ഏഷ്യയിലെ ആദ്യ കായിക ആയുര്‍വേദ ആശുപത്രി തൃശൂരില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏഷ്യയിലെ ആദ്യ കായിക ആയുര്‍വേദ ആശുപത്രി തൃശൂരില്‍

തൃശൂര്‍: ഏഷ്യയിലെ ആദ്യ ആയുര്‍വേദ കായിക ആശുപത്രിയും ഔഷധിയുടെ പഞ്ചകര്‍മ ചികിത്സ കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി സംസ്ഥാനത്തിനു മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന ഒന്നാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന കേരളം ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയിലൂടെ സ്‌പോര്‍ട്‌സ് ആയുര്‍വേദ രംഗത്തും പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ആയുര്‍വേദത്തിന്റെ കരുത്തില്‍ കായികതാരങ്ങള്‍ കുതിക്കുന്ന കാഴ്ച വിദൂരമാകില്ല. മികച്ച ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും സേവനവും ആധുനിക സംവിധാനങ്ങളും ഈ ആയുര്‍വേദ സ്‌പോര്‍ട്‌സ് ഹോസ്പിറ്റലിനെ മികവുറ്റതാക്കുമെന്നതില്‍ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

പല വിദേശരാജ്യങ്ങളും കായിക താരങ്ങളുടെ കഴിവിനെ ഉത്തേജിപ്പിക്കാനും പരുക്കുകളെ കൈകാര്യം ചെയ്യാനും അവരുടെ പരമ്പരാഗത രീതികള്‍ ഉപയോഗിച്ചു വരുന്നു. പക്ഷേ ഇന്ത്യയില്‍ ഇതുവരെയും നമ്മുടെ തനതായ ചികിത്സാരീതി കായികരംഗത്ത് പ്രയോജനപ്പെടുത്തിയിട്ടില്ല. പലരും പരുക്കു കാരണം കായിക രംഗത്ത് നിന്ന് പിന്‍വാങ്ങിയ സ്ഥിതി വിശേഷം വരെയുണ്ടായി. ഇതിനൊരു പരിഹാരമായാണ് സംസ്ഥാന ആയുഷ് വകുപ്പ് ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയ്ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി ശൈലജ പറഞ്ഞു.

2012ല്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ആയുര്‍വേദ കായിക ആശുപത്രി പത്ത് കോടി മുതല്‍ മുടക്കിലാണ് യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യാന്തര താരങ്ങള്‍ക്കായി അഞ്ച് സ്യൂട്ട് റൂമുകള്‍, രണ്ട് പുരുഷ വാര്‍ഡും ഒരു സ്ത്രീ വാര്‍ഡും. അന്‍പത് കിടക്കളുടെ സൗകര്യവും ആശുപത്രിയിലുണ്ട്.  


LATEST NEWS