ആധാര്‍ സേവനകേന്ദ്രങ്ങളില്‍ അമിത നിരക്ക് വാങ്ങിയാല്‍ 50,000 രൂപ വരെ പിഴ  ഈടാക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധാര്‍ സേവനകേന്ദ്രങ്ങളില്‍ അമിത നിരക്ക് വാങ്ങിയാല്‍ 50,000 രൂപ വരെ പിഴ  ഈടാക്കും

തൃശ്ശൂര്‍: ആധാര്‍ സേവനകേന്ദ്രങ്ങളില്‍ അമിത നിരക്ക് വാങ്ങുന്ന സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കിയിരുന്ന പിഴ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ  കുത്തനെ കൂട്ടി. അമിതനിരക്ക് വാങ്ങിയാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ ഈടാക്കും. നേരത്തേ ഇത് പരമാവധി 10000 രൂപയായിരുന്നു.


ഇതോടൊപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കും. അധികനിരക്ക് ഈടാക്കിയ പതിനായിരത്തോളം സേവനകേന്ദ്രങ്ങളെ കരിമ്പട്ടികയിലുള്‍പ്പെടുത്താനുള്ള നടപടിയും തുടങ്ങി.
പാന്‍കാര്‍ഡും സിംകാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ സേവനകേന്ദ്രങ്ങള്‍ അമിതനിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. സ്‌കൂളുകളില്‍ ചെറിയ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയതോടെ കുട്ടികളുടെ ആധാര്‍ എടുക്കലിനും തിരക്കേറി.


പുതിയ ആധാറും 15 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാര്‍തിരുത്തലും പലേടത്തും 100 രൂപ വരെ ഈടാക്കുന്നു. മറ്റ് ആധാര്‍ സേവനങ്ങള്‍ക്ക് പരമാവധി 25 രൂപയാണ് ഈടാക്കാവുന്നത്. പക്ഷേ, 200 രൂപവരെ വാങ്ങുന്നവരുണ്ട്.ആധാര്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് അസോസിയേഷന്‍ ഓഫ്‌ ഐ.ടി. എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഡി. ജയന്‍ പറഞ്ഞു.