അര്‍ണബ് ഗോസ്വാമിക്ക് കണ്ണൂരില്‍ നിന്നും സമന്‍സ്; ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അര്‍ണബ് ഗോസ്വാമിക്ക് കണ്ണൂരില്‍ നിന്നും സമന്‍സ്; ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണം

മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ്‌ പുറപ്പെടുവിച്ചു. തന്‍റെ ചാനലിലെ ഒരു ചര്‍ച്ചയില്‍ കേരളത്തിലെ ജനങ്ങളെ അവഹേളിച്ചു എന്നതിനെതിരെയാണ് കേസ്. കേരളത്തിലുണ്ടായ മഹാപ്രളയത്തിനു ശേഷം യു.എ.ഇ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കേന്ദ്രം വേണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ കേരളത്തിലെ ജനങ്ങളെ നാണമില്ലാത്ത ജനവിഭാഗം എന്ന അര്‍ണബ് പരാമര്‍ശിച്ചിരുന്നു. ഇത് കേരള ജനതയെ മൊത്തം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ പീപ്പിൾസ് ലോ ഫൗണ്ടേഷൻ പ്രസിഡന്റ് പി. ശശി നല്‍കിയ പരാതിയിലാണ് നടപടി.

അർണബ് ജൂൺ 20ന് കോടതിയിൽ ഹാജരാകണമെന്ന് കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. ഫൗണ്ടേഷനു വേണ്ടി അഡ്വ. വി. ജയകൃഷ്ണൻ ഹാജരായി. നേരത്തെ ശശി തരൂര്‍ എം.പി നല്‍കിയ മാനനഷ്ട കേസില്‍ തിരുവനന്തപുരം ട്രയല്‍ കോടതി അര്‍ണബിന് സമന്‍സ് അയച്ചിരുന്നു. ശശി തരൂരിന്‍റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അര്‍ണബിന്‍റെ പരാമര്‍ശം. അതിനുശേഷം അര്‍ണബ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി നടപടിക്ക് സ്റ്റേ അനുവദിക്കുകയും ചെയ്തിരുന്നു.