പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എ.ഡി.ജി.പിയായ സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചതായി കാട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌ക്കറാണ് പരാതിയുമായി രംഗത്തെത്തിയത്. 

പ്രഭാത നടത്തത്തിനായി എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും തിരുവനന്തപുരം കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌ക്കറിനെ അസഭ്യം പറഞ്ഞിരുന്നതായും ഇക്കാര്യത്തില്‍ ഗവാസ്‌ക്കര്‍ എ.ഡി.ജി.പിയോട് പരാതിപ്പെട്ടതായും വിവരമുണ്ട്. 

രാവിലെ കനകക്കുന്നില്‍ വച്ചും അസഭ്യം പറയുന്നത് തുടര്‍ന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത ഗവാസ്‌ക്കര്‍ ഇനിയും അസഭ്യം തുടര്‍ന്നാല്‍ ഓടിക്കാനാവില്ലെന്ന് പറഞ്ഞ് വാഹനം സൈഡിലേക്ക് ഒതുക്കി നിറുത്തി. ഇതില്‍ പ്രകോപിതയായ എ.ഡി.ജി.പിയുടെ മകള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുകയും ഗവാസ്‌ക്കറെ മൊബൈല്‍ ഫോണ്‍ കൊണ്ട് കഴുത്തിന് താഴെ ഇടിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം. 

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗവാസ്‌ക്കര്‍ ഇപ്പോള്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കാര്യത്തില്‍ ഗവാസ്‌ക്കര്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.