നടിയെ ആക്രമിച്ച കേസ്; വിചാരണ പോക്‌സോ കോടതിയിലേക്ക് മാറ്റുമെന്ന മന്ത്രിസഭാ തീരുമാനം പിന്‍വലിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിയെ ആക്രമിച്ച കേസ്; വിചാരണ പോക്‌സോ കോടതിയിലേക്ക് മാറ്റുമെന്ന മന്ത്രിസഭാ തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുതിയ പോക്‌സോ കോടതിയിലേക്ക് മാറ്റുമെന്ന മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീരുമാനം പിന്‍വലിച്ചത്. 

കൊച്ചി കേന്ദ്രമാക്കി പോക്‌സോ കേസുകള്‍ക്ക് മാത്രമായി ഒരു കോടതി തുടങ്ങാനായിരുന്നു ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ കോടതിയില്‍ നടത്താനുള്ള അനുമതിയും മന്ത്രിസഭ നല്‍കി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് തീരുമാനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര വകുപ്പും വിശദീകരിച്ചിരുന്നത്.

എന്നാല്‍ വിചാരണയ്ക്ക് അനുമതി നല്‍കേണ്ടത് ഹൈക്കോടതിയാണെന്നിരിക്കെ സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാകുമെന്ന് ഇന്നലെ തന്നെ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കേസിന്റെ വിചാരണ കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ നടത്താന്‍ ഫെബ്രുവരി 15ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന നടിയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് മന്ത്രിസഭാ യോഗം മറിച്ചുള്ള തീരുമാനം എടുത്തത്.


LATEST NEWS