ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; ജാതി, മത വേർതിരിവില്ലാതെ ഭക്ഷണം, പാനീയം, യാത്ര എന്നിവക്കായൊരു അഡാർ ഫേസ്ബുക്ക് ​ഗ്രൂപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; ജാതി, മത വേർതിരിവില്ലാതെ ഭക്ഷണം, പാനീയം, യാത്ര എന്നിവക്കായൊരു അഡാർ ഫേസ്ബുക്ക് ​ഗ്രൂപ്പ്

ജിഎൻപിസിയെന്നത് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്നതിന്റെ ചുരുക്കെഴുത്താണ്.  തിരുവനന്തപുരം 
സ്വദേശിയും ബിസിനസുകാരനും ആയ അജിത് കുമാറിന്റെ തലയിൽ വിരിഞ്ഞ ഈ അടിപൊളി ആശയത്തിനിന്ന് ആവശ്യക്കാർ ഏറെയാണ്. ഭക്ഷണം, പാനീയം, യാത്ര എന്നിവയ്ക്ക് മാത്രമായുള്ള ഈ ​ഗ്രൂപ്പ് ഏറെ പ്രശസ്തിയാർജിച്ച് കഴി‍ഞ്ഞു.


 ആക്ടീവായി നിലനിർത്താൻ പറ്റുന്ന, എന്നാൽ വ്യത്യസ്തവുമായ ഒരു ​ഗ്രൂപ്പെന്ന അന്വേഷണത്തിനൊടുവിലാണ് അജിത് കുമാർ ഈ ​ഗ്രൂപ്പ് തുടങ്ങുന്നത്. ഫേസ്ബുക്കിലെ ആയിരത്തി അഞ്ഞൂറോളം സുഹൃത്തുക്കളിലെ താത്പര്യമുള്ളവരെ ചേർത്താണ് ഇത്തരമൊരു ​ഗ്രൂപ്പ് തുടങ്ങുന്നത്. പതിയെ പ്രശസ്തിയാർജിച്ച  ​ഗ്രൂപ്പിലേക്ക് പിന്നീട് ആളുകളുടെ പ്രവാഹമായിരുന്നു.

2017 മെയ് 1ന് തുടങ്ങിയ ഗ്രൂപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തിലധികം  അംഗങ്ങളാണ് ഇപ്പോഴുളളത്. ഉള്ളവർ എല്ലാവരും മദ്യപാനത്തിന്റെ സുവർണ്ണ നിമിഷങ്ങളും , ഭക്ഷണത്തിന്റെ റെസിപ്പിയും അടക്കം തേടി നടന്ന് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. 

പലതരം ഫേസ്ബുക്ക് ​ഗ്രൂപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമാണ്. വെറുതെ കുടിക്കാൻ വേണ്ടി മാത്രമുള്ളവർക്കുള്ളതല്ല ഈ ​ഗ്രൂപ്പ്, ആരോ​ഗ്യത്തോടെ മദ്യപാനം എന്ന തത്വം അടിസ്ഥാനമാക്കിയാണ് ഈ ​ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. രണ്ടു ലക്ഷം കവിഞ്ഞ ​​ഗ്രൂപ്പ് അം​ഗങ്ങൾ അഡ്മിൻ പാനൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയാണ് അം​ഗത്വമെടുക്കുന്നത്. 

സ്വദേശത്തും വിദേശത്തുമുള്ള അം​ഗങ്ങൾ തങ്ങൾ നടത്തുന്ന യാത്രകളും, വിവരണങ്ങളും  കിടിലൻ ഭക്ഷണങ്ങളും വിവിധ തരം പാനീയങ്ങളെയും ഈ ​ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്നു. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുള്ളവരും സജീവമായി ഈ ​​ഗ്രൂപ്പിൽ നിലനിൽക്കുന്നു. ഏകദേശം 2 ലക്ഷത്തിന് മേലെ വരുന്ന ​ഗ്രൂപ്പ് അം​ഗങ്ങൾ പരസ്പരം പോരടിക്കാതെ , വളരെ സമന്വയത്തോടെ ​ഗ്രൂപ്പിൽ ആക്ടീവാകുന്നു എന്നത് ഏറെപ്രധാനപ്പെട്ട ഒന്നാണ്. 

അമേരിക്കയിലിരുന്നു ഒരു ചേട്ടൻ മദ്യപിക്കുന്നതിന്റെ കിടിലൻ ഫോട്ടോസ് ഇട്ടാൽ ഇങ്ങ് കേരളത്തിലെ തനി നാടൻ ഷാപ്പിലിരുന്ന് കള്ളും കപ്പയും കഴിക്കുന്ന അടിപൊളി ചിത്രങ്ങളും , ചിലപ്പോള് ലൈവ് വീഡിയോസും ഇട്ടു ​ഗ്രൂപ്പിനെ ആക്ടീവാക്കുന്നു അം​ഗങ്ങൾ. മലയാളി മദ്യപാനികളുടെ കൂട്ടായ്മയായ ജിഎൻപിസിക്ക് അത്ഭുതകരമായ വരവേൽപ്പാണ് ഇപ്പോൾ ലഭിക്കുന്നത്. അം​ഗമാകാനും അം​ഗങ്ങളെ ആകർഷിക്കാൻ വിവിധ കമ്പനികളും കാത്തു നിൽക്കുന്ന രസകരമായ കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. 

 വിദ്വേഷമോ, വെറുപ്പോ ഉളവാക്കുന്ന പോസ്റ്റുകളോ അം​ഗങ്ങൾ ഇടാറില്ലെന്നും ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ പങ്കുവയ്ക്കുന്ന കിടിലൻ ഫോട്ടോസും വീഡിയോസും മാത്രമേ അപ് ലോഡ്  ചെയ്യാറുള്ളെന്നും അജിത് വ്യക്തമാക്കുന്നു. പൊതുവെ യാത്ര പ്രിയരായ മലയാളികൾ നടത്തുന്ന യാത്രാ വിവരണങ്ങൾ അടക്കമുള്ളവ ഏറെ മികച്ചതാണെന്നും അജിത് പറയുന്നു.

 

കേരളത്തിൽ നല്ല ഭക്ഷണം ലഭ്യമാകുന്ന ഇടങ്ങൾ തൊട്ട് കിടിലൻ ഷാപ്പുകളെയും അം​ഗങ്ങൾ പരിചയപ്പെടുത്തുന്നു. ജോലി പോയൊരു ​ഗ്രൂപ്പ് അം​ഗം തന്റെ വിഷമം പറഞ്ഞപ്പോൾ മിനിറ്റുകൾക്കുള്ളിൽ എണ്ണമറ്റ ജോലി ഒാഫറുകളുമായി വന്ന് ​ഗ്രൂപ്പ് അം​ഗങ്ങൾ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. വെറും കുടിയൻമാർക്കൊരു ​ഗ്രൂപ്പ് എന്നതിൽ കവിഞ്ഞ് എല്ലാ സങ്കടങ്ങളും പറയാനും പരസ്പരം താങ്ങും തണലുമാകാനും അം​ഗങ്ങൾ മുൻകൈയെടുക്കുന്നു. നാട്ടുവിശേഷം മുതൽ ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നു. ആശയവിനിമയവും അറിവ് കൈമാറലും ഈ ​ഗ്രൂപ്പിന്റെ മാത്രം സവിശേഷതയായി കാണാവുന്നതാണ്. 
 

 

സമൂഹത്തിലെ എല്ലാതരക്കാരും അം​ഗങ്ങളായ ഈ ​ഗ്രൂപ്പിന് വേണ്ടി ടൂറിസം മേഖലയും താത്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്.  ഗ്രൂപ്പ് മെമ്പേഴ്‌സിന് യാത്ര, ഭക്ഷണ, പാനീയ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി ഹോട്ടല്‍, ബാര്‍ മാനേജ്‌മെന്റ്കള്‍ എത്തിയിട്ടുണ്ട്. ഒാഫറുകൾ എല്ലാം കൃത്യമായി ​ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്. .
 

 

ഉത്തരവാദത്തോടെയുളള മദ്യപാനം എന്ന മുദ്രാവാക്യത്തെ ഉയർത്തിപ്പിടിക്കുന്ന ജിഎൻപിസിയിൽ ചേരാൻ ആളുകളുടെ തിരക്കോട് തിരക്കാണ്. വിദ്വേഷം പടർത്തുന്ന, പരസ്പരം അടിപിടി കൂടുന്ന കഥകളൊന്നും ജിഎൻപിസിയിലില്ല.
 

എല്ലാവരും ഒത്തൊരുമയോടെ തങ്ങളുടെ ഇഷ്ടങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന മികച്ച അനുഭവമായി ഈ ​ഗ്രൂപ്പ് വളരുന്നതും, ഇതുകൊണ്ടൊക്കെത്തന്നെയാണ്. 

ലോകത്ത് എവിടെ നിന്നും മദ്യപിക്കാം, പക്ഷേ സ്വന്തം ഉത്തരവാദിത്തങ്ങളെ മുറുകെ പിടിച്ചു കൊണ്ടാകണം എന്ന്​ജിഎൻപിസി വീണ്ടും വീണ്ടും ഒാർമ്മപ്പെടുത്തി കൂടെയുണ്ട്. യാത്രയും, പാനീയവും, ഭക്ഷണവും തീർക്കുന്ന ‍മാസ്മരിക ലോകത്തിന്റെ ഭം​ഗി ഒന്ന് വേറെ തന്നെയാണെന്ന് ഒാർമ്മപ്പെടുത്തി ജിഎൻപിസി തന്റെ ജൈത്രയാത്ര തുടരുകയാണ്.......
 


LATEST NEWS