ബാര്‍കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാര്‍കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്

കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ബാര്‍കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായി ബിജു രമേശ്. അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ തെളിവ്    നല്‍കുകയാണെങ്കില്‍ അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പൂട്ടിയ ബാറുകള്‍ തുറന്ന് നല്‍കാമെന്ന് സിപിഐഎം വാക്ക് നല്‍കിയിരുന്നതായി ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ് വാഗ്ദാനം നല്‍കിയത്.  എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു.

“സത്യം തെളിയിക്കുകയാണെങ്കില്‍ പൂട്ടിയ ബാറുകള്‍ തുറന്ന് തരാമെന്ന് അന്നത്തെ സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പറഞ്ഞതാണ്. തെളിവിന് വേണ്ടി എന്റെ ജീവനും എല്ലാം പണയപ്പെടുത്തിയാണ് ഞാന്‍ പോരാടിയത്. എല്ലാ തെളിവുകളും കൊടുത്തു. അത് ഇനി തെളിയിക്കേണ്ടത് ഇപ്പോഴിരിക്കുന്ന സര്‍ക്കാരാണ്. ഈ വിജിലന്‍സ് ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിക്കേണ്ട ബാധ്യത ഈ സര്‍ക്കാരിനാണ്. നിങ്ങള്‍ ഇത് തെളിയിക്കൂ, തെളിയിച്ചാല്‍ ഞങ്ങള്‍ അധികാരത്തില്‍ വരും. അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറന്ന് തരാം. ഇങ്ങനെയായിരുന്നു വാക്കുകള്‍”. ബിജു രമേശ് പറഞ്ഞു.

സിപിഐഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചവര്‍ മറുവശത്തുകൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും ബിജു രമേശ് പറഞ്ഞു.

 യുഡിഎഫ് ഭരണകാലത്ത് സിപിഐഎം നേതാക്കള്‍ തന്നെ സമീപിച്ചതു പോലെ ഇപ്പോള്‍ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഐഎം തയാറായാല്‍ മതിയെന്നും ബിജു രമേശ് പറഞ്ഞു.

ബിജു രമേശിന്റെ പുതിയ  വെളിപ്പെടുത്തല്‍ കോടിയേരി ഉള്‍പ്പടെയുള്ള നേതാക്കളെ സംശയത്തിന്റെ നിഴലില്‍ ആക്കുന്നതാണ്. മാണിയുടെ കേസ് ഇല്ലാതാക്കി എല്‍ഡിഎഫിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോാള്‍ തന്നെയാണ് ബിജു രമേശിന്റെ പുതിയ ആരോപണം.


LATEST NEWS