250 രൂപയ്ക്ക് കായൽകാറ്റേറ്റ്, കരിമീൻ പെരുമയറിഞ്ഞ് ഉല്ലസിക്കാൻ 120 ഏക്കറിലെ വിസ്മയം, വൈക്കം പാലാക്കാരി അക്വാടൂറിസം ഫാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

250 രൂപയ്ക്ക് കായൽകാറ്റേറ്റ്, കരിമീൻ പെരുമയറിഞ്ഞ് ഉല്ലസിക്കാൻ 120 ഏക്കറിലെ വിസ്മയം, വൈക്കം പാലാക്കാരി അക്വാടൂറിസം ഫാം

കോട്ടയം: യാത്രയെ സ്നേഹിക്കാത്തവരായി ആരാണുള്ളത്?  വർധിച്ച് വരുന്ന ജീവിത ചിലവുകൾക്കിടയിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്നവർക്ക് എന്ത് ടൂർ എന്നിനി ചിന്തിക്കണ്ട. നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്ന കിടുക്കാച്ചി ട്രിപ്പിനുള്ള വഴി ഒളിച്ചിരിക്കുന്നത് അങ്ങ് കോട്ടയത്താണ്. അതും വെറും 250 രൂപയ്ക്ക്. 

യാത്രകളും, നല്ല ഭക്ഷണവും എന്നും മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. വള്ളവും വെള്ളവും കൂടിയുണ്ടെങ്കിൽ പിന്നെ നോക്കുകയേ വേണ്ട. ഈ അവധിക്കാലത്ത് ഏറ്റവും സുരക്ഷിതമായ വിനോദോപാധികളൊരുക്കി നിങ്ങളെ കാത്തിരിക്കുന്നത് മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമാണ്.

120 ഏക്കറിലെ വിസ്മയം ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്തൊക്കെയാണെന്നറിഞ്ഞാൽ നുമ്മ എപ്പോ ചാടിപ്പുറപ്പെട്ടെന്ന് ചോദിച്ചാൽ മതി. അത്രക്കുണ്ട് നമ്മളെ കാത്തിരിക്കുന്ന കിടുക്കൻ എെറ്റംസ്. രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെ വെറും 250 രൂപയ്ക്ക് 120 ഏക്കറാണ് നമ്മളെ കാത്തിരിക്കുന്നത്.

വേമ്പനാട്ടു കായലിന്റെ അലസഭം​ഗിയും, കുളിർ കാറ്റുമേറ്റ് ബോട്ടിം​ഗും, വിശ്രമിക്കാൻ കൊച്ചു കൊച്ചു സ്റ്റാളുകളും, കൊതി തീരെ രസിക്കാൻ തണൽ നിഴൽ വിരിക്കുന്നിടങ്ങളിൽ ഊഞ്ഞാലും ഉച്ചയൂണിന് അടാർ ഭക്ഷണവും ഫ്രീയായി എെസ്ക്രീം വരെ ഇവരുടെ മെനുവിൽ ഉൾപ്പെടും.

2010 ലാണ് മത്സ്യഫെഡ് വൈക്കം പാലാക്കാരി അക്വാടൂറിസം ഫാം തുടങ്ങിയത്. അന്നുതൊട്ടിന്നോളം കാഴ്ച്ചയുടെ ഭം​ഗിയും, കുടുംബശ്രീ പ്രവർത്തകരായ മഹാദേവ സ്വാശ്രയ സംഘം തയ്യാറാക്കുന്ന നാടൻ ഫുഡും ആസ്വദിക്കാൻ ഇവിടെയെത്തുന്നവരുടെ എണ്ണം തിട്ടപ്പെടുത്താൻ പ്രയാസമാണ്.

ഏറ്റവും മേൻമയേറിയ ഫുഡും, കുറഞ്ഞ വിലയ്ക്ക് ഇത്ര നല്ല ട്രിപ്പടിക്കാൻ പറ്റിയൊരിടവും വേറെയില്ലെന്ന് സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു. 

നല്ല തിളക്കുന്ന എണ്ണയിലേക്ക് കല്യാണിയമ്മയും പേരറിയാത്ത ചേച്ചിമാരും ചേലിൽ വറുത്തെടുക്കുന്നത് നല്ല കരിമീനും , ആവോലിയ‌ുമെല്ലാമാണ്. ആവശ്യക്കാർ‌ക്കനുസരിച്ച് വേറൊരു ചേടത്തി അരിയിടുന്നു, കരിമീൻ മപ്പാസിനു പിഴിഞ്ഞെടുക്കുന്ന നല്ല തേങ്ങാപ്പാലും, ചട്ടിയിലിരിക്കുന്ന ചെമ്മീനും നിങ്ങളുടെ നാവിൽ കപ്പലോടിക്കുമെന്നത് ഉറപ്പാണ്.


ഏറ്റവും ഫ്രെഷായ മീനാണ് ഇതിൽ ഏറെ പ്രധാനം. ചുറ്റുവട്ടത്തെ നടപ്പാത ശീമക്കൊന്ന തണലുകൊണ്ട് പന്തലു വിരിച്ചപോലെ കിടക്കുകയാണ് (പണ്ട് വാനിലകൃഷിക്കുവേണ്ടി നാട്ടിയ ശീമക്കൊന്നയാണിത്. കൃഷി പരാജയപ്പെട്ടെങ്കിലെന്താ ഇപ്പോ നല്ല തണലായി). അവിടെ ഊഞ്ഞാലാടാം, തൊട്ടിലിൽ കിടക്കാം.

തുഴബോട്ടും പെഡൽബോട്ടും ഉപയോഗിച്ച് ജലാശയത്തിൽ കറങ്ങാം. ആ നടപ്പാതയിലൂടെ ചുമ്മാ നടക്കാം.കായലിൽ കക്കവാരുന്നവരെ കാണാം. മീൻ പിടിക്കുന്നവരെ കണ്ടിരിക്കാം. മൺമറയുന്ന നല്ല കാഴ്ച്ചകൾ കുട്ടികളെ കാണിച്ച് കൊടുക്കാം. ടിവിയിലും, വീട്ടിൽ പാക്കറ്റിലെത്തുന്ന പീസാക്കിയ മീനിനെയും കണ്ട് വളരാതെ കായലിൽ തിമിർക്കുന്ന പെടക്കണ മീനിനെ അവർക്കൊന്നു കാണിച്ച് കൊടുക്കാനുള്ള ഇടം കൂടിയാണി സ്വർ​​​ഗം. 

250 രൂപയ്ക്ക് മീൻ കറിയും മീൻ വറുത്തതും കൂട്ടി നാടൻ ഭക്ഷണവും, എെസ്ക്രീമും പെഡൽ ബോട്ടിം​ഗും ഉൾപ്പെടുന്നതാണ് പാക്കേജ്. വേമ്പനാട്ട് കായലിന്റെ കുളിരിലൂടെ യാത്ര ചെയ്യേണ്ടവർക്ക് നിസാരമായ തുക നൽകി സ്പീഡ് ബോട്ടിം​ഗ് യാത്രക്കും ഇവിടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും കൂടാതെ ചൂണ്ടയിടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തുച്ഛമായ വില നൽകി പിടിച്ച പെടക്കുന്ന മീനിനെ വീട്ടിൽ കൊണ്ടുപോകുകയും ചെയ്യാം. കുത്തിമറിയാനെത്തുന്ന കുട്ടി കുറുമ്പൻമാർക്കും കുറുമ്പികൾക്കുമായി കളിച്ച് രസിക്കാനുള്ള സ്ഥലവും ഇവിടെ പ്രത്യേകമായുണ്ട്. 


ഇത്രയും കുറഞ്ഞ നിരക്കിൽ അഡാർ യാത്ര പോകാൻ ഏറ്റവും നല്ലയിടമായി ആളുകൾ പാലാക്കാരി അക്വാടൂറിസം ഫാമിനെ കൂട്ട് പിടിക്കുന്നതും മറ്റൊന്നും കൊണ്ടല്ല, കുടുംബശ്രീ പ്രവർത്തകർ നൽകുന്ന മേൻമയേറിയതും , രുചിയിൽ മുൻപിൽ നിൽക്കുന്നതുമായ ഭക്ഷണം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന യാത്രകൾ, കുറഞ്ഞ ചിലവിൽ ലഭിക്കുന്ന പകരം വയ്ക്കാനില്ലാത്ത മനോഹരമായ അവധിക്കാല യാത്ര.....ഇതൊക്കെ ഈ ഫാമിനെ യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമാക്കുന്നു.

കരിമീനും , തിരുതയും, ആവോലി പൊള്ളിച്ചതും, കക്ക റോസ്റ്റും, ഞണ്ടും , ചെമ്മീനും നിങ്ങളുടെ ഇഷ്ട്ടത്തിന് പാകപ്പെടുത്തി തരാൻ കുടുംബശ്രീയിലെ പ്രവർത്തകരുണ്ട്. പാക്കേജിൽ ഉൾപ്പെടാത്ത ഇവ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. 

ഫാമിലെ പ്രവർത്തകരായി 11 പേരാണുള്ളത്. യാത്രക്കാരുടെ സുരക്ഷക്കും എന്താവശ്യത്തിനും നിഴൽ പോലിവർ ഉണ്ടാകും. നല്ല മേൻമയേറിയ ഭക്ഷണം പാകം ചെയ്യാനായി കുടുംബശ്രീയുടെ 8 പ്രവർത്തകരും ഫാമിൽ സജ്ജമാണ്. മത്സ്യഫെഡിന്റെ ഡെപ്യൂട്ടി മാനേജറും, പാലാക്കരി ഫാമിന്റെ ഫാം മാനേജരുമായി സാമുവലും ഇവിടുണ്ട്. മത്സ്യഫെഡിന്റെ എംഡിയും. ഡയറക്ടർ ബോർഡിലെ അം​ഗങ്ങളും നിർദ്ദേശങ്ങൾ നൽകിയും, സുരക്ഷ ഉറപ്പാക്കിയും ഫാമിനെ സജീവമായി നിലനിർത്തുന്നു. 

ഇതൊന്നും കൂടാതെ ഫാം മുഴുവനും കാണുന്നതിനായി  നിരവധി വാച്ച് ടവറുകൾ സജ്ജീകരിച്ചിട്ടുണ്ട്. കായലിന് സമീപം കെട്ടിയ വലയൂഞ്ഞാലിൽ കായൽക്കാറ്റേറ്റ്, പ്രകൃതിയുടെ പച്ചപ്പു നുകർന്ന് എത്ര നേരം വേണമെങ്കിലും ഊഞ്ഞാലാടാം.......വിലയോ തുച്ചം ​ഗുണമോ മെച്ചം എന്ന വാക്കുകൾ അന്വർഥമാക്കുന്ന ഇവിടേക്കാവട്ടെ നിങ്ങളുടെ അടുത്ത ട്രിപ്പ്.

വിവരങ്ങൾക്ക് ആശ്രയിക്കാവുന്ന നമ്പർ ഇവയാണ്. 04829273314, 9400993314, 9496001900