കള്ളക്കേസില്‍ കുടുക്കി മുസ്ലിം യുവതിയെ പോലീസ് പീഡിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കള്ളക്കേസില്‍ കുടുക്കി മുസ്ലിം യുവതിയെ പോലീസ് പീഡിപ്പിച്ചു

കൊച്ചി:  ഗുരുവായൂര്‍ കേച്ചരി സ്വദേശിയായ ആളൂരില്‍ അമ്പലത്ത് വീട്ടില്‍ അലിയുടെ ഭാര്യ ശബ്‌നത്തെയാണ് കള്ളക്കേസില്‍ കുടുക്കി പോലീസ് പീഡിപ്പിച്ചത്. ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനാണ് പ്രതിസ്ഥാനത്ത്.
ശബ്‌നത്തിന്റെ ഭര്‍ത്താവായ അലി യുഎ യിലെ അജ്മാനിലാണ് വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്.  അലി ശബ്‌നം ദമ്പതികള്‍ക്ക് എട്ടു വയസും മൂന്നര വയസുമുളള രണ്ട് മക്കളുണ്ട്. ഒരു കേസിലും പ്രതിയാകാത്ത 25 കാരിയായ ശബ്‌നത്തെയാണ് ഓപ്പറേഷന്‍ കുബേരയുടെ മറവില്‍ പോലീസ് പീഡിപ്പിച്ചത്. കൊള്ള പലിശക്കാരെ അമര്‍ച്ച ചെയ്യാനാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷന്‍ കുബേരയ്ക്ക് തുടക്കം കുറിച്ചത്. പീഡനത്തെക്കുറിച്ച് ശബ്‌നത്തിന്റെ വാക്കുകള്‍...
പോലീസ് പണം വാങ്ങിയാണ് എനിക്കെതിരെ കള്ളക്കേസ് കെട്ടി ചമച്ചത.് ഒരു സ്ത്രീയ്ക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിക്കേണ്ട മാന്യമായ പെരുമാറ്റം പോലും നിഷേധിക്കപ്പെട്ടു. മുസ്ലീം സ്ത്രീകള്‍ തലയിലിടുന്ന ഷാള്‍ പോലും മാറ്റാന്‍ പോലീസ് നിര്‍ബന്ധിച്ചു. പോലീസുകാരുടെ കാര്‍ക്കശ്യത്തിന് വഴങ്ങി ഞാന്‍ ഷാള്‍ മാറ്റിയശേഷം എസ്‌ഐ കുറെ ഫോട്ടോകളെടുക്കുകയും അത് പത്രക്കാര്‍ക്ക് കൊടുക്കുകയുമാണ് ഉണ്ടായത്. ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ ശശിധരനാണ് എന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചത്. 

പിറ്റേന്ന് പത്ര മാധ്യമങ്ങളില്‍ പോലീസ് നല്‍കിയ പ്രകാരം വാര്‍ത്ത വന്നു. വാര്‍ത്ത ഇങ്ങനെ..
 ഗുരുവായൂരിലെ കൊള്ള പലിശക്കാരി ശബ്‌നയെയും സഹായിയായ ഗുണ്ടയെയും പോലീസ് പിടിക്കൂടി. പലിശ പണം തരികെ നല്‍കാന്‍ വീഴ്ച്ച വരുത്തിയ ശ്രുതി (32) എന്ന യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ശബ്‌നം കാഴ്ച്ചയില്‍ സുന്ദരിയാണെന്ന് ആരും സമ്മതിക്കും. പ്രായം തീരെ കുറവ് വെറും 25 വയസ്. പക്ഷെ കയ്യിലിരുപ്പ് ക്രൂരതയും പകയുമാണെന്ന് ശബ്‌നത്തെ അറിയുന്നവര്‍ പറയും. ശബ്‌നത്തിന്റെ ഭര്‍ത്താവ് അലി കഴുത്തറപ്പന്‍ പലിശയ്ക്ക് പണം നല്‍കുന്നു. 
ഇതൊക്കെയായിരുന്നു വാര്‍ത്തകള്‍. വാസ്തവത്തില്‍ പത്ര മാധ്യമങ്ങള്‍ പോലീസ് നല്‍കിയ വിവരങ്ങള്‍ അതേപടി വിഴുങ്ങുകയാണ് ചെയ്തത്. എല്ലാ പത്ര മാധ്യമങ്ങളും ശബ്‌നയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഒരേ രീതിയിലായിരുന്നു വാര്‍ത്തകള്‍ നല്‍കിയത്. ഗുരുവായൂര്‍ എസ്‌ഐ യുടെ തിരക്കഥക്കനുസരിച്ച് അവര്‍ നിറഞ്ഞാടുകയായിരുന്നു.

ശബ്‌നം ഒരിക്കലും പലിശയ്ക്ക് പണം കൊടുത്തിട്ടില്ല. ശബ്‌നത്തിന്റെ ഭര്‍ത്താവ് പണം പലിശയ്ക്ക് കൊടുത്തതിന് തെളിവുമില്ല. എന്നിട്ടും വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി കൊടും കുറ്റവാളിയെപോലെയാണ് ശബ്‌നയെ അറസ്റ്റ് ചെയ്തത്. കുടുംബ സുഹൃത്തായ ശ്രുതിയുടെ ഭര്‍ത്താവായ ഷിബു ശബ്‌നയുടെ ഭര്‍ത്താവായ അലിയില്‍ നിന്നും 8 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഉറപ്പിനായി ശ്രുതിയുടെ പേരിലുള്ള സ്ഥലം അലിയുടെ പേരില്‍ രജിസ്ട്രര്‍ ചെയ്തു കൊടുത്തു. ഒരു വര്‍ഷത്തിന് ശേഷം സ്ഥലത്തിന്റെ ആധാരം അലി തിരിച്ചു കൊടുത്തശേഷം 8 ലക്ഷം രൂപ തിരികെ ചോദിച്ചതോടെയാണ് വാദി പ്രതിയായത്. തുടര്‍ന്ന് പോലീസുകാരുടെ ഒത്താശയോടെ അലിയുടെ ഭാര്യ ശബ്‌നത്തെ ഓപ്പറേഷന്‍ കുബേരയുടെ പേരില്‍ അറസ്റ്റ് ചെയ്തു. അലി ഷിബുവിന് നല്‍കിയ 8 ലക്ഷം രൂപ ചോദിക്കരുതെന്നായിരുന്നു പോലീസിന്റെ ആവശ്യം. അത് ശബ്‌നം സമ്മതിച്ചില്ല. തന്റെ ഭര്‍ത്താവ് മരുഭൂമിയില്‍ കിടന്ന് അധ്വാനിച്ചുണ്ടാക്കിയ പണമാണെന്നും ആ പണം തിരികെ കിട്ടണമെന്നും ശബ്‌നം പറഞ്ഞു. തുടര്‍ന്നായിരുന്നു പോലീസ് പീഡനം. പോലീസ് പീഡനത്തിനെതിരെ ശബ്‌നവും അലിയും നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് നീതികിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.


LATEST NEWS