്‍  ഇത്തരം മണ്ടത്തരം സംഭവിക്കില്ല. ഇതിന്‍റെ അനന്തരഫലം വളരെ ഗുരുതരമാണ്. യു.പിഎയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം ബി.ജെ.പിയുടെ നേട്ടമായി മാറുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. 
 താന്‍ രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നില്ല. പാര്‍ലമെന്‍ററി  രാഷ്ട്രീയത്തില്‍ നിന്ന് നേരത്തെ പിന്‍വാങ്ങിയതാണ്.തനിക്കെതിരെ ചിലര്‍ കുപ്രചാരണം നടത്തുകയാണ്.കേരളത്തിലെ നേതൃത്വം സങ്കൂചിത ഗ്രൂപ്പ് രാഷ്ട്രിയത്തിന്‍റെ തടവറയിലാണ്. എല്ലാ നേതാക്കളും പാര്‍ട്ടി നേതൃയോഗത്തില്‍ ഗ്രൂപ്പ് അന്തരമില്ലാതെസംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചു. തെറ്റ് പറ്റിയാല്‍ തുറന്ന് സമ്മതിക്കണം.എന്നാല്‍ പരസ്യ പ്രസ്താവന പാടില്ലെന്ന ഒറ്റമൂലിയുമായി കെട്ടിയിറങ്ങിയിരിക്കുകയാണ്.രണ്ട് ദിവസം കെ.പി.സി.സി യോഗം കൂടിയിട്ട് ഇത് മാത്രമേ തീരുമാനമുള്ളു. 

താന്‍ നേരത്തെ കെ.പി.സിസി യോഗത്തില്‍ തെറ്റ് കണ്ടാല്‍ വിമര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. പ്രശ്നങ്ങള്‍ പരസ്യ പ്രസ്താവന പാടില്ലെന്ന ഒറ്റമൂലികൊണ്ട് പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ല. നേരത്തെ തന്നെ ഗ=കോണ്‍ഗ്രസ്സില്‍ പ്രസ്താവന ഉണ്ട്. മന്ത്രിസഭയില്‍ നിന്ന് ഇറങ്ങി ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയവരും ഉണ്ട്. ഉമ്മന്‍ചാണ്ടിയും, വയലാര്‍ രവിയും , എ.കെ. ആന്‍റണിയുമാണ് തന്‍റെ നേതാക്കള്‍.കൂടുതല്‍ ഇഷ്ടം ആന്‍റണിയോട്. വ്യക്തിബന്ധം പുലര്‍ത്തുന്നയാളാണ് താന്‍.ആരോഗ്യപ്രശ്നം കൊണ്ടുമാത്രമല്ല കെ.പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചത്.മനസ് മരവിപ്പിക്കുന്ന പശ്ചാത്തലങ്ങളും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതിനാലുമാണ്.

 സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ താന്‍ അന്യനല്ല. ആരും കെട്ടിയിറക്കിയതല്ല. കെ.എസ്.യു അധ്യക്ഷന്‍, യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷന്‍,എം.എല്‍.എ, എം.പി , മന്ത്രി എന്നിവ എന്നിവ പിന്നിട്ടാണ് കെ.പി.സി.സി അധ്യക്ഷന്‍ പദവിയില്‍ വരുന്നത്.ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ വളരെ നന്നായി നിര്‍വഹിച്ചു.സ്പീക്കര്‍ എന്ന നിലയില്‍ പോലും ഒരു തെറ്റായ തീരുമാനവും എടുത്തിരുന്നില്ല. ആരോഗ്യമന്ത്രി എന്ന നിലയിലും നന്നായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കെ.പി.സി.സി അധ്യക്ഷനായത് മുതല്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് നിസഹകരണം ഉണ്ടായി. കാണാന്‍ സമയം ചോദിച്ചെങ്കിലും അത് നല്‍കിയില്ല.അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്ന് കണ്ടുവെങ്കിലും നീരസം മാത്രം, അതേസമയം രമേശ്‌ ചെന്നിത്തല പോസിറ്റീവായി പ്രതികരിച്ചു. ഒരിക്കലും കാണിക്കുവാന്‍ പാടില്ലാത്ത വളരെ ക്രൂരമായ നിസംഗതയും നിസഹകരണവുമാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കാണിച്ചത്. അധ്യക്ഷനായി ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ വന്നിരുന്നില്ല. ജനപക്ഷയാത്രയെ പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചു. ജാഥ ഉദ്ഘാടനം നിര്‍വഹിച്ചിട്ടും തന്‍റെ പേര് പരാമര്‍ശിക്കാന്‍ പിശുക്ക് കാട്ടിയെന്നും സുധീരന്‍ വിമര്‍ശിച്ചു.