ആലുവയില്‍ താമസസ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലുവയില്‍ താമസസ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ: ആലുവയിലെ താമസസ്ഥലത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്‌സി(20)യുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ അന്തോണിപ്പിള്ളയുടെയും പരേതയായ മേരിശാന്തിയുടെയും ഏക മകളാണ്.

ആലുവ പറവൂര്‍ കവലയിലുള്ള മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജോയ്‌സിയുടെ മൃതദേഹം ഞായറാഴ്ച രാത്രി ഏഴോടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടിയാണ് ആദ്യം കണ്ടത്. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ചുരിദാറിന്റെ ഷാള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സമീപത്ത് കസേരയും ഉണ്ടായിരുന്നെങ്കിലും കാലുകള്‍ തറയില്‍ ചവിട്ടിയ നിലയിലായിരുന്നു എന്നതാണ് സംശയമുണ്ടാക്കുന്നത്.

ഇന്നലെ ഉച്ചക്ക് ജോയ്‌സി വീട്ടിലേക്ക് വിളിച്ചിരുന്നെന്നും സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

ആലുവ സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. കളമശേരി മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.