കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഐഎം തയ്യാറല്ലെന്നത്തിന് തെളിവാണ് ശുഹൈബ് വധം  : എകെ ആന്റണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഐഎം തയ്യാറല്ലെന്നത്തിന് തെളിവാണ് ശുഹൈബ് വധം   : എകെ ആന്റണി

തിരുവനന്തപുരം: സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതകരാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ശുഹൈബ് വധംമെന്ന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം  ആന്റണി കുറ്റപ്പെടുത്തി. ശുഹൈബിനെ ബോബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സിപിഐഎം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് എകെ ആന്റണി എംപി പറഞ്ഞു. സിപിഐഎം ഭീകരതയ്ക്ക് മുമ്പില്‍ സംസ്ഥാന പൊലീസ് തികച്ചും നിഷ്‌ക്രിയരായി മാറിയിരിക്കുകയാണെന്ന് ആന്റണി കുറ്റപ്പെടുത്തി.

അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നതാണ് സിപിഐഎം മാനോഭാവം. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിക്കുന്നു. സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറിയിരിക്കുകയാണ്.

 ശുഹൈബ് വധകേസിലെ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. യഥാര്‍ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പഴുതില്ലാത്ത നിലയില്‍ ശിക്ഷ ഉറപ്പുവരുത്താനും സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റ് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നും എകെ ആന്റണി പറഞ്ഞു.

 സിപിഐഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ബിജെപിയുടേത് വര്‍ഗ്ഗീയ ഫാസിസവും അസഹിഷ്ണുതയുമാണെങ്കില്‍ സിപിഐഎമ്മിന്റേത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. കണ്ണൂരിനെ ചോരക്കളമാക്കുന്നതില്‍ പ്രധാന റോള്‍ സിപിഐഎമ്മിനുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ശുഹൈബ് വധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


LATEST NEWS