വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
തിരുവനന്തപുരം: ശ്രീജിത്തിനെ സന്ദര്‍ശിച്ച് രാഷ്ട്രീയ മുതലെടുപ്പിന് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഡിവൈഎഫ്ഐക്കാരനെന്നും കൂലിത്തല്ലുകാരനെന്നും വിളിച്ചതില്‍ പ്രതികരണവുമായി ആന്ഡേഴ്സണ് എഡ്വേര്‍ഡ്. 'എന്നെ കൂലിത്തല്ലുകാരന് എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് പൊലീസ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന്' ആന്ഡേഴ്സണ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല എന്നും ആന്ഡേഴ്സണ് വ്യക്തമാക്കി.
സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയറിയിച്ച് എത്തിയപ്പോള്‍ ആന്ഡേഴ്സണ് ചോദ്യം ചെയ്തതാണ് രമേശ് ചെന്നിത്തലയെ പ്രകോപ്പിച്ചത്.
ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്ന് ചോദിച്ച ശ്രീജിത്തിന്രെ സുഹൃത്ത് കൂടിയായ ആന്‍ഡേഴ്സനോട് തട്ടിക്കയറുകയാണ് ചെന്നിത്തല ചെയ്തത്. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ അപഹാസ്യനായി മടങ്ങിയ ശേഷമാണ് ചെന്നിത്തല യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചത്.
ആന്ഡേഴ്സണ് സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണെന്ന് ഒരു മടിയുമില്ലാതെ ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. അത് നേരത്തെ കരുതിക്കൂട്ടിയെടുത്ത ഷൂട്ടിംഗ് ആയിരുന്നുവെന്നും ആന്ഡേഴ്സണ് ശ്രീജിത്തിനെ സഹായിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഭവം സര്‍ക്കാറിനെതിരെ തിരിയുമെന്നായപ്പോള്‍ സിപിഐഎം ഇറക്കിയ കൂലിത്തല്ലുകാരനാണ് ആന്ഡേഴ്സണ് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.