മനുഷ്യത്വം മരവിക്കാത്ത ഒരു തലമുറ ഇവിടെയുണ്ട് ; തെരുവില്‍ അലഞ്ഞ ജര്‍മ്മന്‍ സ്വദേശിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മലയാളി വിദ്യാര്‍ത്ഥി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മനുഷ്യത്വം മരവിക്കാത്ത ഒരു തലമുറ ഇവിടെയുണ്ട് ; തെരുവില്‍ അലഞ്ഞ ജര്‍മ്മന്‍ സ്വദേശിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മലയാളി വിദ്യാര്‍ത്ഥി

തിരുവനന്തപുരം : മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു തലമുറ മലയാളിക്കുണ്ടെന്ന് അഭിമാനിക്കാം. മാധ്യമ വിദ്യാര്‍ത്ഥിയായ അമി തിലകിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിനു കാരണവും ഇതാണ്. പാസ്‌പോര്‍ട്ടും, മറ്റു രേഖകളും നഷ്ടപ്പെട്ട് മാനസിക നില തെറ്റി തെരുവില്‍ അലഞ്ഞ 72കാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നിരിക്കുകയാണ് അമി എന്ന വിദ്യാര്‍ത്ഥി.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ പ്രിന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ അമി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഹോസ്റ്റലിനടുത്തുള്ള ചായക്കടയിലെത്തിയപ്പോഴാണ് അമി അവിചാരിതമായി വൃത്തിഹീനമായ വേഷത്തില്‍ ചപ്പുചവറുകള്‍ വാരിയെടുക്കുന്ന വൃദ്ധനെ കണ്ടത്.

ദൈന്യതയാര്‍ന്ന ആ മുഖം കണ്ടപ്പോള്‍ അമിക്ക് വെറുതേ പോകാനായില്ല. വൃദ്ധനെപ്പറ്റിയുള്ള വിവരങ്ങള്‍ ചായക്കടക്കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ക്കും ഒന്നുമറിയില്ല. രണ്ടു ദിവസമായി ഈ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടെന്നു മാത്രമായിരുന്നു അവിടുള്ളവര്‍ക്ക് അറിയാമായിരുന്നത്. ഇതോടെ അമി വൃദ്ധന്റെ സമീപത്തെത്തി വിവരങ്ങള്‍ ആരായുകയായിരുന്നു. 

ജര്‍മ്മന്‍കാരനായ ആ 72കാരന് യാത്രക്കിടയിലെവിടെ വെച്ചോ, പാസ്‌പോര്‍ട്ടും, മറ്റു രേഖകളും നഷ്ടമായത്രേ. നാടു മുഴുവന്‍ അലഞ്ഞ് പാതി ഭ്രാന്തനായി മാറിയിരിക്കുന്നു മിസറ്റര്‍ ഹോളി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആ വൃദ്ധന്‍. അറിയാവുന്ന ഇംഗ്ലീഷില്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കി അമി ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ഇതോടെ പോലീസ് സംഘം സ്ഥലത്തെത്തി വൃദ്ധനെ അമിയുടെ സഹായത്തോടെ തിരുവനന്തപുരത്തെ ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പോലീസിനോട് അനുസരണക്കേട് കാട്ടിയ മിസ്റ്റര്‍ ഹോളി പക്ഷേ അമിക്കു മുന്നില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ നിന്നു. ഒടുവില്‍ മിസ്റ്റര്‍ ഹോളിയ്ക്ക് നാട്ടിലേക്കു പോകാനുള്ള വഴിയും തുറന്നു കിട്ടി. ഇന്ത്യയിലെ ജര്‍മ്മന്‍ എംബസിയുടെ സഹയാത്തോടെ ഉടന്‍ തന്നെ ഹോളി നാട്ടിലേക്ക് മടങ്ങും. 

അമിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വാര്‍ത്ത പുറം ലോകമറിഞ്ഞത്. ഒരു പക്ഷേ ഈ വാര്‍ത്ത വായിക്കുന്ന പലരും തെരുവില്‍ അലഞ്ഞ ഈ വൃദ്ധനെ എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടിട്ടുണ്ടാവാം. ദുര്‍ഗന്ധം വമിക്കുന്ന ആ മുഷിഞ്ഞ ദേഹത്തെ കടന്ന് നിങ്ങളും പോയിട്ടുണ്ടാവാം. പക്ഷേ അമി എന്ന വിദ്യാര്‍ത്ഥി അതു ചെയ്തില്ല. അതാണ് അമിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതും.

അമിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട നിരവധിയാളുകളാണ് ഇതിനകം ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

Mr.Holy അതല്ല യാഥാര്ധപേര് എന്ന് എനിക്കറിയാം പക്ഷേ എനിക്ക് അങ്ങനെ വിളിക്കാനാണ് ഇഷ്ടം. കേരള സര്‍വകലാശാലയുടെ മുന്നിലെ വിജയന്‍ ചേട്ടന്റെ കടയില്‍ ചായകുടിക്കാന്‍ എത്തിയപ്പോഴാണ്.ഒരു വിദേശി തറയില്‍ കിടക്കുന്ന മുഴുവന്‍ ചപ്പു ചവറുകളും തന്‍റെ കൈകൊണ്ട് വരുന്നത് കണ്ടത് . വിജയന്‍ ചേട്ടനോട് കാര്യം തിരക്കി അറിയില്ല ഇന്നലെ മുതലേ ഇവിടെയുണ്ട് എന്നായിരുന്നു മറുപടി .

ചായ വാങ്ങി ഞാന്‍ അയാളുടെ അടുക്കലേക്കു ചെന്നു. പേര് തിരക്കി മൌനമായിരുന്നു മറുപടി ദിവസങ്ങള്‍ ഏറെയായി അയാള്‍ കുളിച്ചിട്ട് ആ രൂക്ഷ ഗന്ധം എന്റെ മൂക്കില്‍ തുളച്ചു കയറി. ഞാന്‍ കുടിക്കാന്‍ വാങ്ങിയ ചായ അയാള്‍ക്കുനേരെ നീട്ടി അയാള്‍ എന്നെത്തന്നെ നോക്കി നില്കുക്കുകയാണ് ഇത് വാങ്ങു എന്ന് ഒന്നുകൂടി സ്വരം കടുപ്പിച്ചു പറഞ്ഞപ്പോള്‍ അയാള്‍ ചായ വാങ്ങി. ചിരിച്ചുകൊണ്ട് വീണ്ടും ഞാന്‍ പേര് ചോദിച്ചു ചോദ്യം ഒന്നുംകൂടി ആവര്‍ത്തിച്ചപ്പോള്‍ ഇംഗ്ലീഷ് അല്ലാത്ത ഏതോ ഒരുഭാഷയില്‍ എന്തോ ഒരു പേര് അയാള്‍ എന്നോട് പറഞ്ഞു എന്നിട്ട് വീണ്ടും തുടര്‍ന്നു My Indian Name is Mr.Holy.

പിന്നിട് 72 വയസുള്ള ആ വൃദ്ധനോട് എന്തോ ഒരിഷ്ടം തോന്നി അയാള്‍ക്ക് എന്നോടും. നാടിനെ പറ്റിയും ജോലിയെ പറ്റിയുംഎല്ലാം അയാള്‍ അറിയാവുന്ന ഇംഗ്ലീഷില്‍ ജര്‍മന്‍ കലര്‍ത്തി എന്നോട് സംസാരിച്ചു കൊണ്ടേ ഇരുന്നു. പാസ്പോര്‍ട്ട് ഏതോ ഒരു ആശുപത്രിയില്‍ നഷ്ടപെട്ടുപോയെന്നും താന്‍ സഞ്ചരിച്ച സിറിയെ പറ്റിയും ഇസ്രയേല്‍നെ പറ്റിയും പറഞ്ഞപ്പോഴേക്കും ഓട്ടോ ചേട്ടന്മാരും വിജയന്‍ ചേട്ടനും ചുറ്റും കൂടി ഇന്നലെ mr.holy കിടന്നത് വിജയന്‍ ചേട്ടന്റെ ചായകടയുടെ ചയ്പ്പിലാണ്.

സംസാരത്തില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും ഒന്ന് വ്യക്തമാണ് എവിടെഒക്കെയോ എപ്പോഴെക്കയോ holy യുടെ ബോധമനസിന്‍റെ കെട്ടുകള്‍ വിട്ടുപോയിരിക്കുന്നു. എനിക്ക് ഉറപ്പാണ്‌ ആഹാരം കിട്ടാതെ അലഞ്ഞുതിരിഞ്ഞൊരു മരണമാണ് holy യെ കേരളത്തില്‍ കാത്തിരിക്കുന്നത്. ഞാന്‍ പോലീസ് സ്റ്റേനിലേക്ക് വിളിച്ചു ഒരു ബൈക്കില്‍ പോലീസ് എത്തി കാര്യം തിരക്കി അപ്പോഴും mr.holy പറയുന്നുണ്ടായിരുന്നു ഇന്നലെ സര്‍വകലാശാലയില്‍ കടന്നപ്പോള്‍ പെണ്‍കുട്ടികള്‍ ഭ്രാന്തനെ കണ്ടപോലെ അലറി വിളിച്ചതും പോലീസ് പിടിച്ച് പുറത്താക്കിയതും. അവസാനം holy യെ ഒരു ജര്‍മന്‍ ഭാഷ പഠനകേന്ദ്രത്തില്‍ ആക്കാന്‍ തീരുമാനിച്ചു .

പക്ഷെ 10 മണി കഴിഞ്ഞേ അവിടെ തുറക്കുകയുള്ളു . holy യെ വിജയന്‍ ചേട്ടനെ ഏല്‍പ്പിച് ഞാന്‍ ഹോസ്റ്റലിലേക്ക് പോയി പോലീസ്‌ തിരികെ സ്റ്റേനിലെക്കും . 10 മണി ആയപ്പോഴേക്കും വിജയന്‍ ചേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു എസ്.ഐ ഉള്‍പ്പടെ പോലീസ്സുകാര്‍ എത്തി എന്ന് അറിയിച്ചു. ഞാന്‍ ഹോസ്റ്റല്‍ നിന്നും holy യുടെ അടുത്തെത്തി . വര്‍ഷങ്ങളുടെ പരിജയം എന്നവണ്ണം holy എന്നെ കണ്ടപാടെ അമി എന്ന് നീട്ടി വിളിച്ചു.

ഇതുകണ്ട എസ് ഐ എന്നോട് ചോദിച്ചു നിനക്ക് ഇയാളെ നേരത്തെ അറിയാമോ ? ആപ്പോഴേക്കും holy എന്നെ ചേര്‍ത്ത് പിടിച്ച് തന്‍റെ ചെറുവിരല്‍ കൊണ്ട് ഒരു ഷേക്ക്‌ ഹാന്‍ഡ്‌. പോലീസ് പറഞ്ഞിട്ട് കേള്‍ക്കാത്ത holy ഞാന്‍ പറഞ്ഞത് ഒരു കുട്ടിയോടെന്നപോലെ അനുസരിച്ച് തന്‍റെ ഭാണ്ടകെട്ടുകള്‍ പറക്കി എടുത്തു. കുറെ പഴയ സഞ്ചികള്‍ നിറയെ സാധങ്ങള്‍ പത്രങ്ങള്‍ അങ്ങനെ കുറേ സാധങ്ങള്‍ ഒരു ബാഗ്‌ ഞാന്‍ എടുത്തു ബാക്കി രണ്ടെണ്ണം holy യും .

ജര്‍മന്‍ ഭാഷ പഠന കേന്ദ്രത്തിലേക്കാണ് യാത്ര നടക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു ഈ ബാഗിന് അകത്തെന്താണ് holy ചിരിച്ചുകൊണ്ട് പറഞ്ഞു Sleep… for sleep . അവിടെ എത്തിയാല്‍ എനിക്ക് ഉറപ്പാണ്‌ അവര്‍ എംബസ്സി യുമായി ബന്ധപെട്ട് holy യെ തിരികെ ജെര്‍മനിയില്‍ എത്തിക്കും. ഭാഷ പഠന കേന്ദ്രത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍ ജര്‍മ്മന്‍ ഭാഷയിലുള്ള ആ ബോര്‍ഡ് holy എന്നെ വായിച്ചു കേള്‍പ്പിച്ചു. ഒരു പല്ലുമാത്രമുള്ള ആ മോണകാട്ടി ഒരു കുഞ്ഞ് എന്നപോലെ എന്നെ നോക്കി ചിരിച്ചു. holy യുടെ ആ പഴയ ഗന്ധം ഇപ്പോഴുമുണ്ട് പക്ഷെ എനിക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നില്ല.

ഞാനും holy യും അവിടുത്തെ വരാന്തയില്‍ ഇരുന്നു. കുറെ നേരം എന്തൊക്കെയോ സംസാരിച്ചു. പോകണം എന്ന് ഓര്‍മിപ്പിച്ചപ്പോള്‍ എന്റെ കൈയില്‍ ചുംബിച്ചു കൊണ്ട് holy പറഞ്ഞു. 

Thank you… thank you for helping me…I know you… are…

എന്നിട്ട് തന്‍റെ ബാഗില്‍ നിന്ന് ഒരു നോട്ടീസ് എടുത്ത് അതിനു പുറകില്‍ ജെര്‍മനിയിലെ തന്‍റെ വിലാസം എഴുതി എനിക്ക് നല്‍കി. എംബസി സഹായിച്ചു നാളെ holy യെ ബാഗ്ലൂര്‍ കൊണ്ട് പോകും അവിടെ നിന്ന് ജെര്‍മനിയിലെക്ക്... ഉറ്റവരും ഉടയവരും ആരും ഇല്ല എന്നെനിക്ക് അറിയാം എങ്കിലും സ്വന്തം നാട്ടിലെ ഏതെങ്കിലും വൃദ്ധസധനതിലോ അനാഥ മന്ദിരത്തിലോ ഇനിയുള്ള കാലം ജീവിച്ചു മരിക്കട്ടെ... 
ഡിസംബര്‍ ചിലപ്പോ ഇങ്ങനെയും ആകാം....Holyക്കും എനിക്കും

 


LATEST NEWS