കുഞ്ഞുങ്ങളടെ നിസ്സഹായതയെ കുറിച്ചോര്‍ത്ത് ഭയം തോന്നുന്നു: ദീപ നിശാന്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കുഞ്ഞുങ്ങളടെ നിസ്സഹായതയെ കുറിച്ചോര്‍ത്ത് ഭയം തോന്നുന്നു: ദീപ നിശാന്ത്

കൊച്ചി: ഈ ലോകത്തില്‍ വളര്‍ന്നുവരുന്ന തന്റെ കുഞ്ഞുങ്ങളേയും നിരവധി കുഞ്ഞുങ്ങളടെ നിസ്സഹായതകളേയും കുറിച്ചോര്‍ത്ത് ഭയം തോന്നുന്നുവെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. 

മലപ്പുറത്തെ ഒരു തിയേറ്ററില്‍ ബാലിക ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയെ അനുകൂലിച്ച് പോസ്റ്റിട്ടതിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. അയാളുടെ ചെയ്തിക്ക് പെണ്‍കുട്ടി അനുവാദം നല്‍കുകയായിരുന്നുവെന്ന തരത്തില്‍ പ്രതിയെ ന്യായീകരിച്ചുകൊണ്ടുള്ള കമന്റുകള്‍ സഹിതം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ദീപയുടെ കുറിപ്പ്. ഇത്രമാത്രം വികൃതമായി ചിന്തിക്കാന്‍ മനുഷ്യര്‍ക്കെങ്ങനെയാണ് സാധിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

പത്തു വയസ്സ് തികച്ചില്ലാത്ത കുഞ്ഞിനെപ്പറ്റിയാണ് എഴുതുന്നത്. ഉഭയസമ്മതപ്രകാരം ദേഹത്ത് ഞെക്കാനും പിടിക്കാനുമൊക്കെയുള്ള അനുവാദം നല്‍കി ലൈംഗികത ആസ്വദിച്ചിരിക്കുകയായിരുന്നുവത്രേ. ഇത്രമാത്രം വികൃതമായി ചിന്തിക്കാന്‍ മനുഷ്യര്‍ക്കെങ്ങനെയാണ് സാധിക്കുന്നത്? സത്യമായും എനിക്ക് ഭയം തോന്നുന്നു. ഈ ലോകത്തില്‍ വളര്‍ന്നു വരുന്ന എന്റെ മോളെക്കുറിച്ചോര്‍ത്ത്, മോനെക്കുറിച്ചോര്‍ത്ത്. നിരവധി കുഞ്ഞുങ്ങളുടെ നിസ്സഹായതകളെക്കുറിച്ചോര്‍ത്ത്, ദീപ പറയുന്നു.

പത്ത് നാല്‍പ്പത് കഴുകന്മാരുടെ കൈകളിലൂടെ കടന്നു വന്ന പെണ്‍കുട്ടിയോട് ‘രക്ഷപ്പെടാമായിരുന്നില്ലേ’ എന്ന് മുഖത്തു നോക്കി ചോദിച്ച ജഡ്ജിമാരുടെ നാടാണ്. പീഡനക്കേസില്‍പ്പെട്ട ആളെ ജയിപ്പിച്ചുവിട്ട് രാജ്യസഭാ ഉപാധ്യക്ഷനാക്കിയ നാടാണ്. ഇവിടിങ്ങനെയൊക്കെ ചോദിക്കും, പറയും, അത്ഭുതപ്പെടേണ്ടതില്ല, ദീപ കൂട്ടിച്ചേര്‍ത്തു.


LATEST NEWS